ബിസിനസ് തുടങ്ങാന്‍ എളുപ്പം സിംഗപ്പൂരില്‍ ; ഇന്ത്യ ഏറ്റവും പിന്നില്‍

0
സിംഗപ്പൂര്‍ : ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവും , ജനസംഖ്യയില്‍ രണ്ടാമത് നില്‍ക്കുന്നതുമായ ഇന്ത്യ ബിസിനസ് തുടങ്ങാന്‍ ബുദ്ധിമുട്ടുള്ള രാജ്യമായി  വേള്‍ഡ് ബാങ്ക് -ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍  (IFC ) നടത്തിയ പഠന റിപ്പോര്‍ട്ട്‌ സൂചിപ്പിക്കുന്നു .185 രാജ്യങ്ങളെ ഉള്‍പ്പെടുത്തിയ പഠനത്തില്‍ ഇന്ത്യ 132-മത് എത്തിയപ്പോള്‍ തുടരെ ഏഴാം വര്‍ഷവും സിംഗപ്പൂര്‍ ബിസിനസ് തുടങ്ങാന്‍ മികച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാമതെത്തി.വളര്‍ച്ചയില്‍ പിന്നോക്കം  നില്‍ക്കുന്ന ഇന്ത്യയുടെ സമീപരാജ്യങ്ങളായ ശ്രീലങ്ക 81-മതും ,പാക്കിസ്ഥാന്‍ 107-മതും , ബംഗ്ലാദേശ് 129-മതും എത്തിയപ്പോഴാണ് ഇന്ത്യയുടെ സ്ഥാനത്തില്‍ ഉണ്ടായ ശോഷണം വ്യക്തമാകുന്നത്.വളര്‍ച്ചയിലേക്ക് കുതിക്കുന്ന ചൈന 91-മതും ,സൗത്ത്‌ ആഫ്രിക്ക 39-മതും നില്‍ക്കുമ്പോള്‍ ബ്രസീല്‍ ,റഷ്യ എന്നീ രാജ്യങ്ങള്‍ ഇന്ത്യയോടൊപ്പം ഏറെ പിന്നിലാണ് .
 
10 ഘടകങ്ങളാണ് പഠനത്തിനായി പരിഗണിച്ചത് .ഇതില്‍ വൈദ്യുതി ലഭ്യത ,ടാക്സ്‌ അടവ് വ്യവസ്ഥ ,പെര്‍മിറ്റ്‌ പരിഗണന ,കോണ്‍ട്രാക്റ്റ് പുതുക്കല്‍ ,അന്യരാജ്യങ്ങളുമായുള്ള വാണിജ്യ സാദ്ധ്യതകള്‍ എന്നിവയില്‍ ഇന്ത്യ ഏറെ പിന്നിലാണ് .പെര്‍മിറ്റ്‌ ലഭിക്കുന്നതിനു ഇപ്പോഴും ഇന്ത്യയില്‍ 34 കടമ്പകള്‍ വരെ കടക്കേണ്ടതുണ്ട് എന്നാണ് റിപ്പോര്‍ട്ട്‌ പ്രതിപാദിക്കുന്നത്.ഇന്ത്യയില്‍ വൈദ്യുതി ലഭിക്കാന്‍ 67 ദിവസം എടുക്കുന്നത് കൂടാതെ ഏഴോളം ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കുകയും വേണം .ഇന്ത്യയില്‍ ബിസിനസ് തുടങ്ങാന്‍ വേണ്ട കുറഞ്ഞ മൂലധനം രാജ്യത്തിന്‍റെ പ്രതി ശീര്‍ഷ വരുമാനത്തിന്‍റെ  49.8 ശതമാനം ആണ് ,എന്നാല്‍ ചൈനയില്‍ ഇത് 2.1 ശതമാനം മാത്രമാണ് .
 
ഇതോടെ ലോകരാജ്യങ്ങളുടെ ശ്രദ്ധ സിംഗപ്പൂരിലേക്ക് തിരിയുമെന്നാണ് സിംഗപ്പൂര്‍ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.സ്ഥലപരിമിതിയാണ് സിംഗപ്പൂര്‍ നേരിടുന്ന ഏകവെല്ലുവിളിയെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.സിംഗപ്പൂരില്‍ ഉയര്‍ന്നു വരുന്ന ചിലവുകള്‍ കമ്പനികളെ ഇന്ത്യയിലേക്കും ചൈനയിലേക്കും  മാറ്റി സ്ഥാപിക്കാന്‍ പ്രേരിപ്പിക്കും എന്ന പ്രചാരണങ്ങള്‍ക്കിടയിലാണ് പുതിയ കണക്കുകള്‍ ലഭ്യമാകുന്നത്.