പ്രഭാതത്തില്‍ അലയ്ക്കേണ്ട ഘടികാരത്തിന്റെ ശബ്ദം ഇല്ലാതെ തന്നെ നിദ്രാ ദേവി യാത്രയാകുന്നു. പിന്നീടു ഒരു ചടങ്ങ് പോലെ ഘടികാരത്തിന്റെ ശീല്ക്കാരത്തിനായി കാത്തു കിടക്കുന്നു. ഒടുവില്‍ ആ ശബ്ദം കൊണ്ട് ചുറ്റുപാടും അസ്വസ്തപ്പെടുമ്പോള്‍ ഒരു പുതു പ്രഭാതത്തിലേക്ക് കാലെടുത്തുവയ്ക്കുന്നു. അന്നും തന്റെ ചെരുപ്പ് തനിക്കായി കട്ടിലിന്റെ കീഴില്‍ പ്രതീക്ഷയോടെ കാത്തു കിടപ്പുണ്ടാകും. അടഞ്ഞ മിഴികളിലും തന്റെ കാലുകള്‍ ചെരുപ്പിന്റെ ഉള്ളിലേക്ക് കൃത്യമായി ഇറങ്ങുന്നു. പിന്നെ ഞൊടിയിടയില്‍ പ്രഭാത കൃത്യങ്ങള്‍. പ്രഭാത ഭക്ഷണം കഴിക്കുന്നതിനിടയില്‍ പുതച്ചു കിടന്നുറങ്ങുന്ന ഭര്‍ത്താവിനെയും തൊട്ടടുത്ത മുറിയില്‍ കിടക്കുന്ന കുഞ്ഞുങ്ങളെയും ഒന്ന് നോക്കി, മെയ്ഡ് എന്ന വീട്ടുകാരിയെ നോക്കി യാത്രയാകുന്നു. ചുമലില്‍ വാനിട്ടി ബാഗാകുന്ന മാറാപ്പും പേറി ഇറങ്ങും. ആ നടപ്പ് തൊട്ടടുത്ത ബസ് സ്റ്റാന്റ് വരെ നീളും. വീട്ടില്‍നിന്ന് ഇറങ്ങുമ്പോല്‍ തുറക്കുന്ന മൊബൈല്‍ ഫോണിലെ ചാറ്റ് റൂമില്‍ ആരെങ്കിലും ഒക്കെ കാണും. ഒരുപക്ഷെ ഇന്ന് ചെയ്യേണ്ടുന്ന ജോലിയുടെ ക്രമം അതില്‍ രേഘപ്പെടുത്തിയിട്ടുണ്ടാകും. നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞിറങ്ങുന്ന കൂട്ടുകാരിയുടെ ഉപദേശങ്ങളും നിര്ദേശങ്ങളും അതില്‍ വ്യക്തം. ആകാശത്തേക്ക് നോക്കാന്‍ സമയം കിട്ടാറില്ല. ഫോണിലെ നിന്നും കണ്നെടുത്താലല്ലേ മാനം കാണൂ…
തൊട്ടുമുമ്പിലുളള സൈൻ പോസ്റ്റിന്റെ കീഴില്‍ എത്തുമ്പോള്‍ ബ്രേക്ക് ഇട്ടപോലെ നില്ക്കും. സെക്കണ്ടുകള്‍ക്കുള്ളില്‍ ടിക്ക് ടിക്ക് ശബ്ദം കേള്‍ക്കും. അപ്പോള്‍ റോഡ് മുറിച്ചു കടക്കും, ടിക്ക് ടിക്ക് ശബ്ദം വേഗത്തില്‍ ആകുമ്പോള്‍ നടത്തം ഒട്ടമാകും. റോഡ് മുറിച്ചു കടന്നു ബസ് സ്റൊപ്പിലെ നീണ്ട നിരയില്‍ സ്ഥാനം പിടിക്കും. വന്നുനില്ക്കുന്ന ബസ്സിലേക്ക് പിന്നില്‍ നില്‍ക്കുന്നവരുടെ തള്ള് കൊണ്ട് കയറും. ആദ്യം കാര്ഡ് സ്വയ്പ് ചെയ്യും. പിന്നെ സീറ്റ്കിട്ടിയാല്‍ ഇരിക്കും