എഴുപത്തിരണ്ട് പൂക്കള്‍ വിടര്‍ന്ന പാട്ട് വസന്തം.

0

ആ ശബ്ദത്തെ പറ്റി എഴുതാന്‍ വാക്കുകളോ ശക്തിയോ ഇല്ല. ഭൂലോകത്തിന്‍റെ ഒരു കോണില്‍ ഒരു തുണ്ട് ഭൂമിയില്‍ സംസാരിക്കുന്ന ഒരു കൊച്ചു ഭാഷയില്‍ നിന്ന് ഉത്ഭവിച്ച് ,ലോകം അത്ഭുതത്തോടെ നോക്കുന്ന ഒരു ശബ്ദം. റോക്കും പോപ്പും വീചികള്‍ ഉണര്‍ത്തുന്ന വെസ്റ്റേണ്‍ സംഗീത ലോകം പോലെയല്ല, ഒരു വാദ്യോപകരണങ്ങളും ഇല്ലാതെ തികച്ചും പ്രകൃതിയുടെ നാദസൃഷ്ടിയില്‍ നിന്നും ഉണരുന്ന അഭൗമമായ അനുഭൂതിയായ് സ്വര കണങ്ങളുടെ ഗംഗാപ്രവാഹം സൃഷ്ടിക്കുന്ന പുണ്യ ജന്മം. പത്മശ്രീ ഡോ. കെ.ജെ.യേശുദാസ്.
നാദം കൊണ്ട് പുണ്യം നേടിയ ആത്മാവ്. സ്വരത്തിന്റെ, നാദത്തിന്റെ, സംഗീതത്തിന്റെ ,പര്യായമായ മലയാളി വ്യക്തിത്വം. ദൈവീകമായ വിരല്‍ തൊടല്‍ കൊണ്ട് ബ്രഹ്മനാദം ഭൂമിയിലേക്ക് ജാതം ചെയ്യാന്‍ കാരണഭൂതന്‍.

ആ നാദോപാസകന് 72 വയസ്സ് തികഞ്ഞു. പ്രായം നമ്മില്‍ മോഹിക്കുംപോലെ മാറ്റം വരുത്തുമ്പോള്‍ പ്രായത്തിനു മാറ്റാനാവാത്ത ശബ്ദ മാധുര്യവുമായി നമ്മുടെ കൂടെയീ മണ്ണില്‍ കഴിയുന്ന ഗന്ധര്‍വനാണ് ശ്രീ.കാട്ടാശ്ശേരി ജോസഫ്‌ യേശുദാസ്. മണ്ണിലെ ഓരോ  വീണക്കമ്പികളും   പാടുന്ന നേരം അവ കേട്ട് പഠിക്കുക ഗാന ഗന്ധര്‍വന്‍റെ പാട്ടുകള്‍ ആവും.

ചുമ്മാതൊരു മനുഷ്യജന്മത്തില്‍ ചെയ്യാവുന്നതില്‍ അപ്പുറമാണ് ദാസേട്ടന്‍ എന്ന് സ്നേഹാദരവോടെ മലയാളികള്‍ വിളിക്കുന്ന കെ.ജെ.യേശുദാസ് കൈവരിച്ചിരുക്കുന്ന സംഗീത പുണ്യം. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ പാടി റെക്കോര്‍ഡ്‌ ചെയ്ത ഏക വ്യക്തി. ഇപ്പോഴും പാട്ടിന്റെ പാലാഴി ചുരത്തുന്നു ഈ സ്നേഹ ഗായകന്‍.
22 ഇന്ത്യന്‍ ഭാഷകളില്‍ ഗാനങ്ങള്‍, അവയില്‍ നിന്നെല്ലാമായി 44 സംസ്ഥാന അവാര്‍ഡുകള്‍ 7 ദേശീയ അവാര്‍ഡുകള്‍ മാറ്റര്‍ക്കുമില്ലാത്ത നേട്ടങ്ങള്‍. പക്ഷെ ദാസേട്ടന്‍ എന്നും മലയാളികള്‍ക്ക് എളിമയുടെ പര്യായമാണ്. എന്നും.

