യാത്രകള്‍ സമാധാനത്തിനു വേണ്ടിയാകണം.
ചുരുങ്ങിയപക്ഷം മനസ്സമാധാനത്തിനു വേണ്ടിയെങ്കിലും….!
അപ്പോള്‍ യാത്ര ലോകസമാധാനത്തിനു വേണ്ടിയാണെങ്കിലോ….?
മാലോകരും മാധ്യമങ്ങളും മതിവരുവോളം പുകഴ്ത്തും.
പക്ഷെ ഏറെ കൊട്ടിഘോഷിക്കപ്പെട്ട ആ യാത്ര വഴിയില്‍ തല്ലിപ്പിരിയുന്പോള്‍ പലരും പലതും പറയും.
സംവിധായകന്‍ ലാല്‍ ജോസ്, ഓട്ടോമൊബൈല്‍ ജേര്‍ണലിസ്റ്റ് ബൈജു എന്‍ നായര്‍ , ഐ. ആര്‍ . എസ്. ഓഫീസര്‍ സുരേഷ് ജോസഫ് എന്നിവരുടെ ലോകയാത്രയെ കുറിച്ചാണ് ഞാന്‍ പറഞ്ഞുവന്നത്.
ലോക സമാധാനം, ഇന്ത്യന്‍ സിനിമയുടെ 100 വര്‍ഷം, കേരള ടൂറിസം എന്നീ മഹത്തായ മൂന്നുകാര്യങ്ങളുടെ പ്രചരണം ലക്ഷ്യംവെച്ചാരംഭിച്ച യാത്ര 75 ദിവസങ്ങള്‍ , 27 രാജ്യങ്ങള്‍ , 24000 കിലോമീറ്റര്‍ എന്നിവ പിന്നിട്ട് ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡെന്ന കല്ല്യാണ സൗഗന്ധികത്തിന്‍റെ പടിവാതില്‍ക്കലെത്തി നില്‍ക്കേണ്ടതായിരുന്നു. കല്യാണസൗഗന്ധികം തേടിയുള്ള യാത്രാമധ്യേ ഭീമന്‍റെ ഗര്‍വ്വും ഹനുമാന്‍റെ താന്‍പോരിമയും ഏറ്റുമുട്ടിയതുപോലെ ചില പോട്ടലും ചീറ്റലും ഈ യാത്രയെയും അലങ്കോലമാക്കിയപ്പോള്‍ ലോകസമാധാനവും , ഇന്ത്യന്‍ സിനിമയും, കേരള ടൂറിസവും, അതിന്‍റെ പ്രചരണവും, മണ്ണാങ്കട്ടയും കരിയിലയും പോലെ ഒലിച്ചുപോയി. യാത്ര വഴിയില്‍ പിരഞ്ഞു. കൊട്ടിഘോഷിച്ച മാധ്യമങ്ങള്‍ യാത്രയുടെ വഴിപിരിയലിനെ കൊന്ന് കൊലവിളിച്ചു. കേരള സര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്ത 10 ലക്ഷം പിന്‍വലിച്ചു. ലോകസമാധാന യാത്ര നാണക്കേടിന്‍റെ ഘോഷയാത്രയായി. ഇനി ലോക റെക്കോര്‍ഡ് ആരെങ്കിലും സ്വന്തമാക്കിയാലും ഇല്ലെങ്കിലും ഈ സംഭവം യാത്രയില്‍ നമ്മള്‍ കരുതേണ്ട ചിലതിനെകുറിച്ച് ഒര്‍മ്മപ്പെടുത്തുന്നു.
കൂട്ടായ യാത്രകളില്‍ വിട്ടുവീഴ്ചകളും പരസ്പരം മനസ്സിലാക്കലുമാണ് പരമപ്രധാനം. അന്യോന്യമുള്ള കരുതല്‍ (caring), അതാണ് നാം യാത്രയില്‍ അമൃത പാഥേയമായി കൊണ്ടുപോകേണ്ടത്.
പരസ്പരമുള്ള ഈ സ്നേഹവും കരുതലും പല യാത്രകളും നമുക്ക് അവിസ്മരണീയമാക്കിത്തരും. ലാല്‍ജോസിന്‍റെയും സംഘത്തിന്‍റെയും വഴിയില്‍പ്പിരിഞ്ഞ യാത്രയെകുറിച്ചുള്ള വാര്‍ത്തകള്‍ കേട്ടപ്പോള്‍ എന്‍റെ ജീവിതത്തിലുണ്ടായൊരു ചെറിയ യാത്രയുടെ അപൂര്‍വ നിമിഷങ്ങളാണ് ഓര്‍മ്മവന്നത്.
കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രത്തിലേക്കുള്ള എല്ലാ യാത്രകളും എനിക്കോരോ അനുഭവങ്ങളാണ്. ആ സന്നിധിയില്‍വെച്ച് പരിചയപ്പെട്ട ഒരു സന്യാസിയോടൊപ്പം നടത്തിയ ഒരു യാത്ര എനിക്ക് സമ്മാനിച്ചത് ജീവിതത്തിലെ അനര്‍ഘനിമിഷങ്ങളാണ്. മൂകാംബികാക്ഷേത്രനടയില്‍വെച്ച് പരിചയപ്പെടുകയും പിന്നീട് എന്‍റെ സുഹത്തുമായ ജയപ്രകാശ് ചേട്ടനാണ് ക്ഷേത്രത്തിന്‍റെ കിഴക്കേ നടയിലെ ചിത്രമൂല സ്റ്റോഴ്സിലെ ഒറ്റമുറിയില്‍ താമസിച്ചിരുന്ന സന്യാസിയെ എനിക്ക് പരിചയപ്പെടുത്തിത്തന്നത്. കുടജാദ്രിയിലെ ചിത്രമൂലയില്‍ വര്‍ഷങ്ങളായി തപസ്സുചെയ്തിരുന്ന ഇദ്ദേഹത്തെ കൂട്ടികൊണ്ട് വന്ന് ഇവിടെ താമസിപ്പിച്ചതാണത്രെ. ഞങ്ങള്‍ കാണാന്‍ ചെല്ലുന്പോള്‍ മുകാംബികാക്ഷേത്രത്തിലെ പ്രധാന അഡിഗ ഇദ്ദേഹത്തിന്‍റെ കാല്‍ക്കല്‍ നമസ്ക്കരിക്കുന്നു. ആ കാഴ്ച എന്നില്‍ ഇദ്ദേഹത്തെകുറിച്ചുള്ള മതിപ്പ് വര്‍ദ്ധിപ്പിച്ചു.. ജയപ്രകാശേട്ടന്‍ എന്നെ പരിചയപ്പെടുത്തി. എന്‍റെ മുഖത്തേക്കൊന്ന് നോക്കി ചിരിച്ചുവെന്നതല്ലാതെ അദ്ദേഹം ഒന്നും സംസാരിച്ചില്ല. പ്രത്യേകിച്ചൊന്നും സംഭവിക്കാതെ ഞങ്ങള്‍ പിരിഞ്ഞു.
ജയപ്രകാശേട്ടന്‍ അന്ന് രാത്രി തന്നെ കണ്ണൂരിലേക്ക് തിരിച്ചുപോയി. മതിവരുവോളം തൊഴുതേ ഞാനാ സന്നിധിയില്‍നിന്ന് മടങ്ങാറുള്ളൂവെന്നതുകൊണ്ടുതന്നെ എന്‍റ മൂകാംബികായാത്രകള്‍ക്ക് മുന്നുദിവസത്തെ ദൈര്‍ഘ്യം ഉണ്ടായിരുന്നു.
പിറ്റേദിവസം രാവിലെ ക്ഷേത്രദര്‍ശനം കഴിഞ്ഞ് പുറത്തുള്ള വലംപിരി ഗണപതിഭഗവാനെ തൊഴാനായി നടക്കുന്പോള്‍ തലേന്ന് ഞങ്ങള്‍ പരിചയപ്പെട്ട ആ സന്യാസി എനിക്കെതിരെ വരുന്നു. ഞാനൊന്ന് ചിരിച്ചു. എന്നെയൊന്ന് നോക്കി പാതിചിരിയുമായി അദ്ദേഹം കടന്നുപോയി. മനസ്സിലായിക്കാണാന്‍ ഒരു സാധ്യതയുമില്ലാത്തതിനാല്‍ തിരിഞ്ഞുനോക്കാതെ ക്ഷേത്രം ലക്ഷ്യമാക്കി ഞാനും നടന്നു. കുറച്ചുദൂരം മുന്നോട്ടുപോയപ്പോള്‍ പുറകില്‍നിന്നൊരു വിളി. പുറകില്‍ ആ സന്യാസി. കന്നഡയും മലയാളവും കലര്‍ന്ന ഒരു പ്രത്യേക ഭാഷയില്‍ അദ്ദേഹം എന്നോടെന്തോ ചോദിച്ചു. ചോദ്യം വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ എന്നാണ് തിരിച്ചുപോകുന്നതെന്നാണ് ചോദ്യമെന്ന് ഞാന്‍ ഊഹിച്ചെടുത്തു. മൂന്ന് ദിവസം ഇവിടെയുണ്ടെന്ന് ഞാനെങ്ങിനെയോ ആംഗ്യഭാഷയിലൊക്കെ പറഞ്ഞൊപ്പിച്ചു.
