ജീവിതത്തിന്‍റെ സത്യം ദുഃഖമാണ്:ഡി.വിനയചന്ദ്രന്‍
എന്നാണ് അങ്ങ് സാഹിത്യരംഗത്ത് എത്തിയത്? അങ്ങയുടെ എഴുത്തിന്‍റെ ശീലങ്ങളെന്തോക്കെയാണ്?
ആറുവയസ്സ് മുതല്‍ സാഹിത്യം എഴുതി തുടങ്ങി. കഥ, കവിത നാടകം ഇവയിലായിരുന്നു താല്‍പര്യം.
എഴുത്ത് ഒരു ചെറിയ കഥയായാലും കവിതയായാലും അതിനു പൂര്‍ണ്ണ ജീവിതം നല്‍കേണ്ടതാണ്. ആ എഴുത്തില്‍ ഒരു നിഷ്കളങ്കതയും തന്‍റേടവും ഉണ്ടായെങ്കില്‍ മാത്രമേ വായനക്കാരില്‍ ഓരോ കവിതയും ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പായി പ്രതിഫലിക്കുകയുള്ളൂ.
പൂര്‍ണ്ണരൂപത്തില്‍ മനസ്സിലാണ് കവിത പിറക്കുന്നത്, വായനക്കാര്‍ കേള്‍ക്കുന്ന അതേ ഈണത്തില്‍ മനസ്സില്‍ ചിട്ടപ്പെടുത്തി പകര്‍ത്തും. അതിനുശേഷം അത് ഉപേക്ഷിച്ച്, പുതിയ ഇണക്കങ്ങളിലേക്ക്, കൂട്ടുകൂടലിലേക്ക്, പുതിയ അനുഭവങ്ങളിലേക്ക് യാത്രയാകും. പിന്നെ ഒരു വായനക്കാരന്‍റെ രീതിയില്‍ വായിക്കുന്നു. അതില്‍ ആദ്യം അനുഭവിച്ച വൈകാരികതയില്‍ സംഗീതവും താളവും നഷ്ടപ്പെടാതെ അതികം ബുദ്ധി ഉപയോഗിക്കാതെ ചെറിയ തിരുത്തലുകള്‍ വരുത്തി പകര്‍ത്തും. അങ്ങനെ വായിക്കുമ്പോള്‍ അനുഭവതലത്തിലും ആവിഷ്കാര തലത്തിലും ഇതുവരെയുള്ളവയില്‍ നിന്നും വ്യത്യസ്തമെന്നു സ്വയം ന്യായീകരണം തോന്നിയാല്‍ മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ..
പ്രചോദനങ്ങള്‍??
പലരീതിയിലുള്ള സ്നേഹ പ്രചോദനങ്ങളാണ് എഴുത്തിനു പ്രേരണ നല്‍കുന്നത്. ഇതാകട്ടെ മനുഷ്യന്‍പകരുന്ന പ്രചോദനമാകണമെന്നില്ല, പ്രകൃതിയില്‍ നിന്നുള്ള പ്രചോദനങ്ങളുമാകാം.
മഹാകാലത്തെ നേര്‍ക്കുനേര്‍ നോക്കിയാണ് പല മഹാന്മാരായ കലാകാരന്മാരും സൃഷ്ടി നടത്തിയത്. മഴ നല്ലൊരു ശ്രുതിയാണ്. നദിയുടെ ഗഹനത, കടല്‍ത്തീരം ഇവ മനസ്സിനെ പാകപ്പെടുത്താന്‍ നല്ലതാണ്. എന്നാല്‍ പല അഭിമുഖീകരണങ്ങളുമാണ് പുതിയ സൃഷ്ടിക്ക് സഹായകമാകുന്നത്. ഇന്നത്തെ നാഗരികത ഭീതിജനകമാണ്. മനുഷ്യനെ മനസ്സിലാക്കുന്നില്ല. ഇതില്‍നിന്നുള്ള അതിജീവനമാണ് പ്രണയം. അങ്ങനെയുള്ള വന്യമായ, വിഛേദമായ തലത്തിലുള്ള കവിതകളാണ് നരകം ഒരു പ്രേമ കഥ എഴുതുന്നു എന്ന കവിതാസമാഹാരത്തിലുള്ളത്.
