സിംഗപ്പൂരില്‍ മമ്മൂട്ടിയുടെ ജന്മദിനം ആഘോഷിച്ചു

0

സിംഗപ്പൂര്‍ : സിംഗപ്പൂരില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ജന്മദിനം പൂര്‍വാധികം ഭംഗിയോടെ ആഘോഷിച്ചു.താപ്പാനയുടെ സിംഗപ്പൂര്‍ റിലീസിങ്ങിനോടനുബന്ധിച്ച് നടന്ന കേക്ക് മുറിക്കല്‍ ചടങ്ങില്‍ സിംഗപ്പൂരിന്‍റെ നാനാഭാഗങ്ങളിലുള്ള ആരാധകര്‍ പങ്കെടുത്തു.സിംഗപ്പൂര്‍ കൊളിസിയവും സിംഗപ്പൂര്‍ മമ്മൂട്ടി ഫാന്‍സ്‌ അസോസിയേഷനും സംയുകത്മായി സംഘടിപ്പിച്ച ചടങ്ങ് മലയാളത്തിന്‍റെ ഭാവപുരുഷനുള്ള സിംഗപ്പൂര്‍ മലയാളികളുടെ അംഗീകാരമായി മാറി.ജന്മദിനാഘോഷത്തോടനുബന്ധിച്ച് നടന്ന കേക്ക് മുറിക്കല്‍ ചടങ്ങിനു സിംഗപ്പൂര്‍ മമ്മൂട്ടി ഫാന്‍സ്‌ അസോസിയേഷന്‍ ഭാരവാഹികളായ ശ്രീ.ജോണ്‍ ലെനില്‍ (പ്രസിഡന്റ്‌ ),ശ്രീ .അനിഴം അജി (വൈസ് പ്രസിഡന്റ്‌ ),ശ്രീ.ബേസില്‍ ബേബി (ജനറല്‍ സെക്രട്ടറി ),ശ്രീ .സോണി (ജോയിന്റ്‌ സെക്രെട്ടറി ) എന്നിവരോടൊപ്പം ശ്രീ.ഡോള (സിംഗപ്പൂര്‍ മലയാളീ അസോസിയേഷന്‍ മുന്‍ പ്രസിഡന്റ്‌ ),ശ്രീ.ടി.എം അജിത്‌കുമാര്‍ (സിംഗപ്പൂര്‍ കൊളിസിയം ) എന്നിവര്‍ സന്നിഹിതരായിരുന്നു .രണ്ടു വര്‍ഷത്തിനു ശേഷമാണു മമ്മൂട്ടിയുടെ സിനിമ സിംഗപ്പൂരില്‍ റിലീസ്‌ ചെയ്യുന്നത്കൊണ്ട് തന്നെ ആരാധകര്‍ ആവേശത്തിലായിരുന്നു .

ഇതിനകം 375 ലധികം ചിത്രങ്ങളില്‍ അഭിനയിച്ച മമ്മുട്ടിക്ക് 3 ദേശീയ അവാര്‍ഡും, അഞ്ച് സംസ്ഥാന അവാര്‍ഡും ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 1971 ല്‍ തീയേറ്ററുകളിലെത്തിയ അനുഭവങ്ങള്‍ പാളിച്ചകളാണ് മമ്മുട്ടിയുടെ ആദ്യ ചിത്രം. മലയാളം കൂടാതെ തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക്, ഇംഗഌഷ് ഭാഷകളിലായി 25 ഓളം ചിത്രങ്ങളിലുമഭിനയിച്ചു.

സിനിമയോടുള്ള ആ കലാകാരന്‍റെ  ആവേശവും പ്രതിബദ്ധതയും തിരിച്ചറിയാന്‍  മമ്മൂക്ക  പറഞ്ഞിട്ടുള്ള ആ പ്രസിദ്ധമായ വാക്കുകള്‍  ഓര്‍ത്താല്‍ മതി  .ഒരു പക്ഷെ മലയാള സിനിമയിലെ പല യുവതാരങ്ങളും എല്ലാ ദിവസവും ഒരു മന്ത്രം പോലെ ഉരുവിടെണ്ട വാചകം " സിനിമയ്ക്കു നമ്മളെ കൊണ്ട് ഒരാവശ്യവുമില്ല ,നമ്മള്‍ക്കാണ് സിനിമയെ കൊണ്ടാവശ്യം " .

