സിംഗപ്പൂര്‍ -മലേഷ്യന്‍ ഭക്തന്‍മാര്‍ സന്നിധാനത്ത്

0

 

പത്തനംതിട്ട: ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ നിന്നും ഭക്തന്‍മാര്‍ ശബരിമലയിലേക്ക് ഒഴുകിയെത്തുന്ന കൂട്ടത്തില്‍ സിംഗപ്പൂര്‍ -മലേഷ്യന്‍ സംഘവും .രാജ്യം കടന്നെത്തിയ ഭക്തിയില്‍ സിംഗപ്പൂര്‍-മലേഷ്യന്‍ സ്വാമിമാര്‍ സന്നിധാനത്തെത്തി. ജന്മനാ മലയാളികളെങ്കിലും സന്നിധാനത്തെത്തിയ 14 പേരും സിംഗപ്പൂരിലും മലേഷ്യയിലുമാണ് സ്ഥിരതാമസം എന്നാല്‍ സന്നിധാനത്ത് എത്താന്‍ ഭാഷ ഇവര്‍ക്കൊരു തടസമായില്ല. പാലക്കാട് കല്പാത്തി സ്വദേശി ടി.കെ.ശിവകുമാറിന്റെ കൂടെയാണ് ഇക്കുറി വിദേശസ്വാമിമാര്‍ സന്നിധാനത്ത് എത്തിയത്. ഇരുപത്താറാം തവണ മലചവിട്ടിയ  ബാലശങ്കരന്‍ ഗുരുസ്വാമിയാണ് സംഘത്തെ നയിക്കുന്നത്.  
 
  ആറ് വര്‍ഷം മുന്‍പ് സന്നിധാനത്ത് വച്ച് ടി.കെ.ശിവകുമാറിന്റെ സഹോദരന്‍ സുനില്‍കുമാറാണ് ഗുരുസ്വാമിയെ പരിചയപ്പെട്ടത്. തുടര്‍ന്ന് വലുതായ ബന്ധം ഭക്തിയുടെ കാര്യത്തിലും ദൃഢമായി. മലേഷ്യയിലെ അയ്യപ്പക്ഷേത്രം ദര്‍ശിക്കാന്‍ കുമാര്‍ സഹോദരന്‍മാരും ശബരിമലയിലേക്ക് ഗുരുസ്വാമിയുടെ സംഘവും പോകുന്നതും വരുന്നതും തുടര്‍ച്ചയായി മാറി. ഭക്തിയുടെയും സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ബന്ധം ഊട്ടിയുറപ്പിക്കലാണ് ഇരുരാജ്യങ്ങളിലെയും ക്ഷേത്രദര്‍ശനം വഴി തങ്ങള്‍ നടത്തുന്നതെന്ന് ഗുരുസ്വാമി പറഞ്ഞു.     മലേഷ്യയിലെ ചാമുണ്ഡേശ്വരി അയ്യപ്പക്ഷേത്രത്തില്‍ ഇരുമുടികെട്ടി അവിടെ വ്രതശുദ്ധിയോടെ ഓരോ വീടുകളിലും പടിപൂജയും അന്നദാനവും നടത്തിയാണ് സംഘം മലയ്ക്കിറങ്ങുന്നത്. കേരളത്തില്‍ പാലക്കാട് പരുത്തിപ്പുള്ളി തൃത്താമല ഗ്രാമത്തിലെ ക്ഷേത്രത്തിലെത്തി കെട്ടുനിറയ്ക്കുന്ന സംഘം ഭജന, അന്നദാനം മുതലായവ നടത്തിയിട്ടാണ് സന്നിധാനത്തേക്ക് ശരണംവിളികളുമായി കടന്നുവരുന്നത്. 
ഗുരുവായൂര്‍, ചോറ്റാനിക്കര, കൊടുങ്ങല്ലൂര്‍ ഉള്‍പ്പെടെയുള്ള വിവിധ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചശേഷമാണ് സംഘം അയ്യപ്പസന്നിധിയിലേക്ക് എത്തിയത്. കന്നി അയ്യപ്പന്‍മാര്‍ക്ക് മാത്രമാണ് മലകയറുമ്പോള്‍ അല്പം ബുദ്ധിമുട്ട് നേരിട്ടത്. എന്നാല്‍ ഭക്തിയുടെ പാരമ്യത്തില്‍ അതുപോലും നിസാരമാക്കി  ശരണം വിളികളുമായി അവര്‍ മലകയറുകയായിരുന്നു. രാത്രി പമ്പയില്‍ എത്തിയ സംഘം രണ്ടരമണിക്കൂറിനുള്ളില്‍ സന്നിധാനത്ത് എത്തി.     ഗുരുസ്വാമിയുടെ മക്കളായ ഷണ്‍മുഖനാഥനും ജയകാന്തനും ഇക്കുറിയും സംഘത്തിലുണ്ട്. കന്നി അയ്യപ്പന്‍മാരായി ശരവണന്‍ നായരും, ഭുവനേശ്കുമാര്‍ നായരും ഗുരുസ്വാമിക്കൊപ്പം മലചവിട്ടിയിട്ടുണ്ട്. മാര്‍ച്ച് മാസത്തില്‍ കുട്ടികളുമായി വീണ്ടും സന്നിധാനത്ത് എത്തും എന്ന പ്രതിജ്ഞയുമായാണ് ഗുരുസ്വാമിയും കൂടെ സംഘവും മലയിറങ്ങിയത്.