സാമൂഹിക പ്രശ്നങ്ങളില്‍ കലാകാരന്മാര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതല്‍ സ്വാധീനം ചെലുത്താന്‍ സാധിക്കും. അങ്ങയുടെ കാഴ്ച്ചപ്പാടെന്താണ്?
സാമൂഹിക പ്രതിബദ്ധത പുലര്‍ത്തുന്നവരാണ് കേരളത്തിലെ കലാകാരന്മാര്‍. സൈലന്‍റ് വാലിയിലെ പ്രക്ഷോഭം, ശാസ്താംകോട്ട കായലിന്‍റെ സംരക്ഷണം. കല്ലടയാറ്റില്‍ പുനലൂര്‍ പേപ്പര്‍ മില്ലില്‍ നിന്നും മാലിന്യം അഴിച്ചു വിടുന്നതിനെതിരെയുള്ള പ്രതിരോധം, വനനശീകരണം, ജല-വായുമലിനീകരണം തുടങ്ങിയവയില്‍ നിരന്തരം ഇടപെടുന്നു. സൈലന്‍റ് വാലി പ്രക്ഷോപത്തോടെയാണ് പരിസ്ഥിതി സംബന്ധമായ ഒരു അവബോധം കേരളത്തിലെ ജനങ്ങളില്‍ വര്‍ധിച്ചത്.. കവികള്‍ വൈകാരികമായി പ്രതികരിക്കുക മാത്രമല്ല, ഡോ. സതീഷ് ചന്ദ്രനെപ്പോലെയുള്ളവര്‍ സൈലന്‍റ് വാലിയിലെ ജൈവ രാശികളെക്കുറിച്ച് ഡോക്യുമെന്‍ററി തയ്യാറാക്കി അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി സൈലന്‍റ് വാലിയിലെ പദ്ധതി ഉപേക്ഷിക്കാന്‍ തയ്യാറായി.
താന്‍ അധ്യാപകനായിരിക്കെ കല, സാഹിത്യം, സംസ്കാരം, പരിസ്ഥിതി തുടങ്ങിയവയെപ്പറ്റിയുള്ള അവബോധം കുട്ടികളില്‍ എത്തിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അതുകൊണ്ടുതന്നെ നല്ല ഒരുപറ്റം ശിഷ്യഗണങ്ങള്‍ ഉണ്ടായിട്ടുണ്ട്.
ഒരു കാലഘട്ടത്തില്‍ അങ്ങയെ ആധുനക കവി എന്ന് വിശേഷിപ്പിച്ചിരുന്നു. ഇപ്പോഴുള്ള ആധുനിക കവികളെ എങ്ങിനെ കാണുന്നു?
കവിതകളിലെ ആധുനികത അതിന്‍റെ ഭാവുകത്തിലും സെന്‍സിബിലിറ്റിയിലുമാണ് നിര്‍വചിക്കുന്നത്. കേരളത്തില്‍ ഇന്ന് കൃഷിയില്ല, ആത്മാവില്ലാത്ത ആര്ഭാടങ്ങളാണ് എവിടെയും. സാഹിത്യത്തിലും കലയിലും മാത്രമേ കൃഷിയുള്ളൂ..കുറച്ചു ചെറുപ്പക്കാര്‍ കഥയും കവിതയും എഴുതുന്നു. ചിലര്‍ കായികരംഗത്ത്, മറ്റു ചിലര്‍ ചിത്ര രചനയില്‍.. ഇവര്‍ കേരളത്തില്‍ മനുഷ്യപ്പറ്റും മഹത്വസങ്കല്‍പ്പങ്ങളും ഉണ്ടെന്നു സമര്‍ഥിക്കുന്നു.
പുരസ്കാരങ്ങളെക്കുറിച്ച് എന്താണ് അഭിപ്രായം?
