മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഐ.കെ.ഗുജ്‌റാള്‍ അന്തരിച്ചു

0

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഐ.കെ.ഗുജ്‌റാള്‍ അന്തരിച്ചു. അദ്ദേഹത്തിന് 92 വയസ്സായിരുന്നു. ശ്വാസകോശത്തിലെ അണുബാധ മൂലം ഗുഡ്ഗാവിലെ സ്വകാര്യ ആസ്പത്രിയില്‍ ചികില്‍സയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില കഴിഞ്ഞ ദിവസം വഷളാവുകയായിരുന്നു. ഒരു വര്‍ഷത്തിലേറെയായി ഡയാലിസിസിന് വിധേയമായിക്കൊണ്ടിരിക്കുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷമായിരുന്നു അന്ത്യം.

ഇന്ത്യയുടെ പന്ത്രണ്ടാമത് പ്രധാനമന്ത്രിയായി 1997 ഏപ്രിലിലാണ് ഗുജ്‌റാള്‍ അധികാരമേറ്റത്. 1997 ഏപ്രില്‍ 21 മുതല്‍ 1998 മാര്‍ച്ച് 19 വരെ അദ്ദേഹം പ്രധാനമന്ത്രിപദം വഹിച്ചു.

സ്വാതന്ത്ര്യ സമര കാലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായാണ്  ഗുജ്റാള്‍ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. ഇന്ദിരാഗാന്ധി മന്ത്രിസഭയില്‍ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രിയായിരുന്നു.1996ല്‍ ആണ് അദ്ദേഹം ഇന്ത്യന്‍ പ്രധാനമന്ത്രി പദം അലങ്കരിച്ചത്. സഖ്യകക്ഷി രാഷ്ട്രീയത്തിന്റെ അടിയൊഴുക്കുകള്‍ ശക്തമാവുകയും ഇന്ത്യന്‍ രാഷ്ട്രീയം പ്രതിസന്ധിയിലൂടെ കടന്നുപോവുകയും ചെയ്ത ആ കാലയളവില്‍ ഒരു വര്‍ഷം മാത്രമാണ് അദ്ദേഹം പ്രധാനമന്ത്രി പദം കയ്യാളിയത്. എങ്കിലും മികവുറ്റ ഭരണാധികാരി എന്ന നിലയില്‍ ഗുജാറാള്‍ പേരെടുത്തു.

രണ്ടു തവണ ഇന്ത്യയുടെ വിദേശകാര്യമന്ത്രിയായിരുന്നു. കൂടാതെ പാര്‍ലമെന്‍്ററികാര്യം, വാര്‍ത്താവിനിമയ പ്രക്ഷേപണം, പൊതുമരാമത്ത് തുടങ്ങിയ വകുപ്പുകളും കൈകാര്യം ചെയ്തിട്ടുണ്ട്. 2002ല്‍ സജീവ രാഷ്ട്രീയത്തില്‍ നിന്ന് ഗുജ്റാള്‍ പിന്മാറി.

ഇപ്പോള്‍ പാകിസ്താന്റെ ഭാഗമായ പഞ്ചാബിലെ ഝലം ജില്ലയില്‍ 1919 ഡിസംബര്‍ നാലിനാണ് ഐ.കെ. ഗുജ്‌റാള്‍ എന്ന ഇന്ദര്‍ കുമാര്‍ ഗുജ്‌റാളിന്റെ ജനനം. അവ്താര്‍ നാരായണ്‍ ഗുജ്‌റാളിന്റെയും പുഷ്പ ഗുജ്‌റാളിന്റെയും മകനാണ് അദ്ദേഹം. സ്വാതന്ത്ര്യസമര സേനാനിയായിരുന്ന ഗുജ്‌റാള്‍, ക്വിറ്റിന്ത്യാ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന് 1942 ല്‍ ജയില്‍വാസം അനുഭവിച്ചു. ഒന്നാം ഗള്‍ഫ് യുദ്ധകാലത്ത് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് നേതൃത്വം നല്‍കി.

കഴിവുറ്റ നയതന്ത്രജ്ഞന്‍, തത്വശാസ്ത്രജ്ഞന്‍ എന്നീ വിശേഷണങ്ങള്‍ കൂടി മൃദുഭാഷിയായ ഗുജ്റാളിന് ചാര്‍ത്തപ്പെട്ടിരുന്നു. 'മാറ്റഴേ്സ് ഓഫ് ഡിസ്ക്രീഷന്‍' എന്നാണ് ഗുജ്റാളിന്‍റെ അത്മകഥയുടെ പേര്.

2011ല്‍ അന്തരിച്ച ഉറുദു കവയത്രിയായിരുന്ന ഷീലയാണ് ഭാര്യ. മക്കള്‍: വിശാല്‍ ഗുജ്റാല്‍, നരേഷ് ഗുജ്റാള്‍. നരേഷ് ഗുജ്റാള്‍ രാജ്യസഭാംഗമാണ്.