മാലിദ്വീപ് തെരഞ്ഞെടുപ്പ്‌ ചൂടില്‍: ഇന്ത്യയും ഐക്യരാഷ്‌ട്രസംഘടനയും നിരീക്ഷിക്കുന്നു.

0

മാലെ: രണ്ടായിരത്തോളം ദ്വീപുകളടങ്ങുന്ന,  ഇന്ത്യന്‍ മഹാസമുദ്രത്തിലെ വിനോദ സഞ്ചാര കേന്ദ്രം കൂടിയായ, മാലിദ്വീപില്‍ ജനാധിപത്യരീതിയില്‍ നടക്കുന്ന രണ്ടാമത്തെ തെരഞ്ഞെടുപ്പ് ലോകരാജ്യങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നു.
 
സെപ്തംബര്‍  7 ന്‌ നടക്കുന്ന പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌ ഇന്ത്യയും ഉറ്റുനോക്കുന്നു.  മാലിദ്വീപിലെ പ്രവാസിഭാരതീയര്‍ക്കും ഇത് നിര്‍ണായകമാണ്‌.
 
മത്സരരംഗത്തുള്ള പ്രധാനപ്പെട്ട രാഷ്‌ട്രീയ പാര്‍ട്ടികളും നേതാക്കളും  അയൽരാജ്യമായ ഇന്ത്യയുടെ സഹായം തേടുമ്പോൾ ചൈന, അമേരിക്ക തുടങ്ങിയ രാജ്യങ്ങളുടെ  സഹായം കാംക്ഷിക്കുന്ന  പ്രധാന നേതാക്കളുമുണ്ട്‌.
 
ചൈനയും അമേരിക്കയുമായുള്ള ബന്ധം ഭാവിയില്‍  മാലിദ്വീപിലെ ഭാരതീയര്‍ക്കും ഇന്ത്യയുടെ സുരക്ഷയ്ക്കും ദോഷകരമാകുമെന്നാണ്‌ വിലയിരുത്തപ്പെടുന്നത്. അതുകൊണ്ട് ഇന്ത്യയും ഈ  തെരഞ്ഞെടുപ്പ്  സുതാര്യവും നീതിപൂര്‍വ്വവും   ആയി നടത്താനുള്ള  എല്ലാ സഹായവുമായി എത്തിയിട്ടുണ്ട്‌.
 
2008 ല്‍  ജനാധിപത്യരീതിയില്‍  നടന്ന  ആദ്യ   തെരഞ്ഞെടുപ്പില്‍,  30 വര്‍ഷക്കാലം മാലിദ്വീപിന്റെ  സര്‍വാധികാരിയായിരുന്ന മൗമൂന്‍ അബ്‌ദുള്‍ ഗയൂമിനെ പരാജയപ്പെടുത്തി അധികാരത്തിലെത്തിയ  മുഹമ്മദ്‌ നഷീദും  കോടതിയുമായി ഉണ്ടായ തര്‍ക്കവും ജഡ്ജിയുടെ അറസ്റ്റും  രാജ്യത്ത്‌ അക്രമത്തിനും പോലീസ്‌, സൈനിക വാഴ്‌ചയ്‌ക്കും ഇടയാക്കി. അതേത്തുടർന്ന് 2012 ഫെബ്രുവരി 7ന് നഷീദ് രാജിവെച്ച് സ്ഥാനമൊഴിഞ്ഞപ്പോൾ, അന്ന് വൈസ് പ്രസിഡന്റ്‌  ആയിരുന്ന ഡോ. മുഹമ്മദ്‌ വഹീദ്‌ ഹസൻ നിയമാനുസൃതം രാജ്യത്തിന്റെ പ്രസിഡന്റ്‌ സ്ഥാനമേറ്റെടുത്തു. തന്നെ ഭീഷണിപ്പെടുത്തി സ്ഥാനഭ്രഷ്ടനാക്കിയതാണെന്നും  വീണ്ടും തെരഞ്ഞെടുപ്പ്  നടത്തണമെന്നുമുള്ള മുൻ  പ്രസിഡന്റ്‌ നഷീദിന്റെ മുറവിളികൾക്കും ഇന്ത്യ അടക്കമുള്ള മറ്റുരാജ്യങ്ങളുടെ ഇടപെടലുകൾക്കുമൊടുവിലാണ്,  ഈ സർക്കാരിന്റെ കാലാവധി തീരാറായ സാഹചര്യത്തിലുള്ള ഈ തെരഞ്ഞെടുപ്പ്.
 
7 ന്‌ നടക്കുന്ന തെരഞ്ഞെടുപ്പിൽ മുഖ്യ എതിരാളികള്‍ എം.ഡി.പിയിലെ മുഹമ്മദ്‌ നഷീദും ജി.ഐ.പിയിലെ ഡോ. മുഹമ്മദ്‌ വഹീദ്‌ ഹസനുമാണ്‌.  ഡി.ഡി.എമ്മിലെ അബ്‌ദുൾ യാമിന്‍, ജെ.പിയിലെ കാസിം ഇബ്രാഹിം എന്നിവരാണ് മറ്റു സ്ഥാനാർഥികൾ.  4 ലക്ഷത്തോളം വരുന്ന മാലിദ്വീപ്  ജനസംഖ്യയിലെ  2,39,593 വോട്ടര്‍മാരിൽ നിന്നും ആകെ പോള്‍ ചെയ്യുന്ന വോട്ടിന്റെ 50 ശതമാനത്തില്‍ അധികം ലഭിക്കുന്നയാള്‍ പ്രസിഡന്റാകും. ആദ്യ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ 28 ന്‌ വീണ്ടും വോട്ടെടുപ്പ്‌ നടക്കും.
2008 ഒക്ടോബർ  8ന്  നടന്ന തെരഞ്ഞെടുപ്പിൽ ആദ്യ വട്ടം ആർക്കും ഭൂരിപക്ഷം ലഭിച്ചില്ല. തുടർന്ന് 28ന് നടന്ന രണ്ടാംവട്ട വോട്ടെടുപ്പിലാണ് കൂട്ടുകക്ഷികളുടെ ബലത്തിൽ 53.65 % ഭൂരിപക്ഷം നേടി അന്ന് നഷീദ്  അധികാരത്തിലെത്തിയത്.