അല്ലെങ്കില്‍ നില്ക്കും. ഇറങ്ങേണ്ട സമയമാകുമ്പോള്‍ കാലുകള്‍ മുന്നോട്ടു ചലിക്കും. തുടര്‍ന്ന് കാര്ഡ് സ്വയ്പു ചെയ്തു മുന്നോട്ടു നടക്കും. കൃത്യം സ്വിച്ച് ഇട്ടപോലെ സ്ഥാപനത്തിന്റെ മുന്നില്. അടുത്ത കാര്ഡ് സ്വയ്പു ചെയ്തു കെട്ടിടത്തിന്റെ ഉള്ളിലേക്ക്. അവിടെ ജോലികുപ്പയം മാറി ശുശ്രൂഷയ്ക്ക്. മുന്നില് വരുന്നവന്റെ വായില്‍ ഇരിക്കുന്നതും കേട്ട് വെളുക്കെ ചിരിച്ചു താങ്ക്സ് എന്ന് പറഞ്ഞു വീണ്ടും മുന്നോട്ട്. ചിലപ്പോള്‍ മനസ്സില്‍ പച്ച മലയാളത്തില്‍ നാല് തെറി. വല്ലാത്ത ഒരു ആശ്വാസം ഒപ്പം ഒരു നോസ്റ്റാല്ജിയായും. പകലിലെ അധ്വാനം, പലപ്പോഴും ഭക്ഷണം കഴിക്കാന്‍ മറക്കും. പിന്നെ ഫുഡ് കോര്ട്ടിലെ എന്തെങ്കിലും. അതിനു രുചിയോ ഗുണമോ മണമോ ഉണ്ടെന്നറിയില്ല. പക്ഷെ കഴിക്കും. ഇതെല്ലാം നടക്കുമ്പോള്‍ തന്നെ കൂടെയുള്ളവരോട് എന്തങ്കിലും പറയും. ചിലപ്പോള്‍ ഈറനണിഞ്ഞ കണ്ണുകള്‍ വാചാലമാകും. ആകാശം കാണാത്ത ജീവിതങ്ങളായതിനാല്‍ ക്ഷീണം മന്ത്രിക്കും സമയമായെന്ന്. രാവിലെ കൊണ്ടുവന്ന വാനിട്ടി ബാഗും തൂക്കി സന്ധ്യയുടെ വിഷാദത്തോടെ വീട്ടിലേക്ക്. ആ സ്ഥലത്തെ അങ്ങനെ പറയാമോ എന്നറിയില്ല!
ജീവച്ഛവമായി വന്നുകയറുമ്പോള്‍ അലക്ഷ്യമായി, നിസ്സങ്കതയോടെ കുഞ്ഞുങ്ങളെ ഒന്ന് നോക്കും. പിന്നെ മെയ്ഡ് എന്ന വീട്ടുകാരിയുടെ കരുണയില്‍ ഉരുവായ ചായ ഒരു കപ്പ് കുടിക്കും. ശാന്തമായി ഒന്ന് മയങ്ങും. അപ്പോഴേക്കും ശല്യമായി കുട്ടികള്‍ വരും. പകുതി മയക്കത്തില്‍ ദൈവത്തെ വിളിക്കും പോലെ ദീനമായി മേയ്ടിന്റെ പേര് വിളിക്കും. മാലാഖയെ പോലെ അവര്‍ വന്നു കുഞ്ഞുങ്ങളെ കൊണ്ടുപോകും. അന്ന് അമ്മയോടുള്ള വെറുപ്പ് ഒരു തരി കൂടി കൂടും. പിന്നീടാണല്ലോ അത് പൂര്‍ണ്ണമാകുന്നത്. അന്ന് ചിലപ്പോള്‍ ഉണരും, ഭക്ഷണം കഴിക്കും, ഇല്ലെങ്കില്‍ ഉറങ്ങും, സ്വസ്ഥമായി. പിറ്റേന്നുള്ള ഘടികാരത്തിന്റെ ശബ്ദം കാതോര്‍ത്ത്. ചിലപ്പോള്‍ ഇനി ഒരിക്കലും ഉണരരുതേ എന്ന് പ്രാര്‍ത്ഥിച്ച്…
