ന്യൂഡല്‍ഹി: 47 ചൈനീസ് ആപ്പുകള്‍ കൂടി കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് നിരോധിച്ചു. കഴിഞ്ഞ മാസം 59 ആപ്പുകളുടെ ക്ലോണ്‍ പതിപ്പുകള്‍ കൂടിയാണ് സര്‍ക്കാര്‍ നിരോധിച്ചത്. ഇവ ഏതെല്ലാമെന്നതിന്റെ പട്ടിക ഉടന്‍ പുറത്തിറങ്ങും. ക്ലോൺ പതിപ്പുകൾ പ്ലേ സ്റ്റോറുകളിൽ ഉൾപ്പെടെ ലഭ്യമായ സാഹചര്യത്തിലാണ് ഐടി മന്ത്രാലയത്തിന്റെ നടപടി. ഇവയ്ക്ക് പുറമേ 275 ചൈനീസ് ആപ്പുകൾ കൂടി നിരോധിക്കപ്പെടുമെന്ന് റിപ്പോർട്ടുകളുണ്ട്. ചില മുന്‍ നിര ഗെയിമിംഗ് ആപ്പുകള്‍ പുതിയ പട്ടികയിലുണ്ടെന്നാണ് വിവരം.
ഡാറ്റാ ചോര്‍ച്ച ഉണ്ടാകുന്നുവെന്ന് കണ്ടെത്തിയ ആപ്പുകളുടെ പട്ടികയാണ് സര്‍ക്കാര്‍ തയ്യാറാക്കിയത്. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന ആപ്പുകളാണ് ഇവയെന്നാണ് സര്‍ക്കാരിന്റെ നിഗമനം. സ്വകാര്യത, ദേശീയ സുരക്ഷാ ലംഘനം എന്നിവയുമായി ബന്ധപ്പെട്ട് 250 ഓളം ആപ്പുകള്‍ നിരീക്ഷണത്തിലാണെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
പബ്ജി, സിലി, റെസ്സോ, അലിഎക്സ്പ്രസ്, യൂ ലൈക്ക് തുടങ്ങിയ ആപ്പുകള്‍ പട്ടികയിലുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചൈനീസ് ടെക് ഭീമന്മാരായ മെയ്തു, എല്‍.ബി.ഇ ടെക്, പെര്‍ഫക്ട് കോര്‍പ്, സിന കോര്‍പ്പ്, നെതീസ് ഗെയിംസ്, സൂസൂ ഗ്ലോബല്‍ തുടങ്ങി യവയും പട്ടികയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ലോകത്ത് ഏറ്റവുമധികം പ്രചാരത്തിലുള്ള ഗെയിം ആപ്ലിക്കേഷനായ പബ്ജി ദക്ഷിണ കൊറിയന്‍ വീഡിയോ ഗെയിം കമ്പനിയായ ബ്ലൂഹോളിന്റെ അനുബന്ധ സ്ഥാപനമാണ് പബ്ജി വീഡിയോഗെയിം വികസിപ്പിച്ചതെങ്കിലും, ചൈനയുടെ ഏറ്റവും മൂല്യവത്തായ ഇന്റര്‍നെറ്റ് കമ്പനിയായ ടെന്‍സെന്റിന്റെ പിന്തുണയും ഇതിനുണ്ട്.
ടിക്, ടോക്, യുസി ബ്രൗസര്‍ തുടങ്ങിയ ഏറെ പ്രചാരമുള്ള ചൈനീസ് ആപ്പുകളാണ് നേരത്തെ സര്‍ക്കാര്‍ നിരോധിച്ചത്. ചൈനീസ് കമ്പനികൾക്ക് 300 മില്യൺ ഉപഭോക്താക്കളാണ് ഇന്ത്യയിലുള്ളത്. ഇന്ത്യയിലെ സ്മാർട്ട് ഫോൺ ഉപഭോക്താക്കളാണ്. ലഡാക്കില്‍ ചൈനീസ് അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തിന് ശേഷം ഇന്ത്യ നിരോധിച്ച ആപ്പുകളുടെ എണ്ണം ഇതോടെ 106 ആയി.