ചോ ചു കാന്ഗ് : സിംഗപ്പൂരില്‍ നടന്ന അന്താരാഷ്ട്ര ഫുട്ബോള്‍ സൗഹൃദ മത്സരത്തില്‍ ഇന്ത്യക്കെതിരെ സിംഗപ്പൂര്‍ 2-0-നു വിജയിച്ചു.കൈറുള്‍ അമ്രി നാല്‍പ്പത്തി മൂന്നാം മിനിറ്റിലും ,ഫസ്രൂല്‍ നവാസ് നാല്‍പ്പത്തി ഒന്‍പതാം മിനിറ്റിലും നേടിയ ഗോളുകളാണ് സിംഗപ്പൂരിനെ വിജയത്തിലെത്തിച്ചത്.ഫിഫ ലോകറാങ്കിങ്ങില്‍ സിംഗപ്പൂര്‍ 162-ാമതും ഇന്ത്യ 168-ാമതുമാണ്.അതുകൊണ്ട് തന്നെ ചോ ചു കാന്ഗ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്‍റെ അവസാനനിമിഷം വരെയും ആവേശം നിലനില്‍ക്കുന്നതായിരുന്നു .
ഏകദേശം 3000-ത്തോളം കാണികള്‍ ആവേശകരമായ മത്സരം വീക്ഷിക്കാന്‍ ഗ്രൗണ്ടില്‍ തടിച്ചുകൂടിയിരുന്നു .ചെണ്ട ഉള്‍പ്പെടെയുള്ള വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ മലയാളികള്‍ ഉള്‍പ്പെടെയുള്ള നൂറുകണക്കിന് ഇന്ത്യന്‍ വംശജര്‍ തങ്ങളുടെ ടീമിന് പിന്തുണ നല്‍കിക്കൊണ്ട് അവസാനനിമിഷം വരെയും ഉണ്ടായിരുന്നു .സിംഗപ്പൂര്‍ ടീമിനെ പ്രോത്സാഹിപ്പിക്കാന്‍ നിരവധി സിംഗപ്പൂര്‍ നിവാസികളും എത്തിച്ചേര്‍ന്നിരുന്നു .പത്തു ഡോളര്‍ (ഏകദേശം 420 രൂപ ) ആയിരുന്നു ടിക്കറ്റ് നിരക്ക്.
രണ്ട് വീതം ചൈനീസ്, സെര്‍ബിയന്‍ വംശജരും ഓസീസ്, ബ്രിട്ടിഷ് ആഫ്രിക്ക വംശജരും സിംഗപ്പൂര്‍ ടീമിലുണ്ടായിരുന്നു . ഇതുവരെ ഇന്ത്യയും സിംഗപ്പൂരും 15 തവണ നേര്‍ക്കുനേര്‍ വന്നിട്ടുണ്ട്. ഇതില്‍ ഏഴ് തവണ സിംഗപ്പൂര്‍ വിജയിച്ചപ്പോള്‍ ആറ് തവണ വിജയം ഇന്ത്യയ്ക്കായിരുന്നു . 2006ലെ ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തിനായി 2004ലാണ് ഇന്ത്യയും സിംഗപ്പൂരും ഇതിന് മുന്‍പ് നേര്‍ക്കുനേര്‍ വന്നത്. അന്ന് വിജയം 2-0ന് സിംഗപ്പൂരിനൊപ്പം നിന്നു. ചരിത്രം ആവര്‍ത്തിക്കുന്നതാണ് ഇത്തവണയും കാണാന്‍ കഴിഞ്ഞത് .
ഒരു ഗോള്‍ വഴങ്ങിയതൊഴിച്ചാല്‍ ആദ്യ പകുതിയില്‍ ഇന്ത്യന്‍ നിര പൂര്‍ണ്ണ ആധിപത്യം പുലര്‍ത്തിയിരുന്നു.എന്നാല്‍ അവശ്യഘട്ടങ്ങളില്‍ ഗോള്‍ നേടാന്‍ കഴിയാതെ പോയത് ഇന്ത്യന്‍ ടീമിന് വിനയായി.അവസരങ്ങള്‍ ഫലപ്രദമായി വിനിയോഗിച്ച സിംഗപ്പൂര്‍ രണ്ട് ഗോള്‍ നേടി ആദ്യ 50 മിനിറ്റില്‍ തന്നെ മുന്‍തൂക്കം നേടി .ഒരു സൈഡില്‍ മാത്രം ഗാലറിയുള്ള പ്രത്യേക തരം സ്റ്റേഡിയം ആണ് ചോ ചു കാങ്ങില്‍ ഉള്ളത്.മറുവശത്ത് 25 മില്ല്യന്‍ വിലവരുന്ന വില്ലകളും മറ്റൊരു സൈഡില്‍ എക്സ്പ്രസ്സ്‌വേയും സ്ഥിതി ചെയ്യുന്നു.
കളി തുടങ്ങി ഒന്‍പതാം മിനിറ്റില്‍ ഇന്ത്യയുടെ മെഹ്താബ് ഹോസ്സൈന്‍ തൊടുത്തുവിട്ട ഗോള്‍ സിംഗപ്പൂരിന്‍റെ ഹാരിസ് ഹാറുന്‍ വിദഗ്ധമായി തടുത്തു .മിനിട്ടുകള്‍ക്ക് ശേഷം സുനില്‍ ചേത്രിയുടെ മുന്നേറ്റത്തെയും സിംഗപ്പൂര്‍ നിര നേരിട്ടെങ്കിലും കളിയില്‍ ഇന്ത്യ ആധിപത്യം നേടുന്ന കാഴ്ചയാണ് കണ്ടത്.എന്നാല്‍ ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കിയുള്ളപ്പോള്‍ ഗോളിയെ വെട്ടിച്ചു കൈറുള്‍ നേടിയ ഗോള്‍ കളിയുടെ ഗതി നിര്‍ണ്ണയിക്കുന്നതായി മാറി.തൊട്ടടുത്ത നിമിഷത്തില്‍ സഞ്ചു പ്രധാന്‍ നല്‍കിയ പാസ് സുനില്‍ നഷ്ട്ടമാക്കിയാതോടെ ആദ്യ പകുതിയില്‍ സിംഗപ്പൂര്‍ 1-0-യില്‍ മുന്നിട്ടു നിന്നു .
