രാമായണ മാസമാണ് ഇപ്പോള്‍. കുട്ടിക്കാലം മുതല്‍ അധ്യാത്മ രാമായണം വായിക്കുന്ന ശീലമുണ്ട്. ആദ്യമൊക്കെ ചിലഭാഗങ്ങള്‍ മാത്രമാണ് വായിച്ചിരുന്നത്. പിന്നീട് എല്ലാ വര്‍ഷവും കര്‍ക്കിടക മാസത്തില്‍ രാമായണം മുഴുവന്‍ വായിക്കുന്ന പതിവുണ്ടായി. പിന്നീട് കര്‍ക്കിടകം എന്ന കണക്ക് വച്ചല്ല, വായനയുടെ സാധ്യതയും നിര്‍ബന്ധങ്ങളും സന്ദര്‍ഭങ്ങളും രാമായണത്തിലേക്കു ക്ഷണിക്കുമ്പോഴൊക്കെ അതിലേക്കു കടന്നു ചെല്ലുന്ന രീതിയായി. പലരെയും പോലെ ആദ്യകാലത്ത് ഞാനും വിചാരിച്ചിരുന്നത് എഴുത്തച്ഛന്‍റെ അദ്ധ്യാത്മരാമായണം വാല്‍മീകിയുടെ രാമായണത്തിന്‍റെ സ്വതന്ത്ര പരിഭാഷ ആണെന്നായിരുന്നു.
വാല്‍മീകി |
വാല്‍മീകി രാമായണത്തില്‍ നിന്ന് വ്യത്യസ്തമായി കഥാ സന്ദര്‍ഭങ്ങള്‍ എഴുത്തച്ഛന്‍ കൈകാര്യം ചെയ്യുനതിനെക്കുറിച്ചുള്ള നിരവധി പരാമര്‍ശങ്ങള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ഹൈസ്കൂള്‍ പഠനത്തിന്‍റെ കാലത്ത് കാമില്‍ ബുല്‍ക്കെയുടെ "രാമകഥ' (Camille Bulcke: Ramakatha, Utpatti aur Vikasa (Hindi), Allahabad, 1950) എന്ന പുസ്തകം വായിച്ചപ്പോഴാണ് വാല്‍മീകി രാമായണത്തിന്‍റെ വിവ൪ത്തനമല്ല, അജ്ഞാത നാമാവായ ഒരു തെലുഗു കവിയുടെ 'അധ്യാത്മ രാമായണം' എന്ന സംസ്കൃത കൃതിയുടെ വിവ൪ത്തനമാണ് എഴുത്തച്ഛന്‍റെത് എന്ന് മനസിലായത്. ഇതിന്‍റെ മലയാള പരിഭാഷ കേരള സാഹിത്യ അക്കാദമി 1978-ല്‍ പ്രസിദ്ധീകരിച്ചു. അതാണ് ഞാന്‍ വായിച്ചത്. (പതിനഞ്ചാം നൂറ്റാണ്ടില്‍ തന്നെ വാല്‍മീകി രാമായണം (അധ്യാത്മ രാമായണം അല്ല) തെലുങ്കിലേക്ക് തര്‍ജ്ജമ ചെയ്ത കവയിത്രി ആത്തുകുറി മോല്ലയുടെ പ്രതിമ ആന്ധ്രയില്‍ പല സ്ഥലത്തും സ്ഥാപിച്ചിട്ടുണ്ട്. സാധാരണക്കാര്‍ക്ക് മനസ്സിലാവുന്ന ഭാഷയിലാണത്രെ അതു നിര്‍ഹിച്ചിട്ടുള്ളത്. അവിടെ ഒരു മോല്ല സാഹിതീ പീഠവുമുണ്ട്). പിന്നീട് അദ്ധ്യാത്മരാമായണം മൂലകൃതി വായിക്കാനുള്ള ശ്രമമായി. കലാലയ പഠന കാലത്താണ് ആ കൃതി കയ്യില്‍ കിട്ടിയത്. സംസ്കൃതത്തില്‍ എടുത്തു പറയത്തക്ക അടിസ്ഥാനമില്ലാത്ത എനിക്ക് പരസഹായമില്ലാതെ അത് വായിച്ചു തീര്‍ക്കുക ബുദ്ധിമുട്ടായിരുന്നു എന്ന് പറയേണ്ടതില്ലല്ലോ. സംസ്കൃതാധ്യാപകന്‍റെ സഹായത്തോടെ ആണ് ഞാന്‍ അത് അന്ന് വായിച്ചത്. എങ്കിലും ആ വായന വലിയൊരു അനുഭവമായിരുന്നു. ഈ മൂല കൃതിയെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ എഴുത്തച്ഛനെ കുറിച്ചുള്ള ചര്‍ച്ചകളില്‍ കാര്യമായി കടന്നു വരാത്തത് എന്തുകൊണ്ട് എന്ന് ഞാന്‍ അത്ഭുതപ്പെട്ടു. കാരണം സ്വതന്ത്ര വിവര്‍ത്തനം എന്ന് പെട്ടെന്ന് പറഞ്ഞു പോകാനാവാത്ത വിധം വിധം മൂല കൃതിയെ പിന്‍പറ്റുന്നതാണ് എഴുത്തച്ഛന്‍റെ വിവരര്‍ത്തനം എന്ന് എനിക്കപ്പോള്‍ ബോധ്യമായി. വിവര്‍ത്തനത്തിനു മൂല കൃതിയുമായുള്ള ബന്ധത്തെ കുറിച്ച് കാര്യമായ യാതൊരു താരതമ്യപഠനവും ഇപ്പോഴും കിട്ടാനില്ല എന്നതാണ് സ്ഥിതി.
