മമ്മൂട്ടി വെള്ളിത്തിരയിലെത്തിയിട്ട് ഇന്ന് അര നൂറ്റാണ്ട് തികയുകയാണ്. അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തില്‍ ആള്‍ക്കൂട്ടത്തിനിടയിലൂടെ മീശ മുളയ്ക്കാത്ത പയ്യൻ ഓടിക്കയറിയത് വെള്ളിത്തിരയുടെ മാസ്മരികതയിലേക്ക് മാത്രമല്ല മറിച്ച് മലയാളികളുടെ ഹൃദയത്തിലേക്കുകൂടിയാണ്. അതെ മുഹമ്മദ് കൂട്ടിയില്‍ നിന്ന് മമ്മൂട്ടിയിലേക്കുള്ള ഓട്ടം ആരംഭിച്ചിട്ട് ഇന്ന് 50 വർഷം തികയുന്നു.
ഇത്രയും വർഷം നടനായിരിക്കുക എന്നത് ചെറിയൊരു കാര്യമല്ല.അമ്പത് വർഷങ്ങൾക്ക് മുമ്പ് 1971ല്‍ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയില്‍ ഓഗസ്റ്റ് ആറാം തീയതിയാണ് മുഹമ്മദ് കുട്ടി എന്ന ചെറുപ്പക്കാരൻ ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയത്. തോപ്പിൽഭാസി തിരക്കഥയൊരുക്കി കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു അത്. സത്യനും പ്രേം നസീറും ഷീലയുമെല്ലാം പ്രധാനവേഷങ്ങളെ അവതരിപ്പിച്ചപ്പോൾ ജൂനിയർ ആർട്ടിസ്റ്റിന്റെ വേഷമായിരുന്നു ഈ പയ്യൻ കൈകാര്യം ചെയ്തത്.
പിന്നീടിങ്ങോട്ട് നമ്മൾ മലയാളികൾ കണ്ടത് മുഹമ്മദ് കുട്ടിയെന്ന ആ ചെറുപ്പക്കാരന്റെ, അതുല്യപ്രതിഭയുടെ വളർച്ചയായിരുന്നു. മുഹമ്മദ് കുട്ടി എന്ന പേര് മാറി മമ്മൂട്ടി എന്നായി, ഓടുവിൽ മലയാളികളുടെ പ്രിയ മമ്മൂക്കയുമായി. സിനിമാസ്വാദകർക്ക് ഒരിക്കലും മറക്കാനാവാത്ത നിരവധി വേഷപ്പകർച്ചകൾ. കുടുംബനാഥനായും രാഷ്ട്രീയക്കാരനായും പൊലീസുകാരനായും കള്ളക്കടത്തുകാരനായും ഭൂതമായും ചരിത്രപുരുഷനായും അങ്ങനെ വൈവിധ്യമാർന്ന നിരവധി കഥാപാത്രങ്ങൾ. ഒരു സിനിമയിൽ തന്നെ മൂന്നു കഥാപാത്രങ്ങളായി വരെ വേഷപ്പകർച്ച നടത്തി ഈ പ്രതിഭ.
1971ല്‍ സിനിമയില്‍ വന്നുവെങ്കിലും 1980 ല്‍ റിലീസ് ചെയ്ത ‘വില്‍ക്കാനുണ്ട് സ്വപ്നങ്ങളാണ്’ മമ്മൂട്ടി നടനായി അരങ്ങേറിയ ചിത്രം. ടൈറ്റിലില്‍ ആദ്യം പേരു തെളിഞ്ഞതും ഈ സിനിമയിലാണ്. എം.ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ആസാദ് സംവിധാനം ചെയ്ത ഈ സിനിമയാണ് മമ്മൂട്ടിയുടെ ആദ്യ ചിത്രമായി പരിഗണിക്കേണ്ട എന്നതാണ് മറുവാദം.
1987 ലെ ന്യൂഡല്‍ഹിയോടെ മെഗാ സ്റ്റാര്‍ പട്ടം തേടിയെത്തിയ മമ്മുക്കയുടെ സിനിമാ ജീവിതത്തിനും അരനൂറ്റാണ്ട് പിന്നിടുന്നു.1979 ല്‍ എം.ടി. വാസുദേവന്‍ നായര്‍ സംവിധാനം ചെയ്ത ‘ദേവലോകം’ മമ്മൂട്ടിയെ നായകനാക്കി. പക്ഷെ ഈ ചിത്രം ഒരിക്കലും പുറത്തെത്തിയില്ല. പിന്നീട് എം.ടി. തിരക്കഥയൊരുക്കിയ ‘വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍’ എന്ന സിനിമ മുതലാണ് മമ്മൂട്ടിയെ ഒരു നടന്‍ എന്ന നിലയില്‍ ലോകം അംഗീകരിച്ച് തുടങ്ങിയത്. 90കളില്‍ മറ്റ് ഭാഷകളിലേക്കും ചേക്കേറിയ മമ്മൂട്ടി തെന്നിന്ത്യന്‍ ഭാഷകള്‍ക്കൊപ്പം ഇഗ്ലീഷ് ഫിലിമുകളിലും വേഷമിട്ടിട്ടുണ്ട്.
