കൊച്ചി- ബംഗലൂരു യാത്രയ്ക്ക് എയര്‍ ഏഷ്യയില്‍ 500 രൂപ മാത്രം ; മത്സരം ട്രെയിന്‍,ബസ് സര്‍വീസുകളോട്

0

 

കൊച്ചി : ബാംഗ്ലൂര്‍കൊച്ചി റൂട്ടില്‍ 500 രൂപ നിരക്കില്‍ വിമാന ടിക്കറ്റുകള്‍ നല്‍കുമെന്ന് എയര്‍ ഏഷ്യ ഇന്ത്യ അറിയിച്ചു.ഇന്നലെ അര്‍ദ്ധരാത്രി മുതലാണ്‌ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചത്.എന്നാല്‍ 500 രൂപയുടെ ഓഫറുകള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ വിറ്റുതീരുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. അടുത്ത മാസം മുതലാണ് ഈ ഓഫര്‍. ജൂലൈ 20 മുതലാണ് എയര്‍ ഏഷ്യ ബാംഗ്ലൂരില്‍ നിന്ന് കൊച്ചിയിലേയ്ക്കും തിരിച്ചും സര്‍വീസുകള്‍ ആരംഭിക്കുന്നത്. ജൂലായ്‌ 20 മുതല്‍ ബംഗളൂരുവില്‍ നിന്നും കൊച്ചിയിലേക്കും തിരിച്ചും പ്രതിദിന വിമാനങ്ങള്‍ ഉണ്ടാകും. എല്ലാ നികുതികളും ഉള്‍പ്പടെ 500 രൂപയാണ് പ്രാരംഭ ടിക്കറ്റ് നിരക്ക്. എന്നാല്‍ ഈ ആനുകൂല്യം പരിമിതകാലത്തേക്ക് മാത്രമാണ്. ജൂണ്‍ 16 മുതല്‍ 22 വരെ ബുക്ക്‌ ചെയ്യുന്ന , ജൂലായ് 20 നും ഒക്ടോബര്‍ 25 നും ഇടയില്‍ യാത്ര ചെയ്യാനുള്ള ആദ്യത്തെ 2,000 ടിക്കറ്റുകള്‍ക്കാണ് ഈ ആനുകൂല്യം ലഭ്യമാകുകയെന്നു എയര്‍ ഏഷ്യ ഇന്ത്യ പ്രസ്താവനയില്‍ അറിയിച്ചു.

ബാംഗ്ലൂര്‍ – കൊച്ചി റൂട്ടില്‍ മള്‍ട്ടി ആക്സില്‍ വോള്‍വോ ബസുകള്‍ 1300- 2500 രൂപ നിരക്കിലാണു സര്‍വീസ് നടത്തുന്നത്. ട്രെയിനിലെ തേഡ് എസിയില്‍ 855 രൂപയും സെക്കന്‍ഡ് എസിയില്‍ 1185 രൂപയുമാണു നിരക്ക്. എയര്‍ ഏഷ്യ കഴിഞ്ഞ വ്യാഴാഴ്ചയാണു ബാംഗ്ലൂര്‍-ഗോവ റൂട്ടില്‍ 990 രൂപ നിരക്കില്‍ സര്‍വീസുമായി പ്രവര്‍ത്തനം ആരംഭിച്ചത്.ഇന്ത്യന്‍ റെയില്‍വേ ,ബസ് സര്‍വീസ് എന്നിവയോടാണ്‌ തങ്ങളുടെ മത്സരം എന്ന് എയര്‍ ഏഷ്യ ഇന്ത്യ നേരത്തെ പ്രഖ്യാപിച്ചിട്ടുള്ളതാണ്.