മംഗലാപുരം: സിംഗപ്പൂരില്‍ ജോലി നല്‍കാമെന്ന മോഹനവാഗ്ദാനങ്ങള്‍ നല്‍കി ആളുകളുടെ കയ്യില്‍ നിന്ന് പണം തട്ടിയെടുക്കുന്ന കേസുകളില്‍ ഒന്നുകൂടി പുറത്തുവരുന്നു .സിംഗപ്പൂരിലെ വിവിധ ആശുപത്രികളിലേക്ക് ജോലിവിസ വാഗ്ദാനം ചെയ്ത് മലയാളികള്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത് മുങ്ങിയ റിക്രൂട്ട്മെന്‍റ് ഏജന്‍സിയുടെ ഓഫിസ് പൊലീസ് സീല്‍ ചെയ്തു. മലയാളികളുള്‍പ്പെടെ 56 പേരില്‍ നിന്നായി ഒരുകോടിയോളം രൂപ തട്ടിയെടുത്ത മംഗലാപുരം ബല്ലാല്‍ബാഗിലെ ഡി.എച്ച്.ആര്‍.സി ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിലാണ് വെള്ളിയാഴ്ച പൊലീസ് സംഘം പരിശോധന നടത്തിയത്. കേരളം, കര്‍ണാടക എന്നിവിടങ്ങളില്‍നിന്നുള്ളവരാണു തട്ടിപ്പിനിരയായവര്‍. ഓരോരുത്തരില്‍നിന്നും രണ്ടു ലക്ഷം രൂപ വീതം ആകെ 1.12 കോടി രൂപ വാങ്ങിയതായി കണക്കാക്കപ്പെടുന്നു.
ജോലിക്കായി റജിസ്റ്റര്‍ ചെയ്തപ്പോള്‍ ഇവര്‍ ഉദ്യോഗാര്‍ഥികളില്‍നിന്ന് ഒരു ലക്ഷം രൂപ വീതം വാങ്ങിയിരുന്നു. ബാക്കി തുക വീസ കിട്ടുമ്പോള്‍ നല്‍കണമെന്നായിരുന്നു വ്യവസ്ഥ. ഉദ്യോഗാര്‍ഥികള്‍ക്കായി ആദ്യം കൊച്ചിയിലും പിന്നീട് മംഗലാപുരത്തും പരീക്ഷ നടത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഉദ്യോഗാര്‍ഥികള്‍ക്കായി 28നു സിംഗപ്പൂരില്‍ പരീക്ഷ നടത്തുമെന്നും വ്യക്തമാക്കി. യാത്രയും മറ്റും സംബന്ധിച്ച വിശദവിവരങ്ങള്‍ക്കായി ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ടപ്പോള്‍ ട്രാവല്‍ ഏജന്‍സിയില്‍നിന്നു വ്യക്തമായ മറുപടി കിട്ടിയില്ല. തുടര്‍ന്ന് ഇവര്‍ അന്വേഷിച്ചപ്പോഴാണു തട്ടിപ്പ് മനസ്സിലായത്.പറഞ്ഞ സമയം കഴിഞ്ഞും ആഴ്ചകള്‍ പൂര്‍ത്തിയായിട്ടും വിസ ലഭിക്കാതെ വന്നതോടെ ഉദ്യോഗാര്‍ഥികള്‍ കഴിഞ്ഞദിവസം മംഗലാപുരത്തെ ട്രാവല്‍ ഏജന്‍സിയിലത്തെി അന്വേഷിച്ചപ്പോഴാണ് ഏജന്‍റുമാര്‍ മുങ്ങിയതായി വിവരം ലഭിച്ചത്.തുടര്‍ന്ന് ബര്‍ക്കെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.