അഞ്ചാം വിവാഹത്തിനൊരുങ്ങവെ വിവാഹത്തട്ടിപ്പുകാരൻ കുടുങ്ങി; കുടുക്കിയത് നാലാം ഭാര്യ

0

ഹരിപ്പാട്: അഞ്ചാം വിവാഹത്തിന് തൊട്ടുമുമ്പ് വിവാഹത്തട്ടിരപ്പുകാരന്‍ പൊലീസ് പിടിയില്‍. കൊല്ലം മുഖത്തല ഉമയനെല്ലൂർ കിളിത്തട്ടിൽ ഖാലിദ്ക്കുട്ടി (50) യാണ് പിടിയിലായത്. കരീലക്കുളങ്ങരയിലെ യുവതിയുമായുള്ള വിവാഹം ബുധനാഴ്ച നടക്കാനിരിക്കുകയായിരുന്നു. ഇതിനുള്ള ഒരുക്കം നടക്കുന്നതിനിടെയാണ് നാലാം ഭാര്യ പൊലീസിനെക്കൂടി സ്ഥലത്തെത്തിയത്. തൃശൂര്‍ ചാവക്കാട് സ്വദേശിനിയാണ് നാലാം ഭാര്യ. പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ അഞ്ചാമതാണ് വിവാഹം കഴിക്കുന്നതെന്ന് വെളിപ്പെടുത്തി. കരീലക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്ത ഖാലിദ്ക്കുട്ടിയെ തൃശൂര്‍ വടക്കേക്കാട് പൊലീസിന് കൈമാറി.

വസ്തു ബ്രോക്കർ, സ്വന്തം ബിസിനസ്, ലോറി മുതലാളി തുടങ്ങിയ പല വേഷങ്ങളിലാണ് ഇയാൾ വിവാഹം കഴിച്ചിരുന്നത്. മുൻപത്തെ നാലുവിവാഹങ്ങളുമായി ബന്ധപ്പെട്ട് കോടതികളിൽ കേസുണ്ടെന്ന് പോലീസ് പറഞ്ഞു. ഓൺലൈൻ വൈവാഹിക സൈറ്റുകൾ വഴിയാണ് നിർധന കുടുംബങ്ങളിലെ സ്ത്രീകളുമായി ഇയാൾ ബന്ധമുണ്ടാക്കുന്നതെന്ന് തട്ടിപ്പിനിരയായ തൃശ്ശൂർ സ്വദേശിനി പറഞ്ഞു.

ഒന്നരവർഷം മുൻപാണ് ഇവരെ വിവാഹം കഴിച്ചത്. മൂന്നുമാസത്തിനുശേഷം എട്ടുപവന്റെ സ്വർണാഭരണങ്ങളും 70,000 രൂപയും തട്ടിയെടുത്തശേഷം മുങ്ങി. പെരിന്തൽമണ്ണയിൽ ബിസിനസാണെന്നാണ് ഈ യുവതിയെയും വീട്ടുകാരെയും ഇയാൾ വിശ്വസിപ്പിച്ചിരുന്നത്. തട്ടിപ്പുമായി ബന്ധപ്പെട്ട് ഇവർ വടക്കേക്കോട് പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിരുന്നു. ഈ കേസിലാണ് പ്രതി ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്.

മറ്റ് വിവാഹങ്ങളുമായി ബന്ധപ്പെട്ടും കേസുകളുണ്ട്. കൊട്ടിയം സ്വദേശിയെയാണ് ആദ്യം വിവാഹം കഴിച്ചത്. പിന്നീട് പെരിന്തല്‍മണ്ണ്, കോഴിക്കോട്, ചാവക്കാട് എന്നിവിടങ്ങളില്‍ നിന്ന് വിവാഹം കഴിച്ചു. കൊല്ലത്ത് ലോറി ഡ്രൈവറായി ജോലി ചെയ്യുമ്പോഴാണ് പുതിയ വിവാഹത്തിന് ഒരുക്കം തുടങ്ങിയത്. ആദ്യ വിവാഹം നിയമപരമായി ഒഴിഞ്ഞെന്നാണ് പ്രതി എല്ലായിടത്തും പറഞ്ഞിട്ടുള്ളതെന്നാണ് പോലീസിന് വിവരം ലഭിച്ചിരിക്കുന്നത്.

കരീലക്കുളങ്ങര സി.ഐ. അനിൽ കുമാറിന്റെ നിർദേശപ്രകാരം എസ്.ഐ. സഞ്ജീവ് കുമാർ, ജനമൈത്രി പോലീസ് ബീറ്റ് ഓഫീസർ എസ്.ആർ.ഗിരീഷ്, ഹോം ഗാർഡ് ജയറാം, ബാബു എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.