സിംഗപ്പൂര്‍: വേള്‍ഡ് മലയാളി കൌണ്‍സിലിന്റെയും ഉദയാ ലൈബ്രറിയുടെയും സഹകരണത്തോടെ ജുറോംഗ് ഗ്രീന്‍ കമ്മ്യൂണിറ്റി സംഘടിപ്പിക്കുന്ന ഓണാഘോഷം സെപ്റ്റംബര്‍ 23 ഞായറാഴ്ച ജുറോംഗ് ലേക്ക് പാര്‍ക്കില്‍ നടക്കുന്നു.
ആയിരം അടി വിസ്തൃതിയില്‍ ഒരുക്കുന്ന പൂക്കളമാണ് പരിപാടിയുടെ ഏറ്റവും വലിയ ആകര്‍ഷണം. ആയിരത്തി അഞ്ഞൂറു കിലോ പൂക്കള്‍കൊണ്ട് നൂറോളം പേര്‍ ചേര്‍ന്ന് രണ്ട് മണിക്കൂറില്‍ തീര്‍ക്കുന്ന പൂക്കളം സിംഗപ്പൂര്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടും.
സിംഗപ്പൂരിലെ വിവിധ മലയാളി അസോസിയേഷന്‍സും മലയാളി കൂട്ടായ്മകളും ഒന്നുചേരുന്ന, വള്ളംകളിയുടെ ആവേശം വിരിയുന്ന ഏക ഓണാഘോഷവും ഇതാണ്.
വനിതകളുടെ അടക്കം 29 ടീമുകളാണ് ഇത്തവണ വള്ളം കളിയില്‍ മാറ്റുരയ്ക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളേക്കാള്‍ ആവേശത്തോടെയാണ് കൂടുതല്‍ ടീമുകള്‍ പങ്കെടുക്കുന്നതെന്ന് സംഘാടകര്‍ പ്രവാസി എക്സ്പ്രസ്സിനോടു പറഞ്ഞു. പല ടീമുകളും ദിവസങ്ങളായി പരിശീലനം നടത്തുന്നതും വള്ളംകളിയുടെ ആവേശം കൂട്ടുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.
അതിശയമാകുന്ന അത്തപ്പൂക്കളത്തിന്‍റെ ആവേശം ടീമുകളിലും കാണാനുണ്ട്. നിറയെ പ്രത്യേകതകളോടെയാണ് വള്ളംകളിയുടെ തയ്യാറെടുപ്പുകള്‍ നടക്കുന്നത്. 15 ഇനങ്ങളുള്ള വള്ളസദ്യ പരിപാടികള്‍ക്ക് മാധുര്യമുള്ളതാക്കും. വള്ളസദ്യയുടെ ടിക്കറ്റ് എല്ലാവരിലും എത്തിക്കാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഒരു സംഘടനയുടെ ഓണത്തേക്കാള്‍ ഒരു പ്രദേശത്തിന്‍റെ ഓണാഘോഷ ലഹരിയാണ് വള്ളംകളിയോടെ സിംഗപ്പൂര്‍ മലയാളികളില്‍ എത്തുന്നത്. ഒരു ഉത്സവം കാണാന്‍ പോകാന്‍ കൊതിക്കുന്ന പ്രവാസിയുടെ സ്വപ്നങ്ങള്‍ക്ക് ചിറകേകിയാണ് സിംഗപ്പൂര്‍ മലയാളികള്‍ക്കായി വള്ളംകളിയും വലിയ പൂക്കളവും ഒരുങ്ങുന്നത്.
രാവിലെ പതിനൊന്നു മണിക്ക് ആരംഭിക്കുന്ന പരിപാടികള്‍ വൈകുന്നേരം അഞ്ചുമണിയോടെഅവസാനിക്കും. ഉറിയടി പരിപാടിക്ക് ആവേശം നല്‍കുമ്പോള്‍ താളമൊരുക്കാന്‍ സിംഗപ്പൂരിലെ വിവിധ ചെണ്ടവാദ്യ ഗ്രൂപ്പുകള്‍ ഉണ്ടാവും, ഇതില്‍ സ്ത്രീകളുടെ ശിങ്കാരിമേളവും ഓണാഘോഷത്തിനു കൊഴുപ്പേകും.
വള്ളംകളിയില്‍ പങ്കെടുക്കുന്ന ടീമുകള്‍:
പുരുഷന്മാരുടെ വിഭാഗം:
സ്ത്രീകളുടെ വിഭാഗം:
Venue :
Jurong Water Venture, nearest MRT is Lakeside