മറുപുറവും അങ്ങിനെ തന്നെ. സുബോധത്തോടെ അയാൾ അവളെ കണ്ടത് യുഗങ്ങൾക്കു മുന്‍പാണ്. അന്നവള്‍ സുന്ദരിയായിരുന്നു. പക്ഷെ ഇന്നവള്‍ എങ്ങിനെയാണാവോ? മുഖം തലയിണയില്‍ അമര്‍ത്തി കിടന്നുറങ്ങുന്ന അവളുടെ മുഖം പോലും മറന്നിരിക്കുന്നു. ഉണര്‍ന്നിരിക്കുന്ന കുഞ്ഞുങ്ങളെ കാണാന്‍ കൊതി തോന്നാറുണ്ട്. പലപ്പോഴും വീട്ടില്‍ എത്തുമ്പോള്‍ അവര്‍ ഉറങ്ങിയിരിക്കും. പിന്നെ വല്ല അവധിയും വന്നാല്‍ അപ്പോഴെല്ലാം ഓവര്‍ ടൈം നിര്‍ബന്ധം. ഒരുമിച്ചു ഒരവധി കിട്ടുന്നതാണ് ജീവിതതില്‍ കാണാവുന്ന ഏറ്റവും വലിയ സുന്ദര സ്വപ്നം. മേയ്ടിന്റെ കൈപുണ്യം കയ്പ്പോടെ ഇറക്കി കട്ടിലിലേക്ക് ചായുമ്പോള്‍ അവളുടെ കൈ തന്‍റെ ദേഹത്ത് ഒന്ന് തോട്ടിരുന്നെങ്ങില്‍ എന്ന് ആശിക്കാറുണ്ട്. ഒരുപക്ഷെ അത് സംഭവിക്കുമെന്നു കരുതുമ്പോഴേക്കു നിദ്രാദേവി തന്നെ കരവലയത്തില്‍ ആക്കിയിരിക്കും.
കുഞ്ഞുങ്ങളും ജീവിക്കുന്നു. അവരുടെ ലോകത്ത്. മേയ്ടിന്റെ വാത്സല്ല്യവും, സ്നേഹവും, കരുതലും, അവളുടെ സംസ്കാരവും, ഭാഷയും, ജീവിത വീക്ഷണവും പകര്‍ത്തിയെടുത്ത് അന്യമായൊരു സംസ്കൃതിയില്‍ പരുവപ്പെടുന്നു. പറക്കമുറ്റുബോള്‍ അവരും ചിറകുവിരിക്കുന്നു. കുടുംബ ബന്ധങ്ങളുടെയും ബന്ധനങ്ങളുടെയും സംസ്കാരത്തിന്‍റെയും കെട്ടുപാടുകള്‍ ഇല്ലാത്ത മറ്റൊരു ലോകത്തേക്ക്, കൂടൊഴിഞ്ഞ് പറന്ന് പോകുവാന്‍.
ഇതിനെ എന്തുപേര്‍ വിളിക്കും? ജീവിതം എന്ന് പറയാമോ? ഇല്ല ഒരിക്കലുമില്ല. ഇത് ഒരുതരം ഒഴുക്കാണ്. ഒഴുകുന്ന പുഴയില്‍ ഉരുണ്ടൊഴുകുന്ന തടി പോലെ എന്തോ ഒന്ന്. ലോകമാകുന്ന പുഴയില്‍ ഒഴുകുന്ന ജീവിതം പോലെ എന്തോ ഒന്ന്. ഇവിടെ മഴയില്ല, മണ്ണിന്റെ ഗന്ധമില്ല, മണമുള്ള പൂക്കളില്ല, ഇളം തെന്നലില്ല, ജീവന്‍റെ തുടിപ്പുകള്‍ ഒന്നുമില്ലാ. എന്നാല്‍ എല്ലാം ഉണ്ട് താനും. വാട്ടര്‍ ഫൗന്ണ്ടനുകള്‍, വിലക്കുവാങ്ങാന്‍ മണ്ണ്, കൃത്രിമ പൂക്കള്‍ , രൗദ്രമായി വീശുന്ന കാറ്റ്, ജീവനില്ലാത്ത ജീവിതങ്ങള്‍………..ജീവനില്ലാത്ത ജീവിതങ്ങള്‍ ………..
( വികാരി ,സെന്‍റ്.മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രല്‍ സിംഗപ്പൂര്‍ )