424 പവനും 2.97 കോടി രൂപയും ഭാര്യയ്ക്ക് തിരിച്ചുനൽകാൻ വിധി; ചെലവിന് പ്രതിമാസം 70,000 രൂപയും

0

തൃശൂർ: 424 പവൻ സ്വർണാഭരണങ്ങളും 2,97,85,000 രൂപയും ഭാര്യക്ക് തിരികെ നൽകണമെന്നും പ്രതിമാസം ചെലവിന് 70,000 രൂപ നൽകണമെന്നും കുടുംബകോടതി. ഭർത്താവിൽനിന്നും ഭർതൃവീട്ടുകാരിൽനിന്നും ഇവ ഭാര്യയ്ക്ക് ലഭിക്കാൻ അവകാശമുണ്ടെന്ന് ഇരിങ്ങാലക്കുട കുടുംബകോടതിയാണ് വിധിച്ചത്.

ഇരിങ്ങാലക്കുട കണ്‌ഠേശ്വരം സ്വദേശി ജനാർദനൻ നായരുടെ മകൾ ശ്രുതി ഭർത്താവ് കോഴിക്കോട് കോട്ടുളി സ്വദേശി മേപറമ്പത്ത് ഡോ. ശ്രീതു ഗോപി, ഭർതൃപിതാവ് ഗോപി, മാതാവ് മല്ലിക, സഹോദരൻ ശ്രുതി ഗോപി, സഹോദരഭാര്യ ശ്രീദേവി എന്നിവർക്കെതിരേ ഇരിങ്ങാലക്കുട കുടുംബകോടതിയിൽ നൽകിയ ഹർജിയിലാണ് ജഡ്ജി എസ്.എസ്. സീനയുടെ ഉത്തരവ്. ഭർത്താവ് പഠന ചെലവിനും വീടും വാഹനവും വാങ്ങുന്നതിനും ഭാര്യവീട്ടിൽ നിന്ന് കൈപ്പറ്റിയ തുക അടക്കമാണ് 2,97,85,000 രൂപ തിരികെ നൽകാൻ കോടതി ഉത്തരവിട്ടത്.

2012 മേയ് 11നായിരുന്നു ശ്രുതിയും ഡോ. ശ്രീതു ഗോപിയും തമ്മിലുള്ള വിവാഹം. 2014ൽ മകൻ ജനിച്ചു. വിവാഹം നിശ്ചയം കഴിഞ്ഞതുമുതൽ ഭർതൃവീട്ടുകാർ പണം ആവശ്യപ്പെടുക പതിവായിരുന്നെന്നും എൻ ആർ ഐ ക്വാട്ടയിൽ തൃശൂർ മെഡിക്കൽ കോളജിൽ എം ഡി കോഴ്‌സിനുവേണ്ടി 1.11 കോടി രൂപ ഭാര്യവീട്ടുകാരോട് ചോദിച്ചു വാങ്ങിയെന്നും പിന്നീട് കല്യാണ ചെലവിലേക്കും വീട് വെയ്ക്കുന്നതിനും വാഹനം വാങ്ങുന്നതിനും കോടിക്കണക്കിന് രൂപ കൈപ്പറ്റിയെന്നും ശ്രുതി കോടതിയെ ബോധിപ്പിച്ചു.

വിവാഹശേഷം ഭർത്താവിൽനിന്നും വീട്ടുകാരിൽനിന്നും കടുത്ത ശാരീരിക മാനസിക പീഡനങ്ങൾ ഉണ്ടായെന്നും കാണിച്ചാണ് ശ്രുതി ഇരിങ്ങാലക്കുട കുടുംബ കോടതിയെ സമീപിച്ചത്. വിചാരണസമയത്ത് കോടതിയിൽ ഹാജരാക്കിയ തെളിവുകളുടെയും സാക്ഷിമൊഴിയുടെയും അടിസ്ഥാനത്തിലാണ് ശ്രുതിയ്ക്ക് അനുകൂലമായി കുടുംബ കോടതി വിധി പ്രഖ്യാപിച്ചത്. മകന്റെ സ്ഥിരം കസ്റ്റഡി ആവശ്യപ്പെട്ട് ഡോ. ശ്രീതു ഗോപി സമർപ്പിച്ച ഹർജി കോടതി തള്ളി ഉത്തരവായി. ഹർജിക്കാരിക്ക് വേണ്ടി അഡ്വക്കേറ്റുമാരായ ബെന്നി എം കാളൻ, എ സി മോഹനകൃഷ്ണൻ, കെ എം ഷുക്കൂർ എന്നിവർ ഹാജരായി.