ജയസൂര്യ, സൗബിൻ മികച്ച നടന്മാർ, നിമിഷ നടി, ശ്യാമപ്രസാദ് സംവിധായകൻ

1

തിരുവനന്തപുരം: 49-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സാംസ്‌കാരിക മന്ത്രി എ.കെ ബാലനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. മികച്ച നടന്മാരായി ജയസൂര്യയും സൗബിൻ സാഹിറും മികച്ച നടിയായി നിമിഷ സജയനെയും തെരഞ്ഞെടുത്തു. ക്യാപ്റ്റൻ, ഞാൻ മേരിക്കുട്ടി എന്നിവയിലെ അഭിനയമാണ് ജയസൂര്യക്ക് അവാർഡിന് അർഹനാക്കിയത്. സുഡാനി ഫ്രം നൈജീരിയിലെ അഭിനയമാണ് സൗബിനെ മികച്ച നടനാക്കിയത്. ചോല, ഒരു കുപ്രസിദ്ധ പയ്യൻ എന്നിവയിലെ മികച്ച അഭിനയമാണ് നിമിഷയെ പുരസ്ക്കാരത്തിന് അർഹയാക്കിയത്.
കാന്തന്‍ ദ ലവര്‍ ഓഫ് കളര്‍ ആണ് മികച്ച സിനിമ. സി. ഷെരീഫ് ആണ് ചിത്രം സംവിധാനം ചെയ്തതും നിര്‍മിച്ചതും. മികച്ച സംവിധായകനുള്ള പുരസ്‌കാരം ശ്യാമപ്രസാദും(ഒരു ഞായറാഴ്ച) മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം സക്കറിയ മുഹമ്മദും (സുഡാനി ഫ്രം നൈജീരിയ സ്വന്തമാക്കി. അഞ്ച് പുരസ്‌കാരങ്ങളാണ്‌ സുഡാനി ഫ്രം നൈജീരിയക്ക് ലഭിച്ചത്. മികച്ച തിരക്കഥ, മികച്ച സ്വഭാവനടിമാര്‍, ജനപ്രിയ ചിത്രം എന്നീ വിഭാഗങ്ങളിലും സുഡാനി ഫ്രം നൈജീരിയ തിളങ്ങി. ജോജു ജോർജാണ് മികച്ച സ്വഭാവ നടൻ. സാവിത്രി ശ്രീധരനും സരസ ബാലുശേരിയുമാണ് മികച്ച സ്വഭാവ നടിമാർ. ചോല, ജോസഫ് എന്നിവയിലെ അഭിനയം പരിഗണിച്ചാണ് ജോജുവിന് അവാർഡ്.
മികച്ച കഥാകൃത്ത്- ജോയ് മാത്യു (അങ്കിള്‍), മികച്ച ഛായാഗ്രാഹകൻ-കെ.യു. മോഹനൻ (കാര്‍ബണ്‍),
മികച്ച തിരക്കഥാകൃത്ത്-മുഹസിൻ പരാരി, സക്കരിയ (സുഡാനി ഫ്രം നൈജീരിയ), മികച്ച ബാലതാരം-മാസ്റ്റര്‍ മിഥുൻ, മികച്ച പിന്നണി ഗായകൻ-വിജയ് യേശുദാസ് (പൂമുത്തോളെ- ജോസഫ്), ശ്രേയാഘോഷാലാണ് മികച്ച ഗായിക(നീർമാതളപൂവിനുള്ളിലെ- ആമി). ഗാനരചയിതാവ്- പി.കെ. ഹരിനാരായണൻ(ജോസഫ്, തീവണ്ടി), മികച്ച സംഗീതസംവിധായകൻ- നിഷാൽ ഭരദ്വാജ്, മികച്ച പശ്ചാത്തല സംഗീതം-ബിജിപാൽ, മികച്ച സിങ്ക് കൌണ്ട്-അനില്‍ രാധാകൃഷ്ണൻ, മികച്ച കുട്ടികളുടെ ചിത്രം-അങ്ങനെ അകലെ ദൂരെ. മികച്ച ചലച്ചിത്ര ഗ്രന്ഥം- എം. ജയരാജിന്‍റെ മലയാള സിനിമ പിന്നിട്ട വഴികള്‍. മികച്ച പരാമർശം- ഛായാഗ്രാഹണം-മധു അമ്പാട്ട്.
104 ചിത്രങ്ങളാണ് അവാര്‍ഡ് കമ്മിറ്റിയുടെ പരിഗണിനയില്‍ വന്നത്. അതില്‍ 57 ചിത്രങ്ങള്‍ പുതുമുഖ സംവിധായകരുടേതാണ്. മൂന്ന് സ്ത്രീ സംവിധായകരുടെ ചിത്രങ്ങളും കുട്ടികളുടെ നാല് ചിത്രങ്ങളും മത്സരത്തിനുണ്ടായിരുന്നു. സംവിധായകൻ കുമാർ സാഹ്നി അധ്യക്ഷനായുള്ള ജൂറിയാണ് അവാർഡ് നിർണയിച്ചത്.