"എങ്കില്‍ എന്‍റെ കൂടെ ഒരു യാത്ര പോരുന്നോ…?” എന്നോടുള്ള ചോദ്യം അതുതന്നെയാണെന്ന് ഞാന്‍ മനസ്സിലാക്കാന്‍ പാടുപെട്ടു.
സംശയഭാവത്തില്‍ ഞാനദ്ദേഹത്തെ നോക്കി. ഭാഷയറിയാത്തതിനാല്‍ എവിടേക്കാണ് യാത്രയെന്ന് ചോദിക്കാനും പറ്റുന്നില്ല.
"വരുന്നെങ്കില്‍ താമസിക്കുന്ന മുറിഒഴിഞ്ഞ് ഉച്ചയ്ക്ക് ഒരുമണിക്ക് ചിത്രമൂല സ്റ്റോഴ്സിന്‍റെ മുന്നിലെത്തുക." മുഴുവന്‍ മനസ്സിലായില്ലെങ്കിലും ഞാനൂഹിച്ചതാണ്.
എന്‍റെ മറുപടിക്ക് കാത്തുനില്‍ക്കാതെ അദ്ദേഹം തിരിഞ്ഞുനടന്നു. എന്തുചെയ്യണമെന്നറിയാതെ ഞാനും. ആദ്യമായി പരിചയപ്പെട്ട എന്‍റെ ഭാഷപോലും അറിയാത്ത ഒരാള്‍ ….. അതും ഒരു സന്യാസി…! മൂന്ന് ദിവസം ദേവിയെ തൊഴാനും ആ സന്നിധിയില്‍ കഴിയാനുമെത്തിയ ഞാന്‍ ഒരപരിചിത സന്യാസിയോടൊപ്പം ലക്ഷ്യമില്ലാത്തൊരു യാത്രപോയാല്‍ എന്താകുമെന്ന ചിന്തയില്‍ ദേവിയെ തൊഴുതുനിന്നു. കണ്ണുതുറന്നപ്പോള്‍ ദേവിയുടെ മുഖത്ത് പതിവില്ലാത്തൊരു ചിരി. എനിക്ക് തോന്നിയതാകാം . ആ തോന്നല്‍ ഒരു യാത്രാ സമ്മതമായി എന്‍റെ ഉള്ളില്‍ നിറഞ്ഞു.
ഒരു മണിക്ക് പകരം കൃത്യം 12.50ന് തന്നെ ഞാന്‍ ചിത്രമൂല സ്റ്റോഴ്സിന്‍റെ മുന്നിലെത്തി. അല്‍പ സമയത്തിനുശേഷം ഒരു അര്‍മദ ജീപ്പ് എന്‍റെ മുന്നിലെത്തി. അതിന്‍റെ മുന്‍ സീറ്റില്‍ നമ്മുടെ സന്യാസി. എന്നോട് പുറകില്‍ കയറാന്‍ ആഗ്യം കാട്ടി. ആരും ഒന്നും സംസാരിക്കുന്നില്ല. അതുകൊണ്ട് തന്നെ എവിടേക്കാണ് പോകുന്നതെന്ന് ചോദിച്ചതുമില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ യാത്ര കാട്ടിനകത്തേക്കായി.. ടാറിട്ട റോഡ് പിന്നിട്ട്, കല്ലും മണ്ണും നിറഞ്ഞ പാതയിലൂടെ പൊടിപറത്തിയുള്ള യാത്ര. ജനവാസമൊന്നുമില്ലാത്ത കാട്ടുപാത യിലൂടെയുള്ള യാത്ര ഏകദേശം ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ചെന്നെത്തിയത് ഒരു ഹൈവേയിലാണ്. ഞാനൊന്നാശ്വസിച്ച് പുറത്തേക്കുനോക്കി. കടകളുടെ ബോര്‍ഡുകളും ദിശാ ബോര്‍ഡുകളുമെല്ലാം കന്നഡ ഭാഷയില്‍ …. എവിടെയെത്തിയെന്നറിയാന്‍ ഒരു മാര്‍ഗവുമില്ലാതെ ജീപ്പ് പിന്നേയും കുറേ ദൂരം മുന്നോട്ട് പോയി. ഹൈവേയുടെ അരികില്‍ കണ്ട വലിയൊരു അന്പലത്തിനടുത്ത് ചായകുടിക്കാന്‍ ഡ്രൈവര്‍ ജീപ്പ് നിര്‍ത്തി. മൗനത