കേരളപ്പിറവി ആശംസകള്‍

0

 

വര്‍ക്കല ബീച്ച്

 

കേരളം അന്‍പത്തി ആറാമത് പിറന്നാളാഘോഷിക്കുന്നു. മലബാറും, കൊച്ചിയും, തിരുവതാംകൂറും ചേര്‍ത്ത് നവംബര്‍ ഒന്നിന് കേരള സംസ്ഥാനം രൂപീകരിക്കുമ്പോള്‍ നീതിമാനായ കേരളീയന്‍ തമ്പുരാന്‍റെ നാമത്തില്‍ രൂപപെട്ട കേരളം എന്ന നാമം ഇന്ന് ലോകത്തിന്‍റെ മുന്നില്‍ ദൈവത്തിന്‍റെ സ്വന്തം നാടാണ്. ക്ഷത്രിയ കുലത്തിനെ വകവരുത്തിയ പാപമോക്ഷത്തിനായി, ഭൂമി ധാനത്തിനായി പരശുരാമന് ഉപദേശം കിട്ടുകയും, വരുണ ഭഗവാനെയും ഭൂമി ദേവിയെയും പൂജിച്ചു പ്രസാദിപ്പിച്ച പരശുരാമന്‍ ധാനഭൂമിക്കായി തന്‍റെ മഴു എറിഞ്ഞു ഉണ്ടാക്കിയതാണ് കേരളം എന്ന ഐതിഹ്യവും നിലനില്‍ക്കുന്നു. അതിനാല്‍ തന്നെ പരശുരാമ ക്ഷേത്രമായും കേരളം അറിയപെടുന്നു.

നുറ്റി അറുപത് കാതം ദൈര്‍ഘ്യമുള്ള ഈ കര മലയാളമെന്ന കിളി മൊഴി പറയുന്ന ഏക നാടാണ്. കേര വൃഷം നിറഞ്ഞത്‌ കൊണ്ടാണ് കേരളം എന്ന പേര്‍ വന്നത് എന്ന് വിശ്വാസമുണ്ട്‌. ഇന്ന് മലയാളം സംസാരിക്കുന്ന മലയാളികള്‍ ഇല്ലാത്ത ഒരു നാടും ഭൂമിയില്‍ ഉണ്ടാകില്ല എന്നത് വസ്തുത ആകാം. പുഴയും,മഴയും, കാടും,കായലും, മലയും,മഞ്ഞും, വയലും,വനവും, കടലും,തീരവും, തെങ്ങും,മാവും,വാഴയും കൃഷിയും ഒക്കെ ഉള്ള, എങ്ങും പച്ച നിറഞ്ഞ ഈ നാട് വിദേശ സഞ്ചാരികളുടെ സ്വപ്ന ഭൂമി കൂടെയാണ്.

കൂടാതെ കേരളത്തിനെ ഭക്ഷണം ലോകത്തില്‍ ആരും കൊതിക്കുന്ന വിവിധ വിഭാവങ്ങളാല്‍ സമ്പന്നമാണ് . സദ്യ മുതല്‍ കഞ്ഞി വരെയും, കപ്പയും,മീനും, മുതല്‍ കോഴിക്കോടന്‍ ബിരിയാണി വരെയും പുട്ടും,അപ്പവും,ഹല്‍വയും, ചട്ടി പത്തിരി വരെയും പറഞ്ഞാല്‍ തീരാത്തത്രയുണ്ട് .
സ്വര്‍ണ്ണക്കര നെയ്ത കോടി വസ്ത്രം അണിഞ്ഞ് മുല്ലപൂവ് ചൂടി, മലയാളം അണിഞ്ഞ് ഒരുങ്ങുന്ന ദിവസമാണ് നവംബര്‍ ഒന്ന്. ഓണത്തിന്‍റെയും ദീപവലിയുടെയും ഇടയില്‍ എത്തുന്ന ആഘോഷ ദിനം കൂടെയാണ് ഇത്.

പ്രബുദ്ധ കേരളം എന്നും സാംസ്കാരികമായി വളര്‍ന്ന ഒരു ജനതയുടെ പ്രതീകമാണ്‌. നാനാത്വത്തില്‍ ഏകത്വം എന്ന വികാരം എന്നും മനസില്‍ ഉള്‍കൊണ്ടവരാണ് കേരള ജനത. നൂറ് ശതമാനം സാഷരരായ ഒരു സമൂഹം വിദ്യാഭ്യാസം,തൊഴില്‍,സാമൂഹിക നിലവാരം ഇവയൊക്കെ മൂല്യമുള്ളതായി കരുതുന്നു. ഇക്കാരണത്താല്‍ ലോകത്തിനെ എല്ലായിടത്തും ഉയര്‍ന്ന സ്ഥാനങ്ങളില്‍ മലയാളികള്‍ എത്തപ്പെടുന്നു. മാനാവ ശേഷി വളര്‍ച്ച ലോകത്തിലെ മറ്റു ചെറു രാജ്യങ്ങളോടു പോലും കിടപിടിക്കുന്നതായി യുഎന്‍ റിപ്പോര്‍ട്ടുകള്‍ പോലും പറഞ്ഞിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിലെക്കാള്‍ മാനവശേഷി വളര്‍ച്ചാ സൂചികയും കേരളത്തിനാണ്.

