ആന്ധ്രാപ്രദേശില്‍ പ്രത്യേക പ്രതിനിധിയായി അംബാസഡര്‍- അറ്റ്-ലാര്‍ജ് പത്മശ്രീ ഗോപിനാഥ് പിള്ള

0
ആന്ധ്രാപ്രദേശ് സംസ്ഥാനത്തിന്റെ പുതിയ "സ്മാര്‍ട്ട്‌ സിറ്റി" തലസ്ഥാനനിര്‍മ്മാണവുമായി ബന്ധപ്പെട്ട്, സിംഗപ്പൂര്‍ അതിന്‍റെ പ്രത്യേക പ്രതിനിധിയായി  അംബാസഡര്‍- അറ്റ്-ലാര്‍ജ് പത്മശ്രീ ഗോപിനാഥ് പിള്ളയെ  നിയമിച്ചു. സിംഗപ്പൂര്‍ വിദേശകാര്യമന്ത്രി ശ്രീ കെ ഷണ്മുഖം ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ശ്രീ ചന്ദ്രബാബു നായിഡുവുമായി നടന്ന ചര്‍ച്ചയെ തുടര്‍ന്ന്, ഐഇ സിംഗപ്പൂര്‍ (ഇന്റര്‍നാഷനല്‍  എന്റര്‍പ്രൈസ്) ആന്ധ്രാ സര്‍കാരുമായി തലസ്ഥാനനിര്‍മാണത്തിനുള്ള ഉടമ്പടി ഒപ്പുവെച്ചു. പുതുതായി രൂപംകൊണ്ട തെലുങ്കാന സംസ്ഥാനവും ആന്ധ്രയും കൂടി, തലസ്ഥാനനഗരി പത്തു വര്‍ഷം പങ്കുവെക്കുന്നതായിരിക്കും.         
 
പദ്ധതി ഏറ്റെടുക്കുന്നതിനായി സിംഗപ്പൂര്‍ മന്തിസഭയുടെ അംഗീകാരം ലഭിച്ചതായി മന്ത്രി ശ്രീ കെ ഷണ്മുഖം പത്രസമ്മേളനത്തില്‍ അറിയിച്ചു. സിംഗപ്പൂര്‍ വ്യവസായ വകുപ്പ് മന്ത്രി ശ്രീ ഈശ്വരന്‍ കുറച്ച് ദിവസങ്ങള്‍ക്കുമുന്പ് ഇക്കാര്യത്തില്‍ ആന്ധ്രാ സര്‍ക്കാരുമായി സമഗ്രമായ ചര്‍ച്ച നടത്തിയിരുന്നു. സിംഗപ്പൂരിന്റെ സുതാര്യവും കൃത്യതയുമാര്‍ന്ന പ്രൊഫഷണലിസത്തെ പ്രകീര്‍ത്തിച്ച ആന്ധ്ര മുഖ്യമന്ത്രി ശ്രീ ചന്ദ്രബാബു നായിഡു,  അംബാസഡര്‍- അറ്റ്-ലാര്‍ജ് ഗോപിനാഥ് പിള്ളയുടെ നിയമനത്തെയും സ്വാഗതം ചെയ്തു.
 
അറിയപ്പെടുന്ന പത്രപ്രവര്‍ത്തകനും വിദ്യാഭ്യാസ വിശാരദനുമായ ശ്രീ ഗോപിനാഥ് പിള്ള, തന്‍റെ വിശാലമായ നയതന്ത്ര പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ പേരെടുത്ത വ്യക്തിയാണ്. സിംഗപ്പൂര്‍ സര്‍ക്കാറിന്റെ പ്രതിരോധ, വിദേശകാര്യ  പാര്‍ലമെന്‍റ് കമ്മറ്റികളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം 1990 ല്‍ ഇറാനിലെ സിംഗപ്പൂരിന്റെ നയതന്ത്ര പ്രതിനിധിയായി. പിന്നീട് അംബാസഡര്‍- അറ്റ്-ലാര്‍ജ് ആയി നിയമിക്കപ്പെട്ട അദ്ദേഹം, പാക്കിസ്ഥാനിലെ സിംഗപ്പൂര്‍ ഹൈകമ്മിഷണര്‍  ആയും സേവനം അനുഷ്ഠിച്ചു. അദ്ദേഹത്തിന്റെ സേവനങ്ങളെ മാനിച്ച് ഭാരതസര്‍ക്കാര്‍ 2012 ല്‍ പത്മശ്രീ നല്‍കി  ആദരിക്കുകയുണ്ടായി. സാവന്ത്‌ ഇന്ഫോകോം, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൌത്ത് ഏഷ്യന്‍ സ്റ്റഡീസ് എന്നിവയുടെ അധ്യക്ഷപദവി അലങ്കരിക്കുകയാണ്, അദ്ദേഹമിപ്പോള്‍.