അഗസ്റ്റിന്‍ ഭാഗവതരുടെയും ആലിസ്കുട്ടിയുടെയും മകനായി പിറന്നപ്പോള്‍ തന്നെ സംഗീതം കൂടെ പിറന്നിരിക്കണം. സംഗീതത്തിന്‍റെ ആദ്യാക്ഷരം ചൊല്ലികൊടുത്ത അച്ഛന്‍ തന്നെയാണ് ആദ്യ ഗുരു.  പിന്നീട് തൃപ്പുണിത്തുറ ആര്‍.എല്‍.വി സംഗീത അക്കാദമിയിലും, സ്വാതിതിരുനാള്‍ സംഗീത കോളേജിലും പഠനം. ആ പൂര്‍ത്തിയാക്കാനാവാത്ത പഠിപ്പിനു ശേഷം ചെമ്പൈ ഭാഗവതരുടെ ശിഷ്യനായി. ചെമ്പൈ ആ നാദത്തെ വെന്‍ശംഖിന്‍റെ വേണുനാദമാക്കി.

ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകള്‍ ഇല്ലാത്ത, എല്ലാവരും സ്നേഹത്തോടെയും, സൗഹാര്‍ദത്തോടെ കഴിയുന്ന, ഒരു നല്ല ദിവസം ഉണ്ടാകാന്‍ സര്‍വേശ്വരനോട് പ്രാര്‍ത്ഥിക്കുന്ന ദാസേട്ടന്‍ പാടിയ ഈശ്വര ഗീതങ്ങള്‍ക്ക് എണ്ണമില്ല.

ഹിന്ദുവിനും,ക്രിസ്ത്യനും,മുസ്ലിമ്മിനും,ജാതി തീണ്ടാത്ത ശബ്ദമാണ് യേശുദാസ് . അമ്പലവും പള്ളിയും, വേദവും മന്ത്രവും ആ ശബ്ദത്തില്‍ പുണ്യ ചിന്തകള്‍ ഉണ്ടാക്കും.
അയ്യപ്പന് ഹരിവരാസനം പാടാന്‍ അനുഗ്രഹിക്കപ്പെട്ട നാദം ദാസേട്ടന്റെ ആണ്. മൂകാമ്പികയില്‍ പാടാത്ത ഒരു വര്ഷം ഇപ്പോള്‍ പോലുമില്ല ആ ജീവിതത്തില്‍. എങ്കിലും  ആയിരം നാവുള്ള അനന്തനെ കുറിച്ച് പാടുമ്പോഴും ഗുരുവായൂര്‍ അമ്പല നട തനിക്കായ്‌ തുറക്കുന്നത് സ്വപനം പോലെ കൊണ്ട് നടക്കുകയാണ് ഈ ദേവസ്വനത്തിന്റെ ഉടമ.

കേരളത്തിന്റെ ഒരേയൊരു ആസ്ഥാന ഗായകന് തന്‍റെ പദ്മശ്രീ ലഭിക്കുന്നത് 1975 ല്‍ ആണ്. 2002 ല്‍ പദ്മ ഭൂഷന്‍ നല്‍കി ഇന്ത്യ അദ്ദേഹത്തെ ആദരിച്ചു.

