സീക്കേ മാടായിക്ക് ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡ്സ്

0

മാലി: ഓണ്‍ലൈനിലൂടെ ആദ്യ മലയാള കവിതാസമാഹാരം പ്രകാശനം ചെയ്ത് പ്രവാസി യുവ കവിയും ഗാനരചയിതാവുമായ സീക്കേ മാടായി 2013 ലെ ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് കരസ്ഥമാക്കി. 2012 ലെ വിഷുദിനത്തില്‍ ലോക മലയാളികള്‍ക്ക് വിഷുകൈനീട്ടമായ് തന്‍റെ പ്രഥമ കവിതാസമാഹാരം 'സ്നേഹോപഹാരം' 11 മിനിട്ട് ദൈര്‍ഘ്യമുള്ള ചലച്ചിത്രരൂപത്തില്‍ യു ട്യൂബില്‍ പ്രകാശനം ചെയ്തുകൊണ്ടാണ് അദ്ദേഹം ഈ ദേശീയ റെക്കോര്‍ഡിന് അര്‍ഹനായത്.

പ്രവാസിയായ ഒരു എഴുത്തുകാരന് തന്‍റെ സൃഷ്ടികള്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കാനുള്ള ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കിയപ്പോള്‍ തോന്നിയ ആശയമാണ് തന്‍റെ കവിതാസമാഹാരം പുതുമയാര്‍ന്ന രൂപത്തില്‍ ഇന്റര്‍നെറ്റില്‍ പ്രകാശനം ചെയ്യുക എന്നാ പരീക്ഷണതിലേക്ക് സിക്കേ മാടായിയെ നയിച്ചത്. ചലിക്കുന്ന അക്ഷരങ്ങളും ചിത്രങ്ങളും കൊണ്ട് വര്‍ണ്ണ വിസ്മയം തീര്‍ക്കുന്ന ഈ സമാഹാരത്തില്‍ വിവിധ കാലഘട്ടങ്ങളിലായി എഴുതപ്പെട്ട 30 കവിതകള്‍ അടങ്ങിയിരിക്കുന്നു.
    
ഒട്ടനവധി കവിതകളും കഥയും കൂടാതെ  ഏതാനും നാടകങ്ങള്‍ക്കും   ആൽബങ്ങള്‍ക്കും  ഗാനരചനയും  നിര്‍വ്വഹിച്ചിട്ടുണ്ട്.
സ്വന്തമായി  രചനയും നിര്‍മ്മാണവും നിര്‍വ്വഹിച്ച് 'സ്നേഹവര്‍ണങ്ങള്‍ ' എന്ന  പ്രണയഗാനങ്ങളുടെ ആല്‍ബം ഈ വര്‍ഷാവസാനം പുറത്തിറക്കാനുള്ള   പ്രയത്നത്തിലാണ് ഇപ്പോള്‍ സീക്കേ മാടായി. പ്രണയം, വിരഹം, ഗൃഹാതുരത്വം, പ്രകൃതി, വിപ്ലവം, ഭക്തി, രാഷ്ട്രീയം, സാമൂഹ്യപ്രതിബദ്ധത തുടങ്ങിയ വിഷയങ്ങളില്‍ തന്‍റെ  തൂലിക ചലിപ്പിച്ച് ഈ കാലയളവിനുള്ളില്‍ വായനക്കാരുടെ മനസ്സില്‍ ഇടം നേടാന്‍ ഈ സാഹിത്യകാരന് കഴിഞ്ഞിട്ടുണ്ട്.

ഇപ്പോള്‍ മാലദ്വീപില്‍ ഗണിതശാസ്ത്ര അധ്യാപകനായി ജോലി ചെയ്തു വരുന്ന ഇദ്ദേഹത്തിന് മലയാള സാഹിത്യത്തില്‍  ഇനിയും ഒരുപാട് സംഭാവനകള്‍ നല്‍കാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

ഭാര്യ: രതിക രാജു; മക്കള്‍: അഭിനന്ദ് സി.കെ., അനുഗ്രഹ്  സി.കെ