മമൂട്ടിസം നിറഞ്ഞാടിയ വേഷപ്പകർച്ചകളായിരുന്നു ഇദ്ദേഹം വെള്ളിത്തിരയ്ക്ക് സമ്മാനിച്ചത്.ചന്തുവായി, പഴശ്ശിരാജയായി., വൈക്കം മുഹമ്മദ് ബഷീറായി. , അംബേദ്കറായി.. ഈ വേഷങ്ങളിലെല്ലാം നമ്മള്‍ കണ്ടത് മമ്മൂട്ടിയെ അല്ല . കഥാപാത്രങ്ങളെയായിരുന്നു.
1990ല്‍ സിബി മലയില്‍ സംവിധാനം ചെയ്ത ‘പരമ്പര’യായിരുന്നു മമ്മൂട്ടി ഡബിള്‍ റോളിലെത്തിയ ആദ്യ ചിത്രം. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നു കൂടിയായിരുന്നു ഇത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ ഡബിള്‍ റോളുകളില്‍ മമ്മൂട്ടി തിളങ്ങി. ദാദാസാഹിബ്,അണ്ണന്‍ തമ്പി,ബല്‍റാം വേഴ്‌സസ് താരാദാസ്,മായാബസാര്‍ തുടങ്ങി ചിത്രങ്ങളില്‍ മമ്മൂട്ടി ഡബിള്‍ റോളില്‍ അഭിനയിച്ചിട്ടുണ്ട്.
മഹാനടന്‍ ആയി അഭിനയകലയുടെ കുലപതിയായി മലയാള സിനിമയിലെ കിരീടം വെയ്ക്കാത്ത രാജാവായി കഴിഞ്ഞ അമ്പതാണ്ടുകള്‍ ചരിത്രം സൃഷ്ടിച്ച മമ്മൂക്ക ഒരു പക്ഷേ ഇന്ത്യന്‍ സിനിമാചരിത്രത്തില്‍ തന്നെ അപൂര്‍വ്വനേട്ടങ്ങള്‍ സ്വന്തമാക്കിയ വ്യക്തി കൂടിയാണ്. ഫോബ്‌സിന്റെ പട്ടികയില്‍ അടക്കം ഇടംപിടിച്ച മലയാളത്തിന്റെ പ്രിയതാരത്തെ തേടി നിരവധി പുരസ്‌കാരങ്ങളും എത്തിയിട്ടുണ്ട്.
മൂന്ന് ദേശീയ ചലച്ചിത്ര അവാര്‍ഡുകളും ഏഴ് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും 13 ഫിലിംഫെയര്‍ അവാര്‍ഡുകളും 11 കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡുകളും നേടിയിട്ടുണ്ട്. 1998 ല്‍, ഇന്ത്യന്‍ സര്‍ക്കാര്‍ ഇന്‍ഡ്യന്‍ ചലച്ചിത്ര വ്യവസായത്തിന് നല്‍കിയ സംഭാവനകള്‍ മാനിച്ച് മമ്മൂട്ടിക്ക് നാലാമത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മശ്രീ നല്‍കി ആദരിച്ചു. 2010 ല്‍ കോഴിക്കോട് സര്‍വകലാശാലയും കേരള സര്‍വകലാശാലയും അദ്ദേഹത്തിന് ഡോക്ടര്‍ ഓഫ് ലെറ്റേഴ്‌സ് ബിരുദം നല്‍കി
തമിഴ് സിനിമയില്‍ മൗനം സമ്മതം (1990), തെലുങ്ക് സിനിമയില്‍ സ്വാതി കിരണം (1992), ബോളിവുഡില്‍ ത്രിയാത്രി എന്നിവയിലൂടെ മമ്മൂട്ടി അരങ്ങേറ്റം കുറിച്ചു. എങ്കിലും ഹിന്ദിയില്‍ നായകനായി അരങ്ങേറ്റം നടത്തിയത് ധര്‍തിപുത്രയിലാണ് (1993). ദ്വിഭാഷാ ചിത്രമായ ശിക്കാരി (2012) യിലൂടെ അദ്ദേഹം കന്നഡ സിനിമയില്‍ തുടക്കമിട്ടു. ഡോ. ബാബാസാഹേബ് അംബേദ്കര്‍ (2000) എന്ന ഇന്ത്യന്‍-ഇംഗ്ലീഷ് സിനിമയിലും അദ്ദേഹം അഭിനയിച്ചു.
ഭീഷ്മപര്‍വ്വം, അമീന്‍ , പുഴു, കോട്ടയം കുഞ്ഞച്ചന്‍ 2, സിബിഐ അഞ്ചാം ഭാഗം എന്നിങ്ങനെ പ്രേക്ഷകപ്രതീക്ഷകള്‍ ഏറെയുള്ള ചിത്രങ്ങളാണ് താരത്തിന്റേതായി പുറഞ്ഞിറങ്ങാനുള്ളത്. സത്യന്‍ , പ്രേംനസീര്‍ തുടങ്ങി മലയാളത്തിലെ പ്രതിഭാശാലികള്‍ക്കൊപ്പം അഭിനയിച്ച് തുടങ്ങിയ മമ്മൂക്ക ഇപ്പഴും മലയാളത്തിന്റെ താരരാജാവാണെന്ന് നമുക്ക് നിസംശയം പറയാം.