സിംഗപ്പൂര്‍ സിറ്റി : ഡല്‍ഹിയില്‍ കൂട്ടമാനഭംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചതാണിത്. ശ്വാസതടസം അനുഭവപ്പെടുന്ന പെണ്‍കുട്ടിയുടെ ഹൃദയമിടിപ്പും കുറഞ്ഞു വരികയാണെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.“ഐ സി യുവില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമാണ്. പെണ്‍കുട്ടിയുടെ അവസ്ഥ നിരീക്ഷിച്ചുവരികയാണ്” – ആശുപത്രി വക്താവ് അറിയിച്ചു.
ഇന്ത്യന്‍ സമയം വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചുമണിക്കാണ് പെണ്‍കുട്ടിയെയും വഹിച്ചുകൊണ്ടുള്ള വിമാനം ചംഗി അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയത്.പെണ്‍കുട്ടിയുടെ ആന്തരാവയവങ്ങള്‍ പലതും മാറ്റിവയ്ക്കേണ്ടതുണ്ട്. ഏത് ഗുരുതരമായ ശാരീരിക സ്ഥിതിയെയും നിയന്ത്രണ വിധേയമാക്കാന്‍ പ്രാപ്തമായ സൌകര്യങ്ങളുള്ള ആശുപത്രിയാണ് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രി. പെണ്‍കുട്ടിയുടെ മാതാപിതാക്കളും സഫ്ദര്‍ജംഗ് ആശുപത്രിയിലെ ഡോക്ടര്‍മാരും സിംഗപ്പൂരിലെ ആശുപത്രിയില്‍ പെണ്‍കുട്ടിക്കൊപ്പമുണ്ട്.
കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് വിദഗ്‌ധ ചികിത്സക്കായി പെണ്‍കുട്ടിയെ സിംഗപ്പൂരിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചത്. പെണ്‍കുട്ടിയുടെ ജീവനാണ് സര്‍ക്കാരിന് മുമ്പിലുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്ന് ഒരു കേന്ദ്രമന്ത്രി പ്രതികരിച്ചു.
ഡിസംബര്‍ 16ന് രാത്രിയാണ് ഓടിക്കൊണ്ടിരുന്ന ബസില്‍ വച്ച് പാരാമെഡിക്കല്‍ വിദ്യാര്‍ഥിനി കൂട്ടമാനഭംഗത്തിന് ഇരയായത്. പെണ്‍കുട്ടിയെ അക്രമികള്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് പുറത്തെറിയുകയും ചെയ്തു. ഇതുവരെ മൂന്ന് ശസ്ത്രക്രിയയ്ക്ക് പെണ്‍കുട്ടി വിധേയമായി. പെണ്‍കുട്ടിയെ കൂട്ട മാനഭംഗം ചെയ്ത പ്രതികള്‍ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
Related Articles : ഡല്‍ഹി മാനഭംഗം: പെണ്‍കുട്ടിയെ സിംഗപ്പൂരിലേക്കു മാറ്റി