വിവര്‍ത്തനത്തെ കുറിച്ച് പറയുന്നതിന് മുന്‍പ് അധ്യാത്മ രാമായണവും വാല്‍മീകി രാമായണവും തമ്മിലുള്ള അടിസ്ഥാന വ്യത്യാസത്തെ കുറിച്ച് പറയേണ്ടതുണ്ട്. വാല്‍മീകി രാമായണം അതിലെ അവതാര കഥയുടെ ആവരണത്തിനുള്ളിലും ഒരു ഭക്ത കൃതിയല്ല. അതിലെ നൈതിക -ഭൌതിക മൂല്യ വ്യവസ്ഥകള്‍ സാമൂഹിക വിചാരണയുടെ വിമര്‍ശനാത്മക പാരമ്പര്യതിലുള്ളതാണ്. എന്നാല്‍ അധ്യാത്മ രാമായണം പ്രാഥമികമായും ഒരു ആത്മീയ ഗ്രന്ഥമാണ്. കേരളീയ ഫ്യൂഡല്‍ വ്യവസ്ഥയിലെ ജീര്‍ണ്ണതകളോടുള്ള വിമ൪ശനം അധ്യാത്മ രാമായണത്തില്‍ ഉണ്ടെന്നു പറയുന്നവരുണ്ട്. ഇത് കൂടുതല്‍ ച൪ച്ച ആവശ്യമുള്ള ഒരു നിരീക്ഷണമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.
വിവര്‍ത്തനം എങ്ങനെയുള്ളതാണ് എന്നത് പ്രധാനമാവുന്നത് അതിലെ ദാര്‍ശനിക പശ്ചാത്തലത്തെ കുറിച്ച് സവിശേഷമായി ചര്‍ച്ച ചെയ്യുമ്പോഴാണ്. അതിന്‍റെ ഭാഷാപരമായും ചരിത്രപരമായും ഉള്ള പ്രാധാന്യം മറ്റൊരു വിഷയമാണ്. അതില്‍ ഇന്നുള്ള ചില 'സര്‍വസമ്മത' വിചാരങ്ങള്‍ ചോദ്യം ചെയ്യപ്പെടെണ്ടി വരും. അത്തരം പഠനത്തിനുള്ള ഉദാഹരണമാണ് വി എന്‍ റാവു എഴുതിയ “The Politics of Telugu Ramayanas: Colonialism, Print Culture, and Literary Movements.” എന്ന ലേഖനം (In ‘Questioning Ramayanas: A South Asian Tradition’, edited by Paula Richman, pp. 159-85. Berkeley: University of California Press, 2001 ) .
