സന്തോഷവാര്‍ത്ത ,കാത്തിരിപ്പിനൊടുവില്‍ മാലിന്‍ഡോ എയര്‍ കൊച്ചിയിലേക്ക്

0
കോലാലംപൂര്‍ : കൊച്ചിയിലേക്കുള്ള ബുക്കിംഗ് ആരംഭിച്ചുകൊണ്ട്  മാലിന്‍ഡോ എയര്‍ മലയാളികള്‍ക്ക് നല്‍കിയ വാഗ്ദാനം നിറവേറ്റിയിരിക്കുന്നു.കോലാലംപൂര്‍ -കൊച്ചി സെക്റ്ററില്‍ കടുത്ത മത്സരത്തിനു വഴിതെളിച്ചുകൊണ്ടാണ്  മാലിന്‍ഡോയുടെ പ്രവേശനം .എയര്‍ ഏഷ്യ ഏപ്രില്‍ മുതല്‍ കൊച്ചിയിലേക്ക് അധിക സര്‍വീസ് പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ്  മാലിന്‍ഡോ എയര്‍ സര്‍വീസ് ആരംഭിക്കുന്നത് .ആകര്‍ഷകമായ നിരക്കുകളാണ് മാലിന്‍ഡോ എയര്‍  പ്രഖ്യാപിച്ചിരിക്കുന്നത് .
 
ഏപ്രില്‍ 24 മുതലാണ്‌ മാലിന്‍ഡോ എയര്‍  കൊച്ചിയിലേക്ക് സര്‍വീസ് തുടങ്ങുന്നത് .ആഴ്ചയില്‍ ഏഴ് സര്‍വീസുകള്‍ ഉണ്ടായിരിക്കുമെന്ന് എയര്‍ലൈന്‍ വക്താക്കള്‍ അറിയിച്ചു .വൈകിട്ട് 9.10-നു കോലാലംപൂരില്‍ നിന്ന് പുറപ്പെടുന്ന വിമാനം 10.35-നു കൊച്ചിയില്‍ എത്തിച്ചേര്‍ന്ന ശേഷം   11.35-ന് മടങ്ങുന്ന രീതിയിലാണ് സമയക്രമീകരണം .കൊച്ചിയിലേക്ക് 8000 രൂപയ്ക്ക് യാത്ര ചെയ്യാനുള്ള ഓഫറുകള്‍ ഇപ്പോള്‍ ലഭ്യമാണ് .
 
മലേഷ്യ എയര്‍ലൈന്‍സിനോട് കിടപിടിക്കുന്ന സര്‍വീസുകളാണ് മാലിന്‍ഡോ എയര്‍  വാഗ്ദാനം ചെയ്യുന്നത് .എന്നാല്‍ സിംഗപ്പൂര്‍ ,തായ് ലാന്‍ഡ് ,ഓസ്ട്രേലിയ എന്നീ പ്രധാന രാജ്യങ്ങളിലേക്ക് ട്രാന്‍സിറ്റ് സൗകര്യം മാലിന്‍ഡോ എയറിന് നല്‍കാന്‍ കഴിയില്ല എന്നത് യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാക്കും .സിംഗപ്പൂരിലെ ആളുകള്‍ക്ക് വുഡ് ലാണ്ട്സ് വഴി ജോഹോര്‍ ബാഹ്രു-വില്‍ എത്തിയശേഷം മാലിന്‍ഡോ എയര്‍  വഴി കൊലലംപൂരില്‍ ട്രാന്‍സിറ്റ് സൗകര്യത്തോടെ   കൊച്ചിയിലേക്ക് യാത്ര ചെയ്യുവാനുള്ള സൗകര്യം ലഭ്യമാണ് .ഏകദേശം 330 സിംഗപ്പൂര്‍ ഡോളറിനു ജോഹോറില്‍ നിന്ന് കൊച്ചിയിലേക്ക് യാത്ര ചെയ്യാനാകും .എന്നാല്‍ മാലിന്‍ഡോ എയര്‍ ജോഹോറില്‍ നിന്ന് സുബാന്ഗ് എയര്‍പോര്‍ട്ടിലേക്കാണ് സര്‍വീസ് നടത്തുന്നത്.അതുകൊണ്ടുതന്നെ സുബാന്ഗ് എയര്‍പോര്‍ട്ടില്‍ നിന്ന് കോലാലംപൂരിലെ പ്രധാന എയര്‍പോര്‍ട്ടിലേക്ക് ഏകദേശം ഒരു മണിക്കൂറോളം യാത്ര ചെയ്യേണ്ടി വരുന്നത് ട്രാന്‍സിറ്റ് യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാകും .കൂടാതെ ജോഹോറിലേക്ക് യാത്ര ചെയ്യുവാന്‍  മലേഷ്യന്‍ വിസയും ആവശ്യമാണ് .അതുകൊണ്ട് സിംഗപ്പൂരില്‍ നിന്ന് മാലിന്‍ഡോ സര്‍വീസ് ആരംഭിക്കുന്നതുവരെ മാലിന്‍ഡോ എയറില്‍ യാത്ര ചെയ്യുന്നത് ഉചിതമാകാന്‍ സാധ്യതയില്ല .സിംഗപ്പൂര്‍ സര്‍വീസ് എത്രയും വേഗം ആരംഭിക്കുമെന്ന് മാലിന്‍ഡോ എയര്‍ അറിയിച്ചു .
 