കലയും,സാഹിത്യവും,സിനിമയും, കായികമേഖലയും, ശാസ്ത്രവും, തുടങ്ങി മലയാളികള്‍ തിളങ്ങാത്ത മേഖലകള്‍ ലോകചരിത്രത്തില്‍ കുറവായിരിക്കും. രാജ്യത്തെ പരമോന്നത പദവി മുതല്‍ അലങ്കരിച്ച മഹത് വ്യക്തികള്‍ കേരളത്തിന്‍റെ മക്കളായി. രാഷ്രീയ അഴിമതികള്‍ കുറവായ സംസ്ഥാനം കൂടിയായ ഇവിടെയാണ്‌ തെരഞ്ഞെടുപ്പിലൂടെ ലോകത്തിലെ ആദ്യ കമ്യുണിസ്റ്റ് സര്‍ക്കാര്‍ അധികാരകാരത്തില്‍ വന്നത്. ഇപ്പോഴും കോണ്‍ഗ്രസ്-കമ്യുണിസ്റ്റ് ഭരണം മാറി വരുന്ന രാഷ്ട്രീയ കാഴ്ചയാണ് കേരളത്തിന്‍റെത്.

ഓണവും, പൂരവും, വള്ളംകളികളും, റംസാനും, ക്രിസ്മസും, ദീപാവലിയും ആഘോഷിക്കുന്ന മലയാളി; പഴശ്ശിയേയും വേലുത്തമ്പിയെയും മാമാംങ്കവും നെഞ്ചില്‍ ഏറ്റുന്ന മലയാളി; ഗുരുവായൂര്‍ കേശവനെയും പാമ്പാടി രാജനെയും പല്ലാവൂരിനെയും ഇഷ്ടപെടുന്ന മലയാളി; ഏതു  ഭാഷയും പറയാന്‍ പാഠം അറിയാവുന്ന മലയാളി; എല്ലാം എല്ലാരും ആഘോഷിക്കുന്ന മറ്റൊരു നാടും കാണില്ല.

വിലകയറ്റവും, ചില രാഷ്രീയ പകപോക്കലുകളും, ചില നരാധമന്‍മാരുടെ പീഡന കഥകളും, നീച കൊലപാതകളും ഒഴിച്ചാല്‍ കേരളം എന്നും ദൈവത്തിന്‍റെ മക്കളുള്ള ദ്ദൈവത്തിന്‍റെ സ്വന്തം നാടാണ്.

ബേക്കല്‍ കോട്ടയും, ചെറായി കടപ്പുറവും, പുന്നപ്രയും, കുട്ടനാടും, കോട്ടയവും, നീണ്ടകരയും വേളിയും കൊല്ലവും, കൊച്ചിയും ,കഥയും, കവിതയും, സിനിമാ പാട്ടും, ടിവി ചാനലും, പത്രവും, ഓരോ മലയാളിയുടെയും  ഓരോ ദിനത്തിലും ഉണ്ട്.

ഒരിക്കല്‍ കൂടി ലോകമെങ്ങും മലയാളികള്‍ കേരളപ്പിറവി കൊണ്ടാടുമ്പോള്‍ ഗുഹാതുരത്വമേകുന്ന ഒരു ദിനം കൂടി കടന്നു പോകുകയാണ്. കേരളത്തില്‍ സംഘടനകളും കലാലയങ്ങളും സര്‍ക്കാര്‍ ഓഫീസുകളും പരിപാടികള്‍ ആഘോഷമാക്കുന്നു. കേരളം ഒരു ഒഴിവു ദിനം കൂടി കൊണ്ടാടുമ്പോള്‍ പ്രവാസികള്‍ ഒരു തിരക്കുള്ള ദിനത്തിന്‍റെ ഒടുവില്‍ ആകും കേരളപ്പിറവി ദിനം കൊണ്ടാടുക.

എല്ലാ മലയാളികള്‍ക്കും, പ്രവാസി എക്സ്പ്രസിന്‍റെ ഊഷ്മളമായ കേരളപ്പിറവി ആശംസകള്‍.