സിംഗപ്പൂര്‍ : സിംഗപ്പൂരില്‍ നിന്ന് കേരളത്തിലേക്ക് നേരിട്ടും അല്ലാതെയും സര്‍വീസ് നടത്തുന്ന എയര്‍ലൈന്‍സുകളില്‍ ടിക്കറ്റുകള്‍ കിട്ടാനില്ല.ക്രിസ്തുമസ് പ്രമാണിച്ച മിക്ക വിമാനത്തിലും മുഴുവന്‍ ടിക്കറ്റുകളും വിറ്റ് തീര്‍ന്ന അവസ്ഥയാണ് .സില്‍ക്ക് എയര്‍ , മലേഷ്യ എയര്‍ലൈന്‍സ് എന്നീ സര്‍വീസുകളില്‍ എല്ലാ ദിവസങ്ങളിലെയും ടിക്കറ്റുകള്‍ ദിവസങ്ങള്‍ക്കു മുന്‍പ് തന്നെ യാത്രക്കാര്‍ ബുക്ക് ചെയ്തിരുന്നു.
വന്‍തുക ഈടാക്കുന്ന ടൈഗര്‍ എയറില്‍ മാത്രമാണ് ഇപ്പോള്‍ ടിക്കറ്റുകള്‍ ലഭ്യമായിട്ടുള്ളത്.എന്നാല്‍ ആവശ്യക്കാര്‍ കൂടുന്നതിനനുസരിച്ച് 600 ഡോളറിനും മുകളിലാണ് ഒരു വശത്തേക്ക് ടൈഗര്‍ എയര്‍ ഈടാക്കുന്നത് .നിരക്ക് ഏറ്റവും കുറഞ്ഞ മലിന്‍ഡോ എയറിന് ആവശ്യക്കാര്‍ കൂടിയത് സീറ്റുകള്‍ വേഗത്തില്‍ വിറ്റ് തീരുവാന്‍ കാരണമായി.ഓസ്ട്രേലിയ ,മറ്റ് ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ മലയാളികള്‍ അവധിക്കാലം ആഘോഷിക്കുവാന്‍ നാട്ടില്‍ പോകുന്നത് സില്‍ക്ക് എയര്‍ ,മലേഷ്യ എയര്‍ലൈന്‍സ് എന്നീ വിമാന കമ്പനികള്‍ക്ക് ചാകരയായി .നഷ്ടത്തില്‍ നെട്ടോട്ടം തിരിയുന്ന മലേഷ്യ എയര്‍ലൈന്‍സിന്‍റെ കൊച്ചിയിലേക്കുള്ള എല്ലാ വിമാനവും യാത്രക്കാരെ കൊണ്ട് നിറഞ്ഞ അവസ്ഥയിലാണ്.
തിരുവനന്തപുരം ഭാഗത്ത് നിന്നുള്ളവര്‍ക്ക് ആഴ്ച്ചയില്‍ 4 സര്‍വീസ് മാത്രം നടത്തുന്ന സില്‍ക്ക് എയറാണ് ഏക ആശ്രയം.അതുകൊണ്ട് തന്നെ ടിക്കറ്റുകള്‍ ആഴ്ചകള്‍ക്ക് മുന്‍പ് തന്നെ വിറ്റ് പോയിരുന്നു.വടക്കന്‍ കേരളത്തില്‍ നിന്നുള്ളവര്‍ ആശ്രയിക്കുന്നത് കൊച്ചി ,കോയമ്പത്തൂര്‍ ,ബംഗളൂരു എയര്‍പോര്‍ട്ടുകള്‍ വഴി നാട്ടിലേക്കു യാത്ര ചെയ്യുന്നു .സര്‍വീസുകള്‍ വര്‍ദ്ധിച്ചിട്ടും ആവശ്യക്കാര്‍ കൂടുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്.സീസണ്‍ പ്രമാണിച്ച് കൂടുതല്‍ വിമാന സര്‍വീസുകള്‍ അടുത്ത വര്‍ഷം മുതല്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷ.
ക്രിസ്തുമസ് സീസണില്‍ ഏകദേശം 1200-ഓളം പേരാണ് ദിനംപ്രതി സിംഗപ്പൂര്‍ ,കൊലാലംപൂര്‍ എന്നിവിടങ്ങളില്‍ നിന്ന് കൊച്ചിയിലേക്ക് യാത്ര ചെയ്യുന്നത് .