 ഇതോടെ ഏപ്രില്‍ മാസത്തില്‍ എയര്‍ ഏഷ്യ കൊച്ചിയിലേക്ക് ആഴ്ചയില്‍ 10 സര്‍വീസും ,മലേഷ്യ എയര്‍ലൈന്‍സ് 7 സര്‍വീസും ,മാലിന്‍ഡോ എയര്‍ 7 സര്‍വീസും നടത്തുമെന്ന് കൊച്ചി എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു .ഇതോടെ ആഴ്ചയില്‍ കൊലാലംപൂരിലേക്ക് 4300-ഓളം സീറ്റുകള്‍ ലഭ്യമാകും .എന്നാല്‍ ഇത്രെയും ആവശ്യക്കാര്‍ ഉണ്ടാകുമോ എന്ന കാര്യത്തില്‍ സംശയം ഉണ്ടെന്നാണ് പല ആളുകളും അഭിപ്രായപ്പെടുന്നത് .
 
സൗജന്യ 30 കി.ഗ്രാം ലഗേജ്‌ ,സൗജന്യ ആഹാരം ,എന്റര്‍ടെയിന്‍ വിഭാഗം എന്നിങ്ങനെ നിരവധി സൗജന്യ ഓഫറുമായാണ്  മാലിന്‍ഡോ എയര്‍ രംഗത്ത് വരുന്നത് .എന്നാല്‍ മാലിന്‍ഡോ എയര്‍ വരവ് എയര്‍ഏഷ്യയെ യാതൊരു തരത്തിലും ബാധിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് എയര്‍ ഏഷ്യ സി ഇ ഓ ടോണി  ഫെര്‍ണാണ്ടസ്.കുറഞ്ഞ നിരക്കില്‍ കൂടുതല്‍ സൗകര്യം എന്ന മുദ്രാവാക്യവുമായി മാലിന്‍ഡോ എയര്‍  കൊച്ചിയിലേക്ക്  സര്‍വീസ് തുടങ്ങുന്നത് ഏറ്റവുമധികം ബാധിക്കുക എയര്‍ ഏഷ്യയെ തന്നെ ആയിരിക്കും .എയര്‍ഏഷ്യയുടെ ഏറ്റവും ലാഭകരമായ രണ്ടു റൂട്ടുകളാണ് കൊച്ചി .എന്നാല്‍ മലേഷ്യ എയര്‍ലൈന്‍സിനും മാലിന്‍ഡോ എയര്‍ ഭീഷണിയാകുമെന്നാണ് വിലയിരുത്തുന്നത് .
 
എന്നാല്‍ പൊതുവേ കാശുകുറഞ്ഞ വിമാനയാത്ര തിരഞ്ഞെടുക്കുന്ന മലയാളികള്‍ മാലിന്‍ഡോ എയര്‍ ഫലപ്രദമായി ഉപയോഗിക്കില്ലെന്ന വാദത്തിനു മറുപടിയായി ടൈഗറും .സില്‍ക്ക്‌എയറും സിംഗപ്പൂരിലേക്ക് വിജയകരമായി സര്‍വീസ്‌ നടത്തുന്നത് ചൂണ്ടിക്കാട്ടുകയാണ് മാലിന്‍ഡോ എയര്‍ .മാലിന്‍ഡോ എയര്‍ കാര്യമായ മാര്‍ക്കറ്റ്‌ സര്‍വേ നടത്താതെയാണ് സര്‍വീസ്‌ തുടങ്ങുന്നതെന്ന അഭിപ്രായം സജീവമാണ് .കൊച്ചിയിലേക്ക് നിലവില്‍ വേറൊരു സര്‍വീസ്‌ ഉള്ളപ്പോള്‍ തിരുവനന്തപുരമോ  ,കോഴിക്കോടോ തിരഞ്ഞെടുക്കാത്തത് മാലിന്‍ഡോ എയറിനു ലാഭകരമാകില്ലെന്ന വസ്തുതയാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്.
 
സിംഗപ്പൂരിലേക്കും ഉടന്‍ സര്‍വീസ്‌ തുടങ്ങുമെന്ന് എയര്‍ലൈന്‍ വക്താക്കള്‍ അറിയിച്ചു .കൊലാലംപൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ആയിരിക്കും മാലിന്‍ഡോ എയര്‍ ഉപയോഗിക്കുക .എയര്‍ഏഷ്യ ബജറ്റ്‌ എയര്‍പോര്‍ട്ടില്‍ നിന്നാണ് സര്‍വീസ്‌ നടത്തുന്നത് .