തിലകന്‍ അനുസ്മരണം

0

ബുഗിസ്: അന്തരിച്ച നടന്‍ തിലകന് സിംഗപ്പൂര്‍ കൊളിസിയത്തിന്‍റെ അനുസ്മരണം. ഇന്നലെ വൈകിട്ട് 5:30 ന് ബുഗിസ് ഷോ തീയറ്ററില്‍ സംഘടിപ്പിച്ച അനുസ്മരണ യോഗത്തില്‍ ശ്രീ.ഡോള്ള, ശ്രീ.ടി.എം.അജിത്‌ കുമാര്‍, ശ്രീ.പനയം ലിജു എന്നിവര്‍ അനുസ്മരണ പ്രസംഗങ്ങള്‍ നിര്‍വ്വഹിച്ചു. കഴിഞ്ഞ 33 വര്‍ഷങ്ങളായി ഇരുനൂറില്‍ അധികം വേഷങ്ങളിലൂടെ നമ്മെ വിസ്മയിപ്പിച്ച അതുല്യ അഭിനയ പ്രതിഭയായിരുന്നു ശ്രീ.തിലകന്‍ എന്നും അദ്ദേഹത്തിന്‍റെ വിയോഗം മലയാള സിനിമയ്ക്ക് മാത്രമല്ല, തെന്നിന്ത്യന്‍ ചലച്ചിത്ര ലോകത്തിനു തന്നെ തീരാനഷ്ടമാണെന്ന് പനയം ലിജു പറഞ്ഞു.

നാടക വേദികളിലൂടെ ലഭിച്ച അഭിനയത്തിന്‍റെ നല്ല പാഠങ്ങള്‍ ഉള്‍ക്കൊണ്ടുള്ള അഭിനയ പാടവം സിനിമയില്‍ അദ്ദേഹം ചെയ്ത കഥാപാത്രങ്ങളിലൂടെ നമുക്കറിയുവാന്‍ സാധിച്ചിട്ടുള്ളത് സിംഗപ്പൂര്‍ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്‍റ് ശ്രീ.ഡോള്ള അനുസ്മരിച്ചു.

ഒരു ചെറിയ ഇടവേളയ്ക്കു ശേഷം സിനിമയിലേക്ക് തിരിച്ചുവന്ന തിലകന്‍റെ രണ്ടാം വരവ് നല്‍കിയത് നമ്മെ അത്ഭുതപ്പെടുത്തുന്ന വിധത്തില്‍ നായക കഥാപാത്രങ്ങളെ പോലും നിഷ്പ്രഭമാക്കുന്ന പ്രകടനമായിരുന്നെന്നും പകരം വയ്ക്കാന്‍ ആളില്ലാതെ തന്‍റെ സിംഹാസനം ഒഴിച്ചിട്ടിട്ടാണ് അദ്ദേഹം കടന്നു പോയതെന്നും  അദ്ദേഹത്തിന്‍റെ വിയോഗത്തില്‍ സിംഗപ്പൂര്‍ കൊളിസിയതിന്‍റെ അഗാധമായ അനുശോചനം അറിയിക്കുന്നതായും  ശ്രീ.ടി.എം.അജിത്കുമാര്‍ പറയുകയുണ്ടായി.

രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം സിംഗപ്പൂരില്‍ വരുന്ന മമ്മൂട്ടി ചിത്രം ‘താപ്പാന’ യുടെ റിലീസ് വേളയിലാണ് തിലകന്‍ അനുസ്മരണം സംഘടിപ്പിച്ചത്.

വിവിധ മലയാളി സംഘടനാ പ്രതിനിധികളും സിംഗപ്പൂര്‍ മമ്മൂട്ടി ഫാന്‍സ്‌ ക്ലബ് അംഗങ്ങളും നിരവധി സിനിമാ സ്നേഹികളും അനുസ്മരണ യോഗത്തില്‍ പങ്കെടുത്തു.