നല്ല വായനക്കാരാണ് എഴുത്തുകാരന്‍റെ പുരസ്കാരം. അവാര്‍ഡുകള്‍ കൃതി കൂടുതല്‍ വായനക്കാരിലേക്ക് എത്താന്‍ സഹായിക്കും.
ആഗോള സാഹിത്യത്തില്‍ അങ്ങയ്ക്കുള്ള പരിജ്ഞാനം പ്രസിദ്ധമാണ്. മലയാളസാഹിത്യത്തിനു ആഗോളതലത്തില്‍ വേണ്ടത്ര ശ്രദ്ധ ലഭിക്കാത്തതെന്താണ്?
മലയാള സാഹിത്യത്തെ ചെറുതായി കാണേണ്ടതില്ല, മലയാള സാഹിത്യം ഏതു ഭാഷയിലുള്ള സാഹിത്യത്തെക്കാളും മികച്ച സൃഷ്ടികളുള്ളതാണ്. ലോകത്തിനുമുന്നില്‍ എടുത്തുകാട്ടാന്‍ ആളില്ലാത്തതുകൊണ്ടും നന്നായി വിവര്‍ത്തനം ചെയ്യാന്‍ വിഷമമായതുകൊണ്ടും മലയാള സാഹിത്യം ലോകത്ത് വേണ്ടവിധം ശ്രദ്ധിക്കാതെ പോയി.
മാറ്റത്തിന്‍റെ ഘട്ടത്തില്‍ ചില കാലത്ത് സാഹിത്യം ക്ഷീണാവസ്ഥയില്‍ ആയിരിക്കും.
പ്രിയപ്പെട്ട എഴുത്തുകാര്‍?
വേദവ്യാസന്‍ വാല്മീകി, ഇളങ്കോവടികള്‍, ഓമര്‍, ഡാന്‍റെ എന്നിവര്‍ ഒന്നാംകിട സാഹിത്യകാരന്മാരായി കരുതുന്നു. വേദവ്യാസന്‍റെ കലയുടെ അടുത്തുവരാനുള്ള സൃഷ്ടികളൊന്നും ഇന്നും ലോകത്തിലുണ്ടായില്ല.
എന്താകണമെന്നായിരുന്നു അങ്ങയുടെ കുട്ടിക്കാലത്തെ ആഗ്രഹം?
സന്യാസിയാകണമെന്നായിരുന്നു ചെറുപ്പത്തിലെ ആഗ്രഹം. സിദ്ധാര്‍ത്ഥനും ദ്രുവനും ആയിരുന്നു കുട്ടിക്കാലത്തെ പ്രചോദനം. വീട്ടില്‍ ചില ദുരന്തങ്ങള്‍ വന്നുചേര്‍ന്നത് കൊണ്ടും തന്‍റെ സാന്നിധ്യം വീട്ടില്‍ ആവിശ്യമായതുകൊണ്ടും ആ മോഹം ഉപേക്ഷിച്ചു.
ജീവിതം എന്താണ് പഠിപ്പിക്കുന്നത്?
ജീവിതം നമ്മളെ ഒന്നും പഠിപ്പിക്കുന്നില്ല; ഒരുപക്ഷെ ആ തിരിച്ചറിവ് മരണത്തിനു തൊട്ടുമുമ്പായിരിക്കും ഉണ്ടാകുന്നത്.
സാധാരണ ലൌകിക ജീവിതത്തിനപ്പുറം നോക്കിയാല്‍ ജീവിതത്തിന്‍റെ സത്യം ദുഃഖമാണെന്നു മനസ്സിലാക്കാം, ദുഃഖത്തെ ഉപാസിക്കുന്നവനാണ് കലാകാരന്മാര്‍. കല സുരക്ഷിതരുടെയല്ല, മറിച്ച് അനാഥരുടെയാണ്.
സിംഗപ്പൂരും, തന്‍റെ ഗ്രാമമായ സിംഹപുരിയും ഒന്ന് തന്നെയാണ്.