വിഷു പക്ഷി പാടി തുടങ്ങുന്നു

0
 
വിഷു പക്ഷി പാടി തുടങ്ങുന്നു. വരമ്പുകളില്‍ പൂത്ത വയല്‍പ്പൂക്കള്‍ക്ക്‌ മേലെ കര്‍ഷകന്‍റെ പാട്ടിന്‍റെ ശീലുകള്‍ ഉണര്‍ന്നു പൊങ്ങുന്ന മേടത്തിന്  സ്വര്‍ണ്ണ വര്‍ണ്ണം നല്‍കി കണിക്കൊന്നകള്‍ നാടാകെ പൂക്കുന്ന വിഷുക്കാലം. കാര്‍ഷിക പെരുമയുടെ  തുടക്കം കുറിക്കുന്ന സമയം കൂടിയാണിത്. വയലൊരുക്കി ഒരു പുതിയ കാര്‍ഷിക  വര്‍ഷത്തിന്‍റെ തുടക്കം കുറിക്കാന്‍ നാടൊരുങ്ങുന്ന നല്ല നാളുകള്‍. 
 
വസന്തം വരുന്ന നാളുകളെ പ്രകൃതി പൂക്കളാല്‍ വരവേല്‍ക്കുന്ന സമയം കൂടിയാണ് വിഷുക്കാലം. ശലഭങ്ങള്‍ പാറി  നടക്കുന്ന, കിളികള്‍ പാടി പറക്കുന്ന, സന്തോഷം നിറഞ്ഞ പ്രകൃതിയാണ് വിഷുവിന്‍റെ മുഖം. സൂര്യന്‍ മീന രാശി കടന്നു മേട രാശിയിലേക്ക് കടക്കുന്ന വിഷു സംക്രാന്തിക്കു പിന്നാലെ വിഷു എത്തുന്നു. വിഷു നാളുകള്‍ തുല്യമായി രാവും പകലും വരുന്ന ദിവസം എന്ന പ്രത്യേകത കൂടിയുള്ളതാണ്.
 
കൊടും ചൂടില്‍ ഇല കൊഴിഞ്ഞ കണിക്കൊന്നകള്‍. സ്വര്‍ണ്ണ ഭാരം വാരി ചൂടുന്ന കണിക്കൊന്നകളെ വിഷുവിന്റെ വരവ് അറിയിക്കുന്നവരായി ആണ് മലയാളികള്‍ കരുതുന്നത്. കണ്ണന്‍റെ അരമണിയുമായി ബന്ധപ്പെട്ട് കണിക്കൊന്ന പൂക്കള്‍ക്ക് ഒരു കഥയുമുണ്ട്. ഒരു രാത്രി ക്ഷേക്ത്രത്തില്‍ ഒറ്റപെട്ടു പോയ ഒരു ഉണ്ണിക്ക്, കണ്ണന്‍ കളികൂട്ടുകാരന്‍ ആവുകയും തന്‍റെ അരമണി കളിക്കാന്‍ കൊടുക്കുകയും ചെയ്തു. രാവിലെ കുട്ടിയോടൊപ്പം അരമണി കണ്ട പൂജാരി കുട്ടിയെ അടിക്കാന്‍ തുടങ്ങവേ ഒരു അശിരീരി അത് തടഞ്ഞു , അപ്പോള്‍ കുട്ടി അത് വലിച്ചെറിഞ്ഞു , അത് ഒരു മരച്ചില്ലയില്‍   കുടുങ്ങുകയും സ്വര്‍ണ്ണവര്‍ണ്ണമുള്ള പൂക്കള്‍ ആവുകയും ചെയ്തു. അവയാണ് കണികൊന്ന പൂക്കള്‍ ആയതായി വിശ്വാസിക്കപ്പെടുന്നത്. അത് കൊണ്ട് കണി ഒരുക്കുമ്പോള്‍ കൊന്നപൂക്കള്‍ കണ്ണന് സന്തോഷത്തിനായി കാഴ്ച്ച വയ്ക്കുന്നു. 
 
ഓട്ടുരുളിയില്‍ പൊന്നരി നിറച്ച് കണി വെള്ളരി, കോടി പുടവയും നാണയവും, സ്വര്‍ണ്ണാഭരണവും, ഫലങ്ങളും പച്ചക്കറികളും  വച്ച് കണ്ണാടിയും കൃഷ്ണരൂപവും നിലവിളക്കും  വച്ച് ഒരുക്കുന്ന വിഷുക്കണി തലേന്നാള്‍ തന്നെ അമ്മ തയ്യാറാക്കി വയ്ക്കുന്നു. കാലേ, കണ്ണുകള്‍ കൈകള്‍ കൊണ്ട് പൂട്ടി അമ്മയോ അമ്മൂമ്മയോ, കണിയിലെ കണ്ണാടിയില്‍ പ്രതിബിംബം കാട്ടി തരുന്ന കണി കാണല്‍ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ അനുഭവം തന്നെയാണ്. പിന്നീട് കിട്ടുന്ന കൈനീട്ടം കുഞ്ഞും നാളിലെ ഏറ്റവും വലിയ സമ്പാദ്യമാണ്.
 
മദ്ധ്യ തിരുവതാംകൂറിലെ ഏറ്റവും വലിയ വിഷു ഉത്സവം നടക്കുന്ന ആലപ്പുഴയിലെ വെണ്മണി ശാര്ങ്ങകാവിലെ വിഷു മഹോല്‍സവം കേരളക്കരയിലെ തന്നെ ഏറ്റവും വലിയ വിഷു മഹോല്‍സവമാണ്.  വിവിധ കരക്കാര്‍ അച്ചന്‍കോവില്‍ ആറിന് കരയില്‍ കെട്ടുകാഴ്ചകള്‍ ഒരുക്കി സ്വയംഭൂ ആയ ദേവിയുടെ വിഷു കൊണ്ടാടുന്നു. അടുത്ത നാള്‍ ഈ നാടിന്‍റെ കാര്‍ഷിക ഉത്സവം നടക്കുന്നു. വിത്തും കാര്‍ഷിക ഉല്പന്നങ്ങളും, ഉപകരണങ്ങളും എവിടെ വിപണനം ചെയ്യുന്നു . ഒരു നാട് മുഴുവന്‍ കൃഷിയെ സ്നേഹിക്കുന്ന കാഴ്ച്ച ഇവിടെ കാണാം.
വിത്തും കൈക്കോട്ടും പാടി ഉണരുന്ന വിഷു നാളുകള്‍. മറ്റൊരു വിഷു സദ്യക്ക് കൂടി ഒരുക്കം തുടങ്ങി. കണി ഒരുക്കാനും സദ്യ കൂട്ടാനും ഇനി രണ്ടു നാള്‍. പടക്കങ്ങള്‍ വാങ്ങാന്‍ തിരക്ക് കൂട്ടുന്ന മലയാളികള്‍ ഇനി കൊന്ന മരം തേടി നടക്കും.
ഇക്കുറി ഏപ്രില്‍  15നു ആണ് വിഷു . പ്രവര്‍ത്തി ദിവസമായ അന്ന് പ്രവാസികള്‍ അത്താഴ സദ്യ ഒരുക്കിയായിരിക്കും വിഷു ആഘോഷിക്കുക .
എന്നാല്‍ വിഷുക്കണി എല്ലാ വീട്ടിലും ഒരുക്കും . ഏപ്രില്‍ ആദ്യം മുതല്‍ തന്നെ സിംഗപ്പൂരില്‍ ഒട്ടേറെ സ്ഥലങ്ങളില്‍ കൊന്നമരങ്ങള്‍ പൂത്തു തുടങ്ങിയിട്ടുണ്ട് .ലിറ്റില്‍ ഇന്ത്യയിലെ കടകള്‍ എല്ലാം വിഷുവിനു വേണ്ട വിവിധ ഉത്പന്നങ്ങളുമായി കാത്തിരിക്കുന്നു.