തെക്കന്‍ കേരളത്തില്‍ മുന്‍പ് വീടുകളില്‍ ഭക്തി പൂര്‍വ്വം വായിച്ചുകൊണ്ടിരുന്നത് കണ്ണശ്ശ രാമായണമായിരുന്നു. എന്തുകൊണ്ട് കണ്ണശ്ശ രാമായണത്തിനു ഈ സ്ഥാനം നഷ്ടപ്പെട്ടു എന്നത് അധ്യാത്മ രാമായണത്തിന്‍റെ ലാവണ്യശക്തി കൊണ്ട് മാത്രം വിശദീകരിക്കേണ്ടതല്ല എന്ന് തോന്നുന്നു. കന്യാകുമാരി ഒടുവില്‍ തമിഴ് നാട്ടിലായത് തന്നെ ഈ മലയാളം ഇങ്ങനെ വളര്‍ന്നത് കൊണ്ടാണ് എന്നും പറയാം. എന്തോ കുഴപ്പമുണ്ടായി എന്നല്ല പറയുന്നത്-ഉണ്ടായത് എന്താണ് എന്ന് ചരിത്രപരമായി കൂടി ചിന്തിക്കണം എന്നാണ്. മൂല കൃതിയുടെ ദാര്‍ശനികത ചോര്‍ന്നു പോവാതെ വിവര്‍ത്തനം നിര്‍വഹിച്ചു എന്നത് ശെരിയാണ്. അതുകൊണ്ട് ഈ വിവര്‍ത്തനം നിര്‍വഹിച്ച ഭാഷാ പരമായ പ്രാധാന്യങ്ങളും അതിന്‍റെ ചരിത്രപരവും രാക്ഷ്ട്രീയവുമായ സാംഗത്യവും ഒട്ടും കുറയുന്നില്ല . അതേ കുറിച്ചല്ല ഇപ്പോള്‍ പറയുന്നത്. ഉള്ളടക്കത്തിലെ ദാര്‍ശനികതയെ കുറിച്ചാണ്. അതിനോട് യോജിക്കാം വിയോജിക്കാം. പക്ഷെ അത് എഴുതച്ഛന്‍റെയല്ല. മൂല കൃതിയിലേത് തന്നെയാണ്. അദ്ദേഹം അത് സ്വീകരിച്ചു എന്ന അര്‍ത്ഥത്തില്‍ അത് അദ്ദേഹത്തിന്‍റെതുമാണ്. മലയാളം ആയി രൂപപ്പെട്ട ഡയലക്റ്റ് മറ്റു ഗോത്ര ഡയലക്ടുകളെ പിന്തള്ളി കേരളത്തിലെ മുഖ്യ ഭാഷ ആവുന്നതില്‍ ഈ വിവര്‍ത്തനത്തിന്‍റെ പ്രചാരം സഹായിച്ചിട്ടുണ്ട്എന്ന് തോന്നുന്നു.
എഴുത്തച്ഛന്‍റെ ഭാഷയെ കുറിച്ച് കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍റെ ഒരു ശ്ലോകം ധാരാളമായി ഉദ്ധരിച്ചു കാണാറുണ്ട്.
"നമുക്കെഴുത്തച്ഛനെടുത്ത ഭാഷാ
ക്രമ ക്കണക്കെ ശരണം ജനങ്ങള്‍
സമസ്തരും സമ്മതിയാതെ കണ്ടാ
സമര്‍ത്ഥനോതില്ലൊരു വാക്ക് പോലും"
എന്ന് പറയുമ്പോള്‍ അത് വിമര്‍ശനാത്മകമായി വായിക്കേണ്ടതാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഇങ്ങനെ അദ്ദേഹം കോടുങ്ങല്ലൂരിരുന്നു വിധി പറയുമ്പോള്‍ അതിനു പിന്നാമ്പുറത്തെയും മുന്നാമ്പുറത്തെയും ചരിത്രമൊക്കെ ഒന്ന് നോക്കിയ ശേഷം അത് സ്വീകരിക്കുന്നതില്‍ തെറ്റൊന്നുമില്ല. ആ കണക്കിന് എങ്ങനെ സമ്മതി കിട്ടി എന്നും, സമ്മതി കൊടുത്ത ഈ 'ജനങ്ങള്‍ സമസ്തര്‍' ആരാണെന്നതും, പ്രധാന ചോദ്യങ്ങള്‍ തന്നെ. എഴുത്തച്ഛന്റെതാണ് കൂടുതല്‍ ലളിതമായ ഭാഷ എന്നും പറയാന്‍ കഴിയില്ല. ലാളിത്യമല്ല അതിന്‍റെ ആകര്‍ഷകത. കണ്ണശ്ശ രാമായണം ആ അര്‍ത്ഥത്തില്‍ കുറെക്കൂടി സ്വീകാര്യമായിരുന്ന ബഹുജനത്തിന്‍റെ ഭാഷയില്‍ രചിച്ചിട്ടുള്ളതാണ്.
"നരപാലകര്‍ ചിലരിതിന് വിറച്ചാര്‍
നലമുടെ ജാനകി സന്തോഷിച്ചാള്‍
അരവാദികള്‍ ഭയമീടുമിടി ധ്വനിയാല്‍ മയിലാനന്ദിപ്പതുപോലെ" എന്നും
"കാരതാരിണയാലെ തടമുല മൂടി-
യഴറ്റൊടതീവ
തളര്‍ന്നു ചുരുങ്ങി അധോമുഖിയായേ
ചുടു ചുട നെടുŐ