സിവില്‍ സര്‍വ്വീസ്‌ പരീക്ഷയില്‍ മലയാളിത്തിളക്കം

0

ന്യൂഡല്‍ഹി: സിവില്‍ സര്‍വ്വീസ്‌ പരീക്ഷയില്‍ ഒന്നാം റാങ്ക് ഉള്‍പ്പെടെ മലയാളി സാന്നിധ്യത്തിന് അഭിമാന നേട്ടം. തിരുവനന്തപുരം തൈക്കാട്‌ സ്വദേശി വിജയകുമാറിന്‍റെയും ചിത്രയുടേയും മകളായ ഹരിത വി.കുമാര്‍ ആണ് ഒന്നാം റാങ്ക് ജേതാവ്‌. 20 വര്‍ഷത്തിനു ശേഷമാണ് ഒരു മലയാളി സിവില്‍ സര്‍വ്വീസ്‌ പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കുന്നത്. ആദ്യ ആറു റാങ്കുകളില്‍ നാലെണ്ണം കേരളം സ്വന്തമാക്കി. എറണാകുളം സ്വദേശി വി.ശ്രീരാം രണ്ടാം റാങ്കും മൂവാറ്റുപുഴ അഞ്ചല്‍പ്പെട്ടി സ്വദേശി ആല്‍ബി ജോണ്‍ വര്‍ഗ്ഗീസ്‌ നാലാം റാങ്കും  നേടി. മലയാളിയായ നേടിയ അരുണ്‍ തംബുരാജിനാണ് ആറാം റാങ്ക്. കൂടാതെ പതിമൂന്നാം റാങ്ക് നേടിയ രാഹുല്‍, പതിനെട്ടാം റാങ്ക് നേടിയ തനുപ്രിയ എന്നിവരും മലയാളികളാണ്.
ഇലക്ട്രോണിക്‌സ് ആന്‍ഡ്‌ കമ്യൂണിക്കേഷന്‍ എഞ്ചിനിയറിങില്‍ ബിരുദധാരിയായ ഹരിത നാലാം തവണയാണ് സിവില്‍ സര്‍വീസ് പരീക്ഷയെഴുതന്നത്. എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഏഴാം റാങ്ക് നേടിയിട്ടുള്ള ഹരിത നേരത്തെയെഴുതിയ സിവില്‍ സര്‍വീസ് പരീക്ഷകളിലും മികച്ച റാങ്കുകള്‍ കരസ്ഥമാക്കിയിരുന്നു. സാമ്പത്തികശാസ്ത്രവും മലയാളവും മെയിന്‍ വിഷയങ്ങളായെടുത്താണ് ഹരിത മികച്ച വിജയം നേടിയത്.
ഇന്ത്യന്‍ റവന്യൂ സര്‍വീസില്‍ ഉദ്യോഗസ്ഥയായ ഹരിത ഇപ്പോള്‍ ഫരീദാബാദിലാണ് ജോലി ചെയ്യുന്നത്. നാലാം തവണത്തെ ശ്രമത്തിലാണ് ഒന്നാം റാങ്ക് ലഭിച്ചത്.
സ്കൂള്‍ വിദ്യാഭ്യാസ കാലം മുതല്‍ക്കെ പഠനത്തില്‍ ഉന്നത നിലവാരം പുലര്‍ത്തിയിരുന്ന ഹരിതയുടെ വിജയം കേരളത്തിന്‌ മുഴുവന്‍ അഭിമാനം പകരുന്നു.