ഡല്‍ഹി കൂട്ടമാനഭംഗം: വിദ്യാര്‍ഥിനി മരണത്തിനു കീഴടങ്ങി

0

സിംഗപ്പൂര്‍ സിറ്റി :ഡല്‍ഹിയില്‍ കൂട്ട ബലാത്സംഗത്തെ തുടര്‍ന്നു സിംഗപ്പുരില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരണത്തിനു കീഴടങ്ങി. ബിഹാര്‍ സ്വദേശിനിയും ഇരുപത്തിമൂന്നുകാരിയുമായ ജ്യോതിയാണു മരിച്ചത്. പുലര്‍ച്ചെ 2.15നു സിംഗപ്പുരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിലായിരുന്നു അന്ത്യം. മരണസമയത്തു പെണ്‍കുട്ടിയുടെ മാതാപിതാക്കളും രണ്ടു സഹോദരങ്ങളും അടുത്തുണ്ടായിരുന്നു. ആശുപത്രി ചീഫ് എക്സിക്യുട്ടിവ് ഓഫിസര്‍ ഡോ. കെല്‍വിന്‍ ലോയാണു മരണവിവരം പുറത്തുവിട്ടത്. 

ഇരുപത്തിമൂന്നുകാരിയായ  വിദ്യാര്‍ഥിനിയുടെ ഗുരുതരനിലയെപ്പറ്റി ബന്ധുക്കള്‍ക്കു ഇന്നലെ വൈകിട്ടു തന്നെ വിവരം കൈമാറിയിരുന്നു. തലച്ചോറിനേറ്റ ക്ഷതവും ശ്വാസകോശത്തിലെയും വയറ്റിലെയും കടുത്ത അണുബാധയുമാണു മരണകാരണമായത്. ആന്തരാവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതിനെ തുടര്‍ന്നു  കൃത്രിമ മാര്‍ഗത്തിലൂടെ ജീവന്‍ നിലനിര്‍ത്തുകയായിരുന്നു.

മൃതദേഹം സ്വദേശത്ത് എത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിവരുന്നെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ടി.സി.എ. രാഘവന്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ സ്ഥിതി വഷളായ സാഹചര്യത്തില്‍ ഹൈക്കമ്മിഷന്‍ ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ തങ്ങിയിരുന്നു. ഇതിനിടെ യുവതിയെ ചികിത്സയ്ക്കായി ബ്രിട്ടനിലേക്ക് കൊണ്ടുപോകുമെന്ന ശ്രുതി ഉണ്ടായിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചത്.

ഡിസംബര്‍16നു രാത്രി ഡല്‍ഹി നഗരത്തില്‍ ബസിനുള്ളില്‍ വച്ചാണ് പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായത്. സിനിമ കണ്ടശേഷം രാത്രി 11നു സുഹൃത്തിനൊപ്പം താമസസ്ഥലത്തേക്കു മടങ്ങുമ്പോഴാണു സംഭവം. ബസ് ജീവനക്കാരും സുഹൃത്തുക്കളും അടങ്ങുന്ന ആറംഗ സംഘമാണു പെണ്‍കുട്ടിയെ അക്രമിച്ചത്. ആറു പ്രതികളും റിമാന്‍ഡിലാണ്. 
 
സംഭവം രാജ്യത്തെ പിടിച്ചു കുലുക്കിയ വന്‍ പ്രതിഷേധത്തിനു വഴിവച്ചു. പ്രതിഷേധക്കാര്‍ രാഷ്ട്രപതി ഭവനിലേക്കു നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. തുടര്‍ന്നു രാജ്യം പ്രതിഷേധ സമരങ്ങള്‍ തുടരുന്നതാണു കണ്ടത്.