ഭാര്യയുടെ വിവാഹമോചന നഷ്‌ടപരിഹാര കേസ് സിംഗപ്പൂരില്‍ തുടരാന്‍ അനുമതി

0

സിംഗപ്പൂര്‍ : വിദേശികളായ സിംഗപ്പൂര്‍ നിവാസികള്‍ വിവാഹബന്ധം വേര്‍പെടുത്തിയാല്‍ ഭര്‍ത്താവില്‍നിന്നു ചെലവിനു പണം ആവശ്യപ്പെട്ടു ഭാര്യക്കു സിംഗപ്പൂര്‍ കോടതിയില്‍ ഹര്‍ജി നല്‍കാമെന്നു വിധി നിര്‍ണ്ണായകമാകുന്നു . ഇന്ത്യക്കാരായ ദമ്പതികളുടെ കേസിലാണു സിംഗപ്പൂര്‍ ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്. കുടുംബബന്ധങ്ങള്‍ കൂടുതല്‍ ബലപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതിന്റെ ഇടയിലും സിംഗപ്പൂരില്‍ താമസിക്കുന്ന ഇന്ത്യന്‍ ദമ്പതികളില്‍ വിവാഹബന്ധം വേര്‍പെടുത്തുന്നതിന്‍റെ തോതുവര്‍ധിക്കുന്നതായാണു കണക്ക്. 

 
തങ്ങളുടെ വിവാഹബന്ധം സംബന്ധിച്ച കേസ് വാദിക്കാന്‍ ഏറ്റവും നല്ല വേദി ഇന്ത്യയിലെ കോടതിയാണെന്ന ഭര്‍ത്താവിന്‍റെ വാദം തള്ളിയാണു ഹൈക്കോടതി ജഡ്ജി ചവോ ഹിക്ക് ടിന്‍ ഈ ഉത്തരവു പുറപ്പെടുവിച്ചത്. തനിക്കും മകനും ഭര്‍ത്താവില്‍നിന്നു ചെലവിനു വാങ്ങിത്തരണമെന്നു കാണിച്ച് ഇന്ത്യക്കാരിയായ ഭാര്യ നല്‍കിയ ഹര്‍ജിയിലാണിത്. ഭര്‍ത്താവ് ഇപ്പോഴും സിംഗപ്പൂരില്‍ താമസിച്ചു ജോലി ചെയ്‌യുന്നയാളാണ്. ഇപ്പോള്‍ നാട്ടിലുള്ള ഭാര്യയാകട്ടെ സിംഗപ്പൂരിലേക്കു തിരിച്ചുചെല്ലാന്‍ തയാറാണെന്നു കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്. ഇതിനാല്‍തന്നെ ഈ കേസ് ഇന്ത്യന്‍ കോടതിയില്‍ നടക്കുന്നതിനെക്കാള്‍ സിംഗപ്പൂരിലാകുന്നതാകും ഉചിതമെന്നു കോടതി അഭിപ്രായപ്പെട്ടു.കോടതി വിധിക്കെതിരെ ഭര്‍ത്താവ് കൂടുതല്‍ നിയമനടപടികളുമായി മുന്നോട്ടു പോകും എന്നാണ് വക്കീല്‍ വെളിപ്പെടുത്തിയത്.
 
ദമ്പതികളുടെ പേരുവിവരം ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല. ഇന്ത്യയില്‍വച്ചു 2005ല്‍ വിവാഹിതരായ ഈ ദമ്പതികള്‍ 2008 ജനുവരിയിലാണു സിംഗപ്പൂരിലെത്തിയത്. 2010 ഒക്‌ടോബര്‍വരെ ഒരേ വീട്ടിലായിരുന്നു താമസം. തുടര്‍ന്നാണു വിവാഹബന്ധം വേര്‍പെടുത്തിയത്.