പാമൊലിന്‍ അഴിമതി: സിംഗപ്പൂര്‍ കമ്പനി ഡയറക്ടര്‍ക്ക് അറസ്റ്റ് വാറണ്ട്

0

തൃശൂര്‍: പാമൊലിന്‍ അഴിമതിക്കേസില്‍ തുടര്‍ച്ചയായി കോടതിയില്‍ ഹാജരാവാത്ത മലേഷ്യന്‍ കമ്പനി ഡയറക്ടര്‍ക്ക് അറസ്റ്റ് വാറണ്ട്. പാമൊലിന്‍ ഇറക്കുമതി ചെയ്ത സിംഗപ്പൂരിലെ സിംഗപ്പുര്‍ പവര്‍ ആന്‍ഡ് എനര്‍ജി കോര്‍പറേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ ശിവരാമകൃഷ്ണനെതിരെയാണ് തൃശൂര്‍ വിജിലിന്‍സ് ജഡ്ജി വി ഭാസ്കരന്‍ വാറണ്ട് പുറപ്പെടുവിച്ചത്. മറ്റു പ്രതികളുടെ വിടുതല്‍ ഹര്‍ജിയിലെ വാദംകേള്‍ക്കല്‍ നവംബര്‍ ഏഴിലേക്ക് മാറ്റി. പാമൊലിന്‍ കേസില്‍ പ്രതിയായ ശിവരാമകൃഷ്ണന്‍ സിംഗപ്പൂരിലായതിനാല്‍ അറസ്റ്റ് ചെയ്യാനായില്ലെന്നാണ് വിജിലന്‍സ് എസ് പി വി എന്‍ ശശിധരന്‍ കോടതിയില്‍ ബോധിപ്പിച്ചത്. അഭിഭാഷകനും ഹാജരായില്ല. തുടര്‍ന്നാണ് അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ ഉത്തരവായത്. മറ്റൊരു ഡയറക്ടര്‍ സദാശിവനുവേണ്ടി അഭിഭാഷകന്‍ ഹാജരായിരുന്നു. പാമൊലിന്‍ ഇറക്കുമതി കാലത്തെ ധനമന്ത്രിയായ ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനാലാണ് മറ്റു പ്രതികള്‍ വിടുതല്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കിയ റിപ്പോര്‍ട്ട് തള്ളിക്കളയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. മുന്‍ മന്ത്രി ടി എച്ച് മുസ്തഫ, മുന്‍ അഡീഷ്ണല്‍ ചീഫ് സെക്രട്ടറി എസ് പത്മകുമാര്‍, മുന്‍ ഭക്ഷ്യ-സിവില്‍ സപ്ലൈസ് സെക്രട്ടറി സഖറിയ മാത്യു, മുന്‍ സിവില്‍ സപ്ലൈസ് എം ഡി ജിജി തോംസണ്‍, സിംഗപ്പൂര്‍ പവര്‍ ആന്‍ഡ് എനര്‍ജി കോര്‍പറേഷന്‍ ഡയറക്ടര്‍മാര്‍മാരായ സദാശിവന്‍, ശിവരാമകൃഷ്ണന്‍, മുന്‍ സിവില്‍ സപ്ലൈസ് സെക്രട്ടറി പി ജെ തോംസണ്‍ എന്നിവരാണ് രണ്ടുമുതല്‍ എട്ടുവരെ പ്രതികള്‍. ഒന്നാം പ്രതി കെ കരുണാകരനെ മരണത്തെത്തുടര്‍ന്ന് ഒഴിവാക്കിയിരുന്നു. 1991ല്‍ കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ സിംഗപ്പൂരില്‍ നിന്ന് 15,000 മെട്രിക് ടണ്‍ പാമൊലിന്‍ ഇറക്കുമതിയില്‍ 2.32 കോടി രൂപയുടെ നഷ്ടം ഖജനാവിന് ഉണ്ടാക്കിയെന്നാണ് കേസ്.