സരിന്‍ വിഷമയമായി സിറിയ…

0

ലോകജനതയെ നടുക്കിയ രാസായുധ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും അടക്കം രണ്ടായിരത്തോളം ജീവനുകള്‍ അപഹരിക്കപ്പെട്ട്, സിറിയ സമൂഹത്തിനുമുമ്പില്‍ ഒരു ചോദ്യചിഹ്നമായ് നില്‍ക്കുന്നു.. കുരുന്നുജീവനുകള്‍ പ്രാണവായുവിനുപകരം വിഷവാതകം ശ്വസിച്ചു മരിച്ചുവീഴുമ്പോഴും, രാസായുധ പ്രയോഗം നടത്തിയിട്ടില്ല എന്ന വാദത്തിലാണ് ഭരണകൂടം.

സിറിയയില്‍ വിമതരുടെ നിയന്ത്രണത്തിലുള്ള ഡമാസ്കസ് പ്രവിശ്യയില്‍ ബുധനാഴ്ച രാവിലെ മുതലാണ്‌ റോക്കറ്റ് മുഖാന്തരം മാരകമായ സരിന്‍ വാതക പ്രയോഗം നടന്നത്. ഇതിനെക്കുറിച്ച്‌ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍, ഒരു യു എന്‍ വിദഗ്ധ സമിതി, പരിശോധനയ്ക്കായി അവിടെ എത്തിയിരുന്നു. എന്നാല്‍, അവര്‍ക്ക് പ്രശ്നബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. യു എന്‍ രക്ഷാസമിതി ഈ പ്രശ്നത്തില്‍ അടിയന്തിരയോഗം ചെര്‍ന്നുവെങ്കിലും ലോകരാജ്യങ്ങളുടെ വ്യത്യസ്ത നിലപാടുകള്‍ കാരണം വ്യക്തമായ തീരുമാനങ്ങള്‍ എടുക്കണോ, ഇടപെടലുകള്‍ നടത്താനോ സാധിച്ചിട്ടില്ല.

അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ഇസ്രയേല്‍, സൗദി അറേബിയ എന്നീ രാജ്യങ്ങള്‍ രാസായുധ ആക്രമണത്തെ ശക്തമായി അപലപിച്ചപ്പോള്‍, റഷ്യ, ചൈന ഇറാന്‍ എന്നീ രാജ്യങ്ങള്‍ സമാനമായ നിലപാട് കൈക്കൊണ്ടില്ല. സിറിയയിലെ ഭരണാധികാരി, ബാഷര്‍ അല അസദിനെ ലോകത്തിനു മുമ്പില്‍ കുറ്റക്കാരനായി ചിത്രീകരിക്കാന്‍ വിമതരുടെ കരുതിക്കൂട്ടിയുള്ള ആക്രമണം ആകാനാണ് കൂടുതല്‍ സാധ്യത എന്നാണു അവര്‍ വാദിക്കുന്നത്.
യു എന്‍ വിദഗ്ധ സമിതി, പരിശോധനയ്ക്കായി രാജ്യത്ത് ഉള്ളപ്പോള്‍ സൈന്യം ഇത്തരത്തിലുള്ള ഒരു ആക്രമണം നടത്താന്‍ മുതിരില്ല എന്നാണു, ഔദ്യോഗിക വക്താകളും പറയുന്നത്.

യു എന്‍ പരിശോധനാ സംഘം അടിയന്തിരമായി സ്ഥലം സന്ദര്‍ശിച്ചു കാര്യങ്ങള്‍ക്ക് സുതാര്യത വരുത്തണമെന്ന് അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ഇസ്രയേല്‍, സൗദി അറേബിയ എന്നീ രാജ്യങ്ങള്‍ സംയുക്തമായി ആവശ്യപ്പെട്ടു. സിറിയന്‍ പ്രതിപക്ഷവും ഇതേ ആവശ്യമാണ്‌ ഉന്നയിക്കുന്നത്. ഇതുവരെ എത്രപേര്‍ക്ക് മരണം സംഭവിച്ചു എന്ന വ്യക്തമായ കണക്കുപോലും അറിയാതെ സിറിയന്‍ ജനത കേഴുകയാണ്.

മാരക വിഷം ശ്വസിച്ച് മൃതപ്രായരായി ഒരു കൂട്ടം വേറെയും. വെള്ളയില്‍ പൊതിഞ്ഞ കുരുന്നിലെ നുള്ളിയെടുക്കപ്പെട്ട കുഞ്ഞുങ്ങളുടെ ശവശരീരങ്ങള്‍ കണ്ടിട്ടെങ്കിലും ലോകം ഉണരുമെന്ന് വിശ്വസിച്ചു അവര്‍ കാത്തിരിക്കുന്നു…