മഹാമേരു പോലെ മലയാള സിനിമയെ താങ്ങിനിര്‍ത്തുന്ന  നെടും തൂണുകളില്‍  ഒന്നായി നിലനില്‍ക്കുബോഴും  സ്ഥാനത്തിന്റെയും  പദവിയുടെയും ഒക്കെ നൈമിഷികതയെ തിരിച്ചറിയുന്ന ആ മഹാ കലാകാരന്റെ വാക്കുകള്‍ നമുക്കൊക്കെ പ്രചോദനമാകട്ടെയെന്നു ശ്രീ .ജോണ്‍ ലെനിന്‍ പറഞ്ഞു .

സിനിമയില്‍  എത്തി മുപ്പത്തിമൂന്നു വര്‍ഷങ്ങള്‍  കഴിഞ്ഞിട്ടും (അനുഭവങ്ങള്‍  പാളിച്ചകള്‍  കൂട്ടാതെ ) ഇന്നും മമ്മൂക്കയില്‍  വല്ലാത്തത്വരയാണ്.കഥാപാത്രങ്ങളെ തേടി പിടിക്കാന്‍  ഈ നടന്‍  കാട്ടുന്ന ആവേശം , കഠിനാധ്വാനം , പുതുമ തേടി അലയുന്ന മനസ്സ് .നമ്മുടെ യുവതാരങ്ങളില്‍  പോലും അന്യമാണ് ഇതൊക്കെയെന്നു ശ്രീ ബേസില്‍ ബേബി പറയുകയുണ്ടായി .

 
 
തന്‍റെ  പാത എന്തെന്ന് കൃത്യമായ ബോധത്തോടെ ,അവിടെ മുന്നേറുവാന്‍  നടത്തേണ്ട നീക്കങ്ങളെ മുന്‍കൂട്ടി കണ്ടു ,തനിക്കുണ്ടെന്ന് പറയപ്പെടുന്ന പോരായ്മകളെ പോലും തന്‍റെ  മിടുക്കാക്കി മാറ്റി മുന്നേറി പടവെട്ടി ഇക്ക നേടിയതാണ് ഈ സ്ഥാനം എന്ന് ശ്രീ സോണിയും പറഞ്ഞു .

 
അഭിനയത്തിന്‍റെ നവവസന്തം മലയാളിക്കു മുന്നില്‍ തുറന്നിട്ട മമ്മൂട്ടിയെന്ന നടന് ഒപ്പം നില്‍ക്കാന്‍ തലയെടുപ്പുള്ളവര്‍ ഒരു പക്ഷേ ഇന്ത്യന്‍ സിനിമയില്‍ തന്നെ വിരളമാണ്. നേട്ടത്തിന്‍റെ ഗിരിശൃംഖങ്ങളില്‍ വിരാജിക്കുന്പോഴും ഇന്നും സാധാരണക്കാരില്‍ സാധാരണക്കാരനായി തുടരുന്നു എന്നതാണ് മമ്മൂട്ടിയുടെ പ്രത്യേകത. തനിക്കൊപ്പം മലയാള സിനിമയെയും കൈപിടിച്ചുയര്‍ത്തിയ മമ്മൂട്ടി വെള്ളിത്തിരയില്‍ പകര്‍ന്നാടാത്ത വേഷങ്ങളില്ല.
ഓരോ കഥാപാത്രത്തെയും ആവേശത്തോടെ സ്വീകരിക്കുന്ന വെല്ലുവിളികളെ പ്രണയിക്കുന്ന മമ്മൂട്ടി ഇന്നും മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി തുടരുന്നതിനുള്ള കാരണം വളരെ ലളിതമാണ് – പൂര്‍ണ്ണതയുടെ പര്യായമായ അര്‍പ്പണ മനോഭാവം. പുതിയ വേഷങ്ങള്‍ തേടിയുള്ള യാത്ര തുടരുന്ന മമ്മൂട്ടി പുതയൊരു റോളില്‍ കൂടി രംഗതെത്തുകയാണ്. ഒരു നിര്‍മ്മാതാവെന്ന നിലയില്‍. അതു തന്നെയാണ് ഇത്തവണത്തെ പിറന്നാളിന് ഇരട്ടി മധുരമേകുന്ന ഘടകവും.മലയാളിയുടെ സ്വകാര്യ അഹങ്കാരമായ മഹാനടന് പ്രവാസി എക്സ്പ്രസ്സിന്റെയും പിറന്നാള്‍ ആശംസകള്‍.