വെള്ളത്തുള്ളികള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടറുമായി ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ മനു പ്രകാശ്

0
ഇടത്തുനിന്ന്: സ്റ്റാന്‍ ഫോര്‍ഡ് യൂണിവേര്‍സിറ്റി അസിസ്റ്റന്റ് പ്രൊഫസര്‍, മനു പ്രകാശ്, പി എച്ച് ഡി വിദ്യാര്‍ത്ഥികളായ ജിം സൈബല്‍സ്കി, ജോര്‍ജിയസ് കാത്സികിസ് എന്നിവര്‍.

സ്റ്റാന്‍ ഫോര്‍ഡ് യൂണിവേര്‍സിറ്റിയിലെ ബയോ എഞ്ചിനീയറിംഗ് അസിസ്റ്റന്റ് പ്രൊഫസറും, ശാസ്ത്രജ്ഞനുമായ മനു പ്രകാശും, പി എച്ച് ഡി വിദ്യാര്‍ത്ഥി സംഘവും ചേര്‍ന്ന് വെള്ളത്തുള്ളികള്‍ കൊണ്ട് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന പുതു കമ്പ്യൂട്ടറുകള്‍ക്ക് രൂപം നല്‍കി.

ചലിക്കുന്ന ജല കണങ്ങള്‍ കൊണ്ട് ഊര്‍ജ്ജം ഉത്പാദിപ്പിക്കാന്‍ കഴിയുമെന്ന ഊര്‍ജ്ജതന്ത്ര അടിസ്ഥാന തത്ത്വത്തില്‍ നിന്നുമാണ് ഇത്തരം കമ്പ്യൂട്ടര്‍ നിര്‍മ്മിക്കുവാനുള്ള പ്രചോദനം ഉണ്ടായത്. ഇതിനായി ഫെറോ ഫ്ലൂയിഡ് ഡ്രോപ്പ്ലെറ്റുകള്‍ ആണ് മനു പ്രകാശും, സംഘവും ഉപയോഗിച്ചിരിക്കുന്നത്. ഇത്തരം മാഗ്നറ്റിക് ഫ്ലൂയിഡുകളെ നിയന്ത്രിക്കാന്‍ ക്ലോക്ക് ആയി പ്രവര്‍ത്തിക്കുന്ന കറങ്ങുന്ന കാന്തിക ഉപകരണമാണ് ആദ്യമായി ഇവര്‍ നിര്‍മ്മിച്ചത്. നമുക്കറിയാം ബിറ്റുകള്‍ വഴിയാണ് ഇലക്ട്രോണിക് കമ്പ്യൂട്ടറിന്റെ എല്ലാ പ്രക്രിയകളും സാധ്യമാകുന്നത്. ഇവിടെ ഡ്രോപ്ലെറ്റുകളുടെ സാന്നിധ്യവും അഭാവവും 1, 0 ആയി പ്രവര്‍ത്തിക്കുന്നു. അയേണ്‍ ബാറുകള്‍ക്കും ഗ്ലാസ്സുകള്‍ക്കും ഇടയില്‍