ഈ തെരഞ്ഞെടുപ്പിൽ ആദ്യ വട്ടം തന്നെ ഭൂരിപക്ഷം ലഭിക്കുമെന്ന പ്രതീക്ഷയാണ് നഷീദ് തന്റെ പ്രചാരണ വേദികളിൽ പ്രകടമാക്കുന്നതെങ്കിലും, പ്രവചനാതീതമാണെന്നും തെരഞ്ഞെടുപ്പ് ഫലം വരെ കാത്തിരിക്കേണ്ടി വരുമെന്നുമാണ് ഭൂരിപക്ഷം മാലിക്കാരുടെയും അഭിപ്രായം. 7 ന് രാത്രിതന്നെ ഫലം ലഭ്യമാകുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്.
 
സീപ്ലെയിനുകളിലും സ്പീഡ് ബോട്ടുകളിലും സഞ്ചരിച്ചാണ്‌ ദ്വീപുകളിൽ നേതാക്കളുടെ പ്രചാരണം. രാപ്പകല്‍ വ്യത്യാസമില്ലാതെ ഉച്ചഭാഷിണികളിലൂടെ പ്രചാരണം മുഴക്കിയും  രാഷ്ട്രീയപാർട്ടികളുടെ പതാകകളും തോരണങ്ങളും കൊണ്ട് നിറഞ്ഞും, വിദേശ വിനോദ സഞ്ചാരികളുടെ പറുദീസയായ, മാലിദ്വീപ് ഇപ്പോൾ തെരഞ്ഞെടുപ്പ് ചൂടിലാണ്.
 
അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാനും തെരഞ്ഞെടുപ്പ് സുഗമമാക്കുവാനുമുള്ള മുൻകരുതലുകൾ  പോലീസ്‌, സൈനിക വിഭാഗങ്ങൾ എടുത്തിട്ടുണ്ട്.
 
ഈ അടുത്ത കാലത്ത് അറസ്‌റ്റ്‌ ഭയന്ന്‌ ഇന്ത്യന്‍ എംബസിയില്‍ അഭയം തേടിയ മുന്‍ പ്രസിഡന്റ്‌ മുഹമ്മദ്‌ നഷീദ്‌ കഴിഞ്ഞ 18 മാസക്കാലം എല്ലാ ദ്വീപുകളും സന്ദര്‍ശിച്ച്‌ പ്രവര്‍ത്തണം നടത്തിയിരുന്നു. ഇന്ത്യ ഇദ്ദേഹത്തെ അതിരുവിട്ട്‌ സഹായിച്ചുവെന്ന്‌ നിലവിലെ പ്രസിഡന്റ്‌ ആരോപിച്ചത്‌ ഇന്ത്യയുമായുള്ള ബന്ധം ഉലയാന്‍ ഇടയാക്കി. എന്നാല്‍, കഴിഞ്ഞ മേയില്‍ വഹീദ്‌ ഇന്ത്യയില്‍ എത്തിയിരുന്നു.

തെരഞ്ഞെടുപ്പു രംഗത്തുള്ള മറ്റു സ്‌ഥാനാര്‍ഥികളും ഇലക്ഷന്‍ കമ്മിഷണറും ചീഫ്‌ ജസ്‌റ്റീസും അടുത്തിടെ ഇന്ത്യയില്‍ എത്തി ചര്‍ച്ചകള്‍ നടത്തിയിരുന്നു. കേന്ദ്രപ്രതിരോധ മന്ത്രി എ.കെ. ആന്റണി മാലിദ്വീപ്‌ സന്ദര്‍ശിച്ചതും ശ്രദ്ധിക്കപ്പെട്ടു.
 
തെരഞ്ഞെടുപ്പിനു മുന്നോടിയായി ഐക്യരാഷ്‌ട്രസംഘടനയില്‍ നിന്നും കോമണ്‍വെല്‍ത്തിൽ നിന്നും നിരീക്ഷകര്‍ ഇവിടെ എത്തിയിട്ടുണ്ട്‌. ഇന്ത്യയില്‍നിന്നു മുന്‍ മുഖ്യതെരഞ്ഞെടുപ്പ്‌ കമ്മിഷണര്‍ ജെ.എം. ലിങ്‌ഡോ, മുന്‍ കമ്മീഷണര്‍മാരായ ബി.ബി. ടന്‍ഡന്‍, എന്‍. ഗോപാലസ്വാമി, മുന്‍ നയതന്ത്രജ്‌ഞന്‍ എസ്‌.എം. ഗവായി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും മാലിയിൽ എത്തി. നിരവധി ദ്വീപുകള്‍ സന്ദര്‍ശിച്ച്‌ ഇവര്‍ തെരഞ്ഞെടുപ്പ്‌ ക്രമീകരണങ്ങള്‍ വിലയിരുത്തും.
 
വാർത്ത അയച്ചത്‌ : സീക്കേ മാടായി, മാലിദ്വീപ്.