രണ്ടാം പകുതിയില്‍ ഇന്ത്യ കളിയിലേക്ക് തിരിച്ചു വരുന്നതിനു മുന്‍പ് തന്നെ സിംഗപ്പൂര്‍ നസ്രൂല്‍ മുഖേനെ രണ്ടാം ഗോള്‍ നേടിയതോടെ ഇന്ത്യ പരുങ്ങലിലായി .ഇന്ത്യയുടെ ഗോള്‍ കീപ്പര്‍ സുബ്രതാ പോളിന്റെ മികവായിരുന്നു കൂടുതല്‍ ഗോള്‍ വഴങ്ങാതെ ഇന്ത്യയെ കരകയറ്റിയത്.ഇതിനിടയില്‍ പരിക്കുമൂലം ക്യാപ്ടന്‍ സുനില്‍ ചേത്രി പിന്മാറുകയും റോബിന്‍ സിംഗ് കളിക്കളത്തില്‍ എത്തുകയും ചെയ്തു.റോബിന്‍ സിങ്ങിന്‍റെ പ്രകടനം കാണികളില്‍ കൂടുതല്‍ ആവേശം ഉണര്‍ത്തുന്നതായിരുന്നു എങ്കിലും അത് ഗോള്‍ ആക്കി മാറ്റാന്‍ സഹ കളിക്കാര്‍ക്ക് കഴിഞ്ഞില്ല ,തുടര്‍ന്ന് ജൂവല്‍ രാജ ,ഗുര്‍വിന്ധര്‍ സിംഗ് ,ഫ്രാന്‍സിസ് പെരേര ,അബ്രാഞ്ചാസ് ,ഡെന്‍സില്‍ ഫ്രാങ്കോ എന്നിവര്‍ ഉള്‍പ്പെടെ 6 കളിക്കാരെ ഇന്ത്യ കളത്തില്‍ ഇറക്കി .
എന്നാല്‍ അവസാന നിമിഷം വരെയും ഒരേ രീതിയില്‍ പ്രതിരോധത്തിലൂന്നി കളിക്കാന്‍ സിംഗപ്പൂരിന് കഴിഞ്ഞു എന്നതുതന്നെയാണ് സിംഗപ്പൂരിന് ഇന്ത്യക്ക് മേല്‍ വിജയം നേടാന്‍ സഹായിച്ചത്.വളരെ കുറച്ചു കളിക്കാരെ മാത്രമേ സിംഗപ്പൂര്‍ കളത്തില്‍ ഇറക്കിയെങ്കിലും പരിക്കുമൂലം നിരവധിപേര്‍ മടങ്ങിയത് പലപ്പോഴും കോച്ചിന് തലവേദനയായി .സിംഗപ്പൂരിനും ഇന്ത്യക്കും ഒരുപോലെ തന്നെ കാണികളുടെ പിന്തുണ ലഭിച്ചു എന്നത് ശ്രദ്ധേയമായി .എന്നാല്‍ സിംഗപ്പൂര്‍ ,ഇന്ത്യ എന്നീ രാജ്യങ്ങളുടെ കാണികളെ പ്രത്യേകമായി തിരിച്ചാണ് പ്രവേശനം നടത്തിയത്.
നെഹ്രുകപ്പിലെ ഹാട്രിക്ക് കിരീടനേട്ടം നല്‍കിയ ആത്മവിശ്വാസവുമായി ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം സൗഹൃദ മത്സരത്തില്‍ ചൊവ്വാഴ്ച സിംഗപ്പൂരിനെതിരെ നേരിടാന്‍ എത്തിയത് .. 2018-ല്‍ ലോകകപ്പ് യോഗ്യതനേടാന്‍ ലക്ഷ്യമിട്ട് പദ്ധതികള്‍ ആസൂത്രണം ചെയ്യുന്ന ഇന്ത്യക്ക് റാങ്കിങ് മെച്ചപ്പെടുത്താനുള്ള അവസരമാണ് ഇതിലൂടെ നഷ്ട്ടമായത് .തോല്‍വി ഏറ്റു വാങ്ങിയെങ്കിലും ഡച്ചുകാരനായ പുതിയകോച്ച് വിം കോവര്‍മാന്‍സിന്റെ കീഴില്‍ ഇന്ത്യന്‍ ടീം മെച്ചപ്പെട്ടിട്ടുണ്ടെന്ന് ഇന്നു നടന്ന മത്സരം തെളിയിച്ചു .
വാശിയേറിയ മല്‍സരത്തിനൊടുവില്‍ സിംഗപ്പൂര്‍ കാണികള്‍ ഹര്‍ഷാരവത്തോടെ ഇന്ത്യന്‍ കളിക്കാരെയും കാണികളെയും സ്വീകരിച്ചപ്പോള്‍ അത് സിംഗപ്പൂരിലെ ജനതയും ഇന്ത്യന്‍ ജനതയും തമ്മിലുള്ള ബന്ധത്തിന്‍റെ ആഴം ഊട്ടിയുറപ്പിക്കുന്നതായി മാറി .