സിംഗപ്പൂര്‍: പൊതുസ്ഥലങ്ങളിലെ മദ്യഉപഭോഗം മൂലം പൊതുജനങ്ങള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങളും മലിനീകരണവും കണക്കിലെടുത്തു മദ്യത്തിന്റെ വില്പനയിലും ഉപഭോഗത്തിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സിംഗപ്പൂര്‍ സര്‍ക്കാര്‍ ആലോചിക്കുന്നു.
റീട്ടെയില്‍ ഷോപ്പുകളില്‍ നടക്കുന്ന മദ്യവില്പന നടത്താന്‍ അനുവദിച്ചിരിക്കുന്ന സമയം ഇനിയും വെട്ടി ചുരുക്കുവാനുള്ള നിര്‍ദേശമാണ് മുന്നോട്ടു വച്ചിട്ടുള്ളത്. നേരത്തെതന്നെ അര്‍ദ്ധരാത്രി മുതല്‍ രാവിലെ വരെ റീട്ടെയില്‍ ഷോപ്പുകളില്‍ മദ്യവില്പന നിരോധനം നിലവിലുണ്ട്. 'വൊയിഡ് ഡക്കുകള്‍', പാര്‍ക്കുകള്‍, 'പ്ലേ ഗ്രൌണ്ടുകള്‍' , MRT സ്റ്റെഷനുകള്‍ തുടങ്ങിയവയെ 'മദ്യവിരുദ്ധ മേഖലകള്‍' (No-alcohol zone) ആയി പ്രഖ്യാപിക്കുവാനും പദ്ധതിയുണ്ട്.
ലിറ്റില്‍ ഇന്ത്യ, റോബര്‍ട്ട്‌സണ്‍ ക്വേ തുടങ്ങിയ സ്ഥലങ്ങളില്‍ താമസക്കാര്‍ക്ക് ശല്യമുണ്ടാക്കും വിധം പരസ്യ മദ്യപാനം വര്‍ദ്ധിച്ചതായിറിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. റീട്ടെയില്‍ ഷോപ്പുകളില്‍ സുലഭമായി മദ്യം ലഭിക്കുന്നതു ഇതിനുള്ള ഒരു കാരണമായി വിലയിരുത്തപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തില്‍ ആണ് പുതിയ നിയമം പ്രാബല്യത്തില്‍ വരുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.
അടുത്ത വര്‍ഷം ആദ്യം നിയമങ്ങള്‍ നടപ്പില്‍ വരുത്തുവാനാണ് ഉദ്ദേശിക്കുന്നത്. അതിനു മുന്നോടിയായി പൊതുജനങ്ങള്‍ക്കുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും [email protected] എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയക്കാവുന്നതാണ്.