അന്‍പതിനായിരത്തോളം പാട്ടുകള്‍ ..അതില്‍ ഒന്നും മാറ്റി വയ്ക്കാന്‍ ആവാത്തതിനാല്‍ ഒന്നും എവിടെ പരാമര്‍ശിക്കുന്നില്ല. എണ്ണിയാല്‍ തീരാത്ത അത്ര പാട്ടുകള്‍……സ്വരങ്ങള്‍,ഈണങ്ങള്‍, താളങ്ങള്‍. സംഗതികള്‍ മുറുകുന്ന കച്ചേരികള്‍.  നാദപ്രപഞ്ചത്തിന്‍ സാഗരം അലതല്ലുന്ന ദിനരാത്രങ്ങളിലൂടെ 72 വര്‍ഷങ്ങള്‍ ,അവയില്‍ കഷ്ടപ്പാടിന്റെ ബാല്യവും കൗമാരവും ഒഴിച്ചാല്‍ സംഗീതത്തിന്റെ സമ്പന്നമായ സ്വരമണികള്‍ വിളയുന്ന സ്വര്‍ണ്ണ വയലില്‍ എളിമയുള്ള ഉടമയായി ജീവിക്കുന്നു ദാസേട്ടന്‍.

ഒരു 100  വര്ഷം ദാസേട്ടന്‍ സുഖമായി ജീവികട്ടെ എന്ന പ്രാര്‍ഥന എല്ലാവര്ക്കും ഉണ്ടാകും. അത് അതിലും കൂടുതല്‍ ആവട്ടെ എന്ന ആഗ്രഹവും.

1940 ജനുവരി 10 നു ജനിച്ച യേശുദാസ് എന്ന ബാലന്റെ സംഗീത ആലാപന ജീവിതം 1961 ല്‍ തുടങ്ങി. പിന്നെ പാട്ടിന്റെ പടയോട്ടം ഇന്ത്യയില്‍ ഇനി പാട്ടാന്‍ 5 ഭാഷകള്‍ മാത്രം ബാക്കി. 1970 ബോളിവുഡ്  സിനിമകളില്‍   തുടക്കം കുറിച്ച ദാസേട്ടന്‍ 76 കളില്‍  തരംഗം സൃഷ്ട്ടിച്ച കുറെ പാട്ടുകള്‍ പാടി. 1970 – 80 കളില്‍ കുറെ ഗാനം ഈണം നല്‍കുകയും ചെയ്തു .1971 ല്‍ നടന്ന ഒരു വിമാന അപകടത്തില്‍ നിന്ന് രക്ഷപെട്ടത് ഈശ്വരാധീനം ആണെന്ന് പറയുമ്പോള്‍ ഈശ്വരനും ആ ശബ്ദം വേണം എന്നു തോന്നിപോകും.

പാട്ട് പഠിക്കാന്‍ അഞ്ചു രൂപ കൊടുക്കാന്‍ വഴിയില്ലാതിരുന്ന കാലത്ത് ഒരിത്തിരി പേര്‍ തന്നെ സഹായിച്ചത് കൊണ്ടാണ് താന്‍ ഈ നിലയില്‍ എത്തിയത് എന്നും , അതാണ്‌ താന്‍ ദൈവത്തിന്റെ സ്നേഹം മഹത്വമുള്ളത്ത്  ആണെന്നു പറയുന്നത് എന്നും, എന്ത് നേടിയാലും വന്ന വഴി മറക്കരുത് എന്നും ഗാന ഗന്ധര്‍വന്‍ സ്നേഹപൂര്‍ണമായ ഘന ഗംഭീര ശബ്ദത്തില്‍ പറയുമ്പോള്‍ ദൈവത്തിന്റെ സാമീപ്യം നാം അറിയും പോലെ തോന്നും.

ആ പാടും വെള്ള വസ്ത്രത്തിന്റെ ലാളിത്യവും ആ ദൈവ നാദവും ഒരിക്കലും മായാതെ ,മാറാതെ എന്നും ഉണ്ടാകട്ടെ എന്ന്  ആശിച്ചു കൊണ്ട് …ദാസേട്ടന് ഒരായിരം നന്‍മകള്‍ നേര്‍ന്നു കൊണ്ടും …..ദാസേട്ടന്റെ മലയാളികള്‍……