യുദ്ധം വേണോ?

0
കാലാകാലങ്ങളായി സ്വന്തം രാജ്യത്തിനകത്തു ആഭ്യന്തരകലഹം മൂർച്ചിക്കുമ്പോള്‍  ദേശീയ വികാരം ഉയർത്തി വിടാനും രാഷ്ട്രീയ നേട്ടങ്ങള്‍ കൊയ്യാനും പാക്കിസ്ഥാൻ കാശ്മീരിൽ സാധാരണക്കാര്‍ക്കും ഇന്ത്യൻ പട്ടാളക്കാര്‍ക്കും നേരെ വെടിയുതിർക്കാറുണ്ട്. സ്വാതന്ത്ര്യത്തിന് ശേഷമുള്ള കാലഘട്ടത്തിന്‍റെ ഭൂരിഭാഗവും രാഷ്ട്രീയ അസ്ഥിരത നിലനിന്നിരുന്ന, ഇപ്പോഴും നില നില്ക്കുന്ന രാജ്യമാണ് പാക്കിസ്ഥാൻ. ഈ  രാഷ്ട്രീയഅസ്ഥിരത ആ രാജ്യത്തിന്‍റെ വികസനത്തിന് എല്ലാക്കാലത്തും തടയിട്ടിട്ടുമുണ്ട്. അത് കൊണ്ട് തന്നെയാണ്  തീവ്രവാദത്തിലൊഴികെ  മറ്റൊന്നിലും ഈ രാജ്യം മുന്നേറാത്തത്. 
 
പാക്കിസ്ഥാനിലെ ഉപരിവർഗ്ഗത്തിൽ പെടുന്ന ഒരു  വിഭാഗം  രാഷ്ട്രീയക്കാരും  സൈനിക  മേധാവികളും  ആണ്   എല്ലായ്പ്പോഴും രാജ്യത്തിന്റെ  ഭരണചക്രം  തിരിച്ചു  കൊണ്ടിരിക്കുന്നത്. ജനാധിപത്യപരമായി അധികാരത്തിൽ  വരുന്ന  സർക്കാരുകളെ  അട്ടിമറിച്ചു  സൈനിക ഭരണകൂടം  സ്ഥാപിക്കപ്പെടുന്നത്  പാക്കിസ്ഥാനെ  സംബന്ധിച്ചെടുത്തോളം പുതിയ  കാര്യമല്ല. സൈനികഭരണത്തിനോ   ജനാധിപത്യ ഭരണകൂടത്തിനോ  തങ്ങളുടെ പ്രജകളോടോ സാധാരണക്കാരായ പട്ടാളക്കാരോടോ യാതൊരു പ്രതിബന്ധതയുമില്ലതാനും. കാര്‍ഗില്‍ യുദ്ധകാലത്തടക്കം പാക്കിസ്ഥാന്‍ സേനയെന്ന പേരില്‍ യുദ്ധം നടത്തിയിരുന്നത് പട്ടാളവേഷം കെട്ടിയ ചാവേറുകളായ തീവ്രവാദികള്‍ ആയിരുന്നെന്നും നമ്മള്‍ കണ്ടതാണ്. അതുകൊണ്ടു തന്നെ ഒന്നും നഷ്ടപ്പെടാന്‍ ഇല്ലാത്ത ഒരു വിഭാഗത്തോടാണ് നാം യുദ്ധം ചെയ്യേണ്ടി വരിക എന്നു മനസ്സിലാക്കി കൊണ്ടു വേണം സര്‍ക്കാര്‍ മുന്നോട്ടു പോകാന്‍. അണുവായുധം പ്രയോഗിക്കാന്‍ പോലും മടിക്കാത്ത ചിന്താശേഷി നശിച്ച സൈനിക മേധാവികളാണ് പാകിസ്ഥാനുള്ളത് എന്നും ഈ അവസരത്തില്‍ പരിഗണിക്കേണ്ട വിഷയമാണ്.
 
അതിര്‍ത്തിയില്‍ നടക്കുന്ന ഏറ്റുമുട്ടലുകള്‍ യുദ്ധമായി മാറാനുള്ള എല്ലാ സാധ്യതയും നിലനില്‍ക്കുന്ന ഈ സാഹചര്യത്തില്‍ പെട്ടന്നു തന്നെ ലോകരാഷ്ട്രങ്ങളുടെ പിന്തുണ നേടിയെടുക്കേണ്ടത് പരമപ്രധാനമാണ്.   അമേരിക്കയും ചൈനയുമൊക്കെ  ഇന്ത്യയോടു  സൗഹൃദം നടിച്ചു പാക്കിസ്ഥാന് അനുകൂലമായി നിലാപാട് എടുക്കുകയും അവരെ സഹായിക്കുകയും ചെയ്യുന്നവരാണ് എന്നു ഓരോ കാശ്മീര്‍ യുദ്ധത്തിലും വെളിവാകാറുണ്ട്. ഓരോ യുദ്ധത്തിലും പരാജയപ്പെടുന്ന പാക്കിസ്ഥാന് നയതന്ത്രസംരക്ഷണം നല്‍കാന്‍ ഈ രാജ്യങ്ങള്‍ കൈകോര്‍ക്കാറുണ്ട്. തങ്ങള്‍ നിര്‍മിക്കുന്ന ആയുധങ്ങള്‍ നിയമവിരുദ്ധമായി പോലും വിറ്റഴിക്കാന്‍ സാധിക്കുന്ന വിപണി നിലനിര്‍ത്താനുള്ള ശ്രമം അവര്‍ തുടരുക തന്നെ ചെയ്യും. പരാജയപ്പെടുമെന്ന് ഉറപ്പിച്ചു തന്നെയാണ് പാക്കിസ്ഥാന്‍ യുദ്ധങ്ങളെല്ലാം തന്നെ ആരംഭിക്കാറുള്ളത്. നയതന്ത്ര ബന്ധങ്ങളിലൂടെ, കാശ്മീര്‍ വിഷയത്തില്‍ ലോകരാഷ്ട്രങ്ങളുടെ പിന്തുണ നേടിയെടുക്കുന്നതില്‍ വിജയിക്കാന്‍ കഴിഞ്ഞാല്‍, പാകിസ്ഥാന്റെ പരാജയത്തിനു ശേഷം, ഐക്യരാഷ്ട്രസഭയുടേയും പടിഞ്ഞാറന്‍ രാജ്യങ്ങലുടെയും സമ്മര്‍ദ്ദത്തിനു വഴങ്ങി, നൂറുകണക്കിന് ജവാന്മാരുടെ ജീവന്‍ ബലി കഴിച്ച് നാം നേടുന്ന വിജയം കടലാസില്‍ ഒതുങ്ങിപ്പോവുന്ന അവസ്ഥ ഇത്തവണയെങ്കിലും ഒഴിവാക്കാം.
 
ദേശസ്നേഹം തുളുമ്പി വികാരം മുറ്റി പാകിസ്ഥാനെ തകര്‍ത്ത് തരിപ്പണമാക്കണമെന്ന് നാം സോഷ്യല്‍ മീഡിയയില്‍ ഗര്‍ജ്ജിക്കുമ്പോള്‍ യുദ്ധമുണ്ടാവരുതേയെന്നു പ്രാര്‍ഥിക്കുന്ന ആയിരക്കണക്കിന്‌ അമ്മമാരും, ഭാര്യമാരും, പിഞ്ചുകുഞ്ഞുങ്ങളും നമ്മുടെ അയല്പക്കങ്ങളിലോ കുടുംബങ്ങളിലോ ഉണ്ട്. അതിര്‍ത്തിയില്‍ കൊടുംതണുപ്പിലും രാജ്യത്തിന്‌ വേണ്ടി പൊരുതുന്ന ജവാന്മാരുടെ ബന്ധുക്കള്‍. മനസ്സമാധാനത്തോടെ അവര്‍ക്കുറങ്ങണമെങ്കില്‍ യുദ്ധങ്ങള്‍ തുടര്‍ക്കഥയാകാത്ത വിധം കാശ്മീര്‍ പ്രശ്നം അവസാനിക്കണം. 
 
നയതന്ത്രചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ കഴിയില്ലെന്നു ഉറപ്പാവുകയും യുദ്ധമുണ്ടാവുകയുമാണെങ്കില്‍ വീണ്ടും ഉണര്‍ന്നെഴുന്നെല്‍ക്കാന്‍ കഴിയാത്ത വിധം പാക്കിസ്ഥാനെ അവസാനിപ്പിക്കണം. കാശ്മീരില്‍ നടക്കുന്ന അവസാനത്തെ യുദ്ധമായിരിക്കണം അത്. സാധാരണക്കാര്‍ക്ക് നേരെ ഷെല്ലാക്രമണങ്ങള്‍ അഴിച്ചുവിട്ട്,  “ലോകാ സമസ്താ സുഖിനോ ഭവന്തു” ജപിക്കുന്ന മനസ്സുകളില്‍ പ്രതികാരം നിറച്ച്, കൈകളില്‍ ആയുധമെടുക്കാന്‍ പ്രേരിപ്പിക്കുകയാണെങ്കില്‍, വര്‍ഷാവര്‍ഷം ജവാന്മാരുടെ കുഞ്ഞുങ്ങള്‍ അനാഥരാകാതിരിക്കാന്‍, പാകിസ്ഥാന്‍ എന്നൊരു രാജ്യത്തെ ലോകഭൂപടത്തില്‍ നിന്ന് ഇല്ലാതാക്കുന്നതായിരിക്കും അഭികാമ്യം.   
—————————————–
കോളങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ തികച്ചും വ്യക്തിപരമാണ്. അവ പ്രവാസി എക്സ്പ്രസ്സിന്‍റെ അഭിപ്രായങ്ങളല്ല!