സോഷ്യല്‍ മീഡിയയില്‍ താരമായി കോഴിക്കോട് ജില്ലാ കലക്ടര്‍

0
സാമൂഹികപ്രശ്നങ്ങളെ പൊതുജനസഹകരണത്തോടെ നേരിടുവാനുള്ള പദ്ധതികളുമായി മുന്നോട്ടുവരികയും, അതിനു പ്രചാരം നല്‍കുവാന്‍ സോഷ്യല്‍ മീഡിയ ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്യുന്ന കോഴിക്കോട് ജില്ലാ കലക്ടര്‍ എന്‍.പ്രശാന്ത്‌ IAS സോഷ്യല്‍ മീഡിയയില്‍ താരമാകുന്നു.
ജനോപകാരപ്രദമായ വിവരങ്ങള്‍ ഫെയിസ്ബുക്കിലൂടെ ഷെയര്‍ ചെയ്യുക മാത്രമല്ല, ജനങ്ങള്‍ ഉന്നയിക്കുന്ന സംശയങ്ങള്‍ക്കും പ്രശ്നങ്ങള്‍ക്കും വ്യക്തമായ മറുപടിയാണ് കലക്ടര്‍ നല്‍കുന്നത്.
മുഫുസ്സിൽ ബസ്‌ സ്റ്റാന്റ്‌ പരിസരത്ത് നല്ല മൂത്രപ്പുര ഉണ്ടെങ്കിലും പരസ്യമായി കാര്യം സാധിക്കുന്നവരുടെ ഫോട്ടോയെടുത്ത് ഫെയിസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്യാന്‍ കലക്ടര്‍ ആഹ്വാനം ചെയ്തത് കൌതുകമായി. ‘ത്രിമൂത്രി ഫോട്ടൊ മൽസരം’ എന്ന പേരില്‍ ഏറ്റവും നല്ല മൂന്ന് ചിത്രങ്ങൾക്ക്‌ ത്രിമൂത്രി സമ്മാനം പ്രഖ്യാപിച്ചതും അടിസ്ഥാനരഹിതമായ വിമര്‍ശനം നടത്തിയവര്‍ക്ക് കലക്ടര്‍ നേരിട്ട് ചുട്ട മറുപടി നല്കിയതും ചിരിയുണര്‍ത്തി.
മുന്പ് ട്രാഫിക് സംബന്ധമായ വിഷയങ്ങളില്‍ പൊതുജനാഭിപ്രായം തേടിയതും കോഴിക്കോട് മാനസികാരോഗ്യ ആശുപത്രിയിലെ സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ പൊതുജനങ്ങളുടെ സഹായം തേടിയതും കലക്ടറെ ജനപ്രിയനാക്കി.
“അങ്ങയെ പോലെ യുള്ള ഭരണാധികാരികളെയാണ് ജനങ്ങൾക്കാവശ്യം അങ്ങ്കൊളുത്തിയ ഈ മൺചിരാത് കോഴിക്കോടിന്റ ഹൃദയകൂടാരത്തിൽ കാലങ്ങളോളം കെടാതിരിക്കട്ടെ” തുടങ്ങി നിരവധി അഭിപ്രായങ്ങളാണ് ജനങ്ങള്‍ അദ്ദേഹത്തിന്‍റെ ഫെയിസ്ബുക്ക് പേജില്‍ കുറിച്ചിരിക്കുന്നത്.