വളരെ ആകസ്മികമായാണ് പ്രദീപ് രാജ് തിരോധാനം പ്രവാസി എക്സ്പ്രസിന്റെ ശ്രദ്ധയില്‍പ്പെടുന്നത്.കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി ഞങ്ങള്‍ ആക്ഷന്‍ കൌണ്‍സില്‍ അംഗങ്ങളെ ബന്ധപ്പെട്ടപ്പോള്‍ ലഭിച്ച വിവരങ്ങള്‍ വളരെ വേദനാജനകമായിരുന്നു.എം വി എല്‍ടാനിന്‍ എന്ന സിങ്കപ്പൂര്‍ കപ്പലില്‍ നിന്ന് പ്രദീപ് രാജിനെ കാണാതായിട്ട് നാല് വര്‍ഷം തികയുന്നു.ഈ സംഭവത്തില്‍ സിംഗപ്പൂരില്‍ നിന്നുള്ള ഒരു മലയാളീ സംഘടനകള്‍ ഇതുവരെ യാതൊരു സഹായവും ചെയ്തിട്ടില്ലെന്നും ,ഒരുപക്ഷെ ഈ വിഷയത്തില്‍ സിംഗപ്പൂരില്‍ നിന്ന് കൂടുതല്‍ എളുപ്പത്തില്‍ ഇടപെടാന്‍ കഴിയും എന്നും ആക്ഷന്‍ കൌണ്‍സില്‍ അംഗങ്ങള്‍ പറയുന്നു.
കൂഡ്ലു പാറക്കട്ട അയ്യപ്പ ഭജനമന്ദിരം റോഡിലെ ശാസ്താനഗറിലെ അനശ്വരയിലെ പ്രദീപ് രാജി(28)നെ കപ്പല്‍ ജോലിക്കിടയില്‍ കാണാതായിട്ട് നാല് വര്‍ഷം കഴിയുകയാണ്. പ്രദീപിന്റെ വീട്ടില്‍ ഇപ്പോള്‍ ആരവങ്ങളില്ല. ഓണവും വിഷുവും എത്രയോ കഴിഞ്ഞു. ഇവര്‍ക്ക് ആഘോഷങ്ങളില്ല. കാല് വളരുന്നതും കൈ വളരുന്നതും നോക്കി വലുതാക്കിയ ഏക മകന് തങ്ങള്‍ക്കൊപ്പമില്ലെന്ന സത്യം ഇവര്‍ക്കെന്നല്ല, പ്രദീപ് രാജിന്റെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ഉള്‍ക്കൊള്ളാനാവുന്നില്ല.
2008 ഒക്ടോബര്‍ 13നാണ് പ്രദീപ് രാജ് നാട്ടില്‍ നിന്ന് ജോലിക്കായി മുംബൈയിലേക്ക് പോയത്. 22ന് മുംബൈയില്‍ നിന്ന് വിമാനമാര്‍ഗം സ്പെയിനിലെത്തി. 24ന് കപ്പലില്‍ ജോലിക്ക് കയറുകയായിരുന്നു. 2009 ഏപ്രില്‍ 24ന് രാവിലെയാണ് പ്രദീപ് രാജ് അവസാനമായി വീട്ടിലേക്ക് ഫോണ്‍ വിളിച്ചതെന്ന് നാഗേഷ് ചെട്ടിയാര്‍ പറഞ്ഞു. പിന്നീടാണ് തിരോധാനം. കേന്ദ്ര മന്ത്രിമാര്‍, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നുവേണ്ട എല്ലാവരെയും കണ്ട് മടുത്തു. മുട്ടാത്ത വാതിലുകളില്ല. ഇപ്പോള്‍ അവരുടെ പ്രതീക്ഷ ആക്ഷന്‍കമ്മിറ്റിയിലാണ്. എം.വി. എന്‍ടാനില്‍ എന്ന സിങ്കപ്പൂര്‍ ചരക്ക് കപ്പലില്‍ ഓയിലറായി ജോലി ചെയ്യുന്നതിനിടയിലാണ് പ്രദീപ് രാജിന്റെ തിരോധാനം. പ്രദീപ് രാജിനെ കാണാതായി എന്ന് കപ്പല്‍ അധികൃതര്‍ ഏപ്രില്‍ 30ന് അയച്ച സന്ദേശം മെയ് 1ന് കിട്ടിയതായും 2ന് കിട്ടിയ മറ്റൊരു സന്ദേശത്തില്‍ തിരച്ചില്‍ നടത്തി കണ്ടെത്തിയില്ലെന്നും കപ്പല്‍ യാത്ര തുടരുകയാണെന്നും അറിയിച്ചുവെന്ന് നാഗേഷ് ചെട്ടിയാര്‍ പറഞ്ഞു.
പ്രദീപ് രാജ് ഉള്‍പ്പെടെ 22പേര് ഉണ്ടായിരുന്നു കപ്പലില്‍. ഇതില്‍ 13 പേര് ഇന്ത്യക്കാരാണ്. പ്രദീപ് രാജിനെ കാണാതായതിനെതുടര്‍ന്ന് കാലാവധി കഴിയും മുന്‍പ് കര്‍ണാടകയിലെയും നാഗ്പൂരിലെയും രണ്ടുപേര്‍ രാജിവെച്ച് ഇറങ്ങിയിരുന്നു. തിരോധാനത്തെക്കുറിച്ച് കപ്പല്‍ അധികൃതര്‍ വ്യക്തമായ രേഖകള്‍ കപ്പലില്‍ രേഖപ്പെടുത്താതെ മകന് സുഖമില്ലായിരുന്നുവെന്ന് പറഞ്ഞതും രണ്ടുപേര്‍ രാജിവെച്ചതുമൊക്കെ ചേര്ത്തുവെക്കുന്പോള് എന്തൊക്കെയോ ദൂരൂഹത കെട്ടുപിണഞ്ഞിരിക്കുകയാണെന്ന് നാഗേഷ് ചെട്ടിയാറും ബന്ധുക്കളും ആക്ഷന്‍കമ്മിറ്റി ജനറല്‍ സെക്രട്ടറി വിജയലക്ഷ്മി കടന്പന്‍ചാലും പറഞ്ഞു.
ഹൈക്കോടതിയില്‍ റിട്ട് ഹരജി നല്‍കിയെങ്കിലും 'കടലിലെ വിഷയം' ആയതിനാല്‍ കോടതി പരിധിയില്‍ വരില്ലെന്ന നിഗമനത്തിലെത്തുകയായിരുന്നു. പ്രദീപ് രാജിന്റെ തിരോധാനം എന്‍.ഐ.എയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് ഒരു സമരം നടന്നുകഴിഞ്ഞു.
ഏകദേശം 600-ലധികം പേര് പങ്കെടുത്ത കലക്ട്രേറ്റ് മാര്‍ച്ച് കഴിഞ്ഞദിവസം നടക്കുകയുണ്ടായി.സിംഗപ്പൂര്‍ കോടതിയില്‍ ഈ വിഷയം എത്തിക്കാന്‍ കഴിഞ്ഞാല്‍ നിര്‍ദിഷ്ട കമ്പനിക്ക് കോടതിയില്‍ ഹാജരാകേണ്ടി വരുമെന്നും തന്മൂലം കൂടുതല്‍ വിവരങ്ങള്‍ പുറത്തുകൊണ്ടു വരാനാകുമെന്നും അവര്‍ പ്രവാസി എക്സ്പ്രസിനോട് പറഞ്ഞു.സിംഗപ്പൂരിലെ മലയാളി സംഘടനകളുടെ സഹായം ഉണ്ടായാല്‍ ഒരുപക്ഷെ പ്രദീപിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകാന്‍ സഹായകരമാകും എന്നാണ് ആക്ഷന്‍ കമ്മിറ്റി പ്രതീക്ഷിക്കുന്നത്.