ദുബൈ: ഇന്ത്യക്കാര്‍ ജോലിചെയ്യുന്ന എണ്ണക്കപ്പല്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി. 23 ഇന്ത്യക്കാരുള്ള 'അബൂദബി സ്റ്റാര്‍' എന്ന കപ്പലാണ് ചൊവ്വാഴ്ച രാത്രി നൈജീരിയന്‍ തീരത്തുവെച്ച് റാഞ്ചിയത്. എന്നാല്‍, ബുധനാഴ്ച ഉച്ചയോടെ കപ്പല്‍ മോചിപ്പിച്ചതായി നൈജീരിയന്‍ നാവികസേന അറിയിച്ചു.
സിംഗപ്പൂരില്‍ രജിസ്റ്റര്‍ചെയ്ത, ദുബൈയില്‍ ഓഫിസുള്ള കമ്പനിയുടേതാണ് കപ്പല്‍. സിംഗപ്പൂര്‍ പതാകയുള്ള കപ്പല്‍ തെക്കുപടിഞ്ഞാറന്‍ നൈജീരിയയിലെ പ്രമുഖ വാണിജ്യ കേന്ദ്രമായ ലാഗോസിലെ തീരത്തു വെച്ചാണ് കൊള്ളക്കാര്‍ റാഞ്ചിയത്. ഇതിലെ 23 ജീവനക്കാരും ഇന്ത്യക്കാരാണ്. ബോണി തുറമുഖത്തുനിന്ന് ഗ്യാസോലിനുമായി അമേരിക്കയിലേക്ക് പോകുമ്പോള്‍, ലാഗോസ് തുറമുഖ പ്രവേശകവാടത്തില്‍നിന്ന് ഏതാണ്ട് 14 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചാണ് സംഭവം. ആയുധധാരികളായ കൊള്ളക്കാര്‍ കപ്പലില്‍ പ്രവേശിച്ചതോടെ ജീവനക്കാരെല്ലാം ഒരു കാബിനില്‍ കയറി വാതിലടച്ചു. ഇത് തുറക്കാന്‍ കൊള്ളക്കാര്‍ ശ്രമിച്ചെങ്കിലും സാധിക്കാത്തതിനാല്‍ തല്ക്കാലം ശ്രമം ഉപേക്ഷിക്കുകയും കപ്പലിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു. ഈ സമയം കപ്പല്‍ ജീവനക്കാര്‍ അയച്ച അപകട സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് നൈജീരിയന്‍ നാവികസേനയെത്തി കപ്പല്‍ മോചിപ്പിക്കുകയായിരുന്നു. നാവികസേന എത്തിയതോടെ കൊള്ളക്കാര്‍ കപ്പലില്‍നിന്ന് രക്ഷപ്പെട്ടെന്നും കപ്പല്‍ മോചിപ്പിച്ചെന്നും ബി.ബി.സിയോട് പറഞ്ഞ സൈനിക വക്താവ് കബീര്‍ അലി, ജീവനക്കാര്‍ സുരക്ഷിതരാണെന്ന് വ്യക്തമാക്കി. കപ്പല്‍ ഇപ്പോള്‍ ലാഗോസ് തുറമുഖത്താണുള്ളത്.