ഭൂമിയേക്കാള്‍ അല്പം വലുതാണ്. തണുപ്പും കൂടുതലുണ്ട് ഈ ഗ്രഹത്തിന്. ആകാശഗംഗയിലെ ഒരു നക്ഷത്രത്തെ ഭ്രമണംചെയ്യുന്ന കെപ്ലര്‍ 186 എഫ് എന്ന പേരിലറിയപ്പെടുന്ന ഗ്രഹം ഭൂമിയുമായുള്ള സാമ്യംകൊണ്ട് ശാസ്ത്രലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്. നാസയുടെ കെപ്ലര്‍പ്ലാനറ്റ് നിരീക്ഷണദൗത്യസംഘമാണ് ഭൂമിയുടെ ഈ സഹോദരനെ ആകാശഗംഗയില്‍ നിന്ന് കണ്ടെത്തിയത്. ആകാശഗംഗയില്‍ ജിവന്‍ നിലനില്‍ക്കാന്‍ സാധ്യതയുള്ള ഭൂമിക്ക് സമാനമായ ഗ്രഹങ്ങളെ കണ്ടെത്താന്‍ 2009 മാര്‍ച്ചില്‍ വിക്ഷേപിച്ചതാണ് കെപ്ലര്‍ ടെലസ്‌കോപ്പ്. കെപ്ലറിന് 8,700 മൈല്‍ വിസ്തീര്‍ണമുണ്ട്. അതായത് ഭൂമിയേക്കാള്‍ പത്തുശതമാനം വലിപ്പംകൂടുതല്‍. ശിലാനിര്‍മിതമാണ് ഈ ഗ്രഹം. സൂര്യന്റെ വാസയോഗ്യമായ ഭാഗത്ത് ഭൂമി സ്ഥിതിചെയ്യുന്നതുപോലെ കെപ്ലറും അതിന്റെ മാതൃനക്ഷത്രത്തിന്റെ വാസയോഗ്യ മേഖലയിലാണുള്ളത്.
ഭൂമിയുമായുള്ള കെപ്ലറിന്റെ സാമ്യം ഇവിടംകൊണ്ടവസാനിക്കുന്നില്ല. ജലം ദ്രാവകാവസ്ഥയിലുള്ളതിനാലാണ് ഭൂമിയില്‍ ജീവന്‍ നിലനില്‍ക്കുന്നത്. സൂര്യനില്‍നിന്ന് ഭൂമി കുറച്ചുകൂടി അകലെയായിരുന്നെങ്കില്‍ വെള്ളം മുഴുവന്‍ തണുത്തുറഞ്ഞ് പോകുമായിരുന്നു. അടുത്തായിരുന്നെങ്കില്‍ ഉയര്‍ന്ന താപനിലയില്‍ ഭൂമിയിലെ വെള്ളം മുഴുവന്‍ നീരാവിയി മാറുകയും ചെയ്യും. ദ്രാവകാവസ്ഥയില്‍ വെള്ളമുണ്ടാകാന്‍ സഹായിക്കുന്നതിനാലാണ്, സൂര്യന്റെ
വാസയോഗ്യ മേഖല (Goldilocks zone)യിലാണ് ഭൂമി എന്നു പറയുന്നത്. കെപ്ലര്‍ 186 എഫ് ഗ്രഹവും മാതൃനക്ഷത്രത്തിന്റെ വാസയോഗ്യമേഖലയിലാണ്. അതിനാല്‍ ജലത്തിന്റെ ദ്രാവകരൂപത്തിലുള്ള സാന്നിധ്യവും ഉണ്ടാകും. അങ്ങനെയായാല്‍ അവിടെ ജീവന്റെ സാന്നിധ്യമുണ്ടാകാന്‍ സാധ്യതയേറെയാണ്. മറ്റൊരു ഗ്രഹത്തിന്റെ വാസയോഗ്യമേഖലയില്‍ കണ്ടെത്തിയ ഭൂമിയുടെ വലുപ്പമുള്ള ആദ്യത്തെ ഗ്രഹമാണ് കെപ്ലര്‍ 186 എഫ് എന്ന് നാസയുടെ ആമെസ് റിസര്‍ച്ച് സെന്ററിലെ ഗവേഷകയും കെപ്ലര്‍ ടീമിലെ അംഗവുമായ എലിസ ക്വിന്റാന പറയുന്നു. ഭൂമിയെപ്പോലെ ജീവന് ഏറ്റവും അനുയോജ്യമായ സ്ഥലത്ത് സമാനമായ അന്തരീക്ഷവുമുള്ള ആദ്യഗ്രഹമാണ് കെപ്ലര്‍.
ഭൂമിയെപ്പോലെ ശിലകളുടെ സാന്നിധ്യം ഉള്ളതിനാലാണ് കെപ്ലര്‍ 186 എഫിനെ ഭൂമിയുടെ ഇരട്ടസഹോദരനെന്ന് ശാസ്ത്രലോകം വിശേഷിപ്പിക്കുന്നത്. ഭൂമിയെ ഓര്‍മപ്പെടുത്തുകയാണ് ഈ ഗ്രഹമെന്ന് ബേ ഏരീയ എന്‍വയണ്‍മെന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ തോമസ് എസ്.ബാര്‍ക്ലേ പറയുന്നു. ഭൂമിയിലെ ഇരുമ്പ്, പാറ, മഞ്ഞ്്, ജലം എന്നിവ ഏകദേശം സമാനമായ അവസ്ഥയില്‍ പുതിയഗ്രഹത്തിലുണ്ട്. കെപ്ലറിന്റെ ഗുരുത്വാകര്‍ഷണവും ഏകദേശം ഭൂമിയുടേതിനു തുല്യമാണ്. കെപ്ലറില്‍ ഒരാള്‍ ഇറങ്ങി നടക്കുന്നത് അത്ര അസാധ്യമായ കാര്യമൊന്നുമല്ലെന്ന് ഗവേഷകസംഘത്തിലെ അംഗവും സാന്‍ഫ്രാന്‍സിസ്‌കോ സര്‍വകലാശാലയിലെ ഭൗമശാസ്ത്രജ്ഞനുമായ സ്റ്റീഫന്‍ കെയിന്‍ പറഞ്ഞു.
സമാനമെങ്കിലും ഭൂമിയുടെ അതേ അന്തരീക്ഷമുള്ള ഗ്രഹമായി കെപ്ലര്‍ 186 എഫിനെ വിശേഷിപ്പിക്കാനാകില്ല. ഭൂമി 365 ദിവസംകൊണ്ട് ഒരു ഭ്രമണം പൂര്‍ത്തിയാക്കുമെങ്കില്‍ കെപ്ലര്‍ 130 ദിവസംകൊണ്ട് ഭ്രമണം പൂര്‍ത്തിയാക്കും. വാസയോഗ്യമേഖലയുടെ ഏറ്റവുംപുറംഭാഗത്തായതിനാല്‍ തണുപ്പ് കൂടുതലായ അവസ്ഥയാണ്. അതിനാല്‍ അന്തരീക്ഷത്തില്‍ ഏറിയ ഭാഗവും മഞ്ഞുകൊണ്ട് മൂടിയ അവസ്ഥയിലുമാണ്. കുറവുകളേറെയുണ്ടെങ്കിലും ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഭൂമിയോട് ഏറ്റവും സാമ്യമുള്ള ഗ്രഹം കെപ്ലര്‍ 186 എഫ് ആണ്. ഭൂമിയുടെ സഹോദരനെന്ന് അതുകൊണ്ട് കെപ്ലറിനെ സന്തോഷത്തോടെ വിളിക്കാമെന്നു ശാസ്ത്രജ്ഞര്‍ പറയുന്നു. കെപ്ലറിനെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ സയന്‍സ് ജേര്‍ണലില്‍ വിശദമായ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.