സിംഗപ്പൂര്‍ : തുടര്‍ച്ചയായി മൂന്നാം തവണയും നെഹ്റു കപ്പ് നേടിയ ആത്മവിശ്വാസത്തോടെ ഇന്ത്യന്‍ ഫുട്ബോള്‍ ടീം ഒക്ടോബര്‍ പതിനാറിന് സിങ്കപ്പൂര്‍ ദേശീയ ടീമിനെ നേരിടും. ഒക്ടോബര്‍ പതിനാറു, ചൊവാഴ്ച, സിംഗപ്പൂര്‍ സമയം വൈകുന്നേരം 7 :45 മുതല്‍ ചോ ചു കാന്ഗ് സ്റേഡിയത്തില്‍ ആണ് മത്സരം. ഇതില്‍ പങ്കെടുക്കാനായി ഇന്ത്യന്‍ ടീം ശനിയാഴ്ച സിംഗപ്പൂരിലേക്ക് തിരിക്കും.
ഫിഫ ലോകറാങ്കിങ്ങില്‍ യഥാക്രമം 162 ഉം 168 ഉം സ്ഥാനങ്ങളില്‍ നില്ക്കുന്ന സിംഗപ്പൂരും ഇന്ത്യയും ഏറ്റവും ഒടുവില്‍ ഏറ്റുമുട്ടിയത് 2004 ലില്‍ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിലായിരുന്നു. അന്ന് സിംഗപ്പൂര്‍ 2-0 എന്ന സ്കോറില്‍ വിജയിച്ചിരുന്നു. എന്നാല്‍ നെഹ്റു കപ്പ് വിജയത്തിന്റെ ആത്മവിശ്വാസത്തോടെ ഇറങ്ങുന്ന ഇന്ത്യന്‍ നിര സിംഗപ്പൂര്‍ ടീമിന് വെല്ലുവിളി ഉയര്‍ത്തിയേക്കും എന്നാണ് കരുതപ്പെടുന്നത്.
അന്താരാഷ്ട്ര ഫുട്ബോളില്‍ കൂടുതല്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ച വെക്കുവാനും സ്വയം വിലയിരുത്തുവാനും ഇത്തരം സൌഹൃദമത്സരങ്ങള്‍ സഹായിക്കുമെന്ന് ഡല്‍ഹിയില്‍ പത്രലേഖകരോട് സംസാരിക്കവേ ഇന്ത്യന്‍ കോച് കൊവേര്മാന് പ്രത്യാശ പ്രകടിപ്പിച്ചു. നെഹ്റുകപ്പിലെ പ്രകടനം നിലനിര്‍ത്തുവാന്‍ ഉള്ള പരിശ്രമം നടത്തും എന്ന് ക്യാപ്ടന് സുനി ചെത്രി കൂട്ടിച്ചേര്‍ത്തു.
4000 പേരെ ഉള്‍കൊള്ളാന്‍ കഴിയുന്ന സ്റേഡിയത്തിലേക്ക് മത്സരം കാണാന്‍ സിംഗപ്പൂരിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും ഉള്ള ഫുട്ബോള്‍ പ്രേമികള്‍ ഒഴുകിയെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. വൈകുന്നേരം അഞ്ചു മണി മുതല്‍ സ്റേഡിയാതിലേക്ക് പ്രവേശനം അനുവദിക്കും. പത്തു ഡോളര്‍ ആണ് ടിക്കറ്റ് വില. മുതിര്‍ന്നവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ടിക്കറ്റ് വിലയില്‍ ഇളവുകള്‍ ഉണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കായി സിംഗപ്പൂര്‍ ഫുട്ബോള്‍ അസോസിയെഷന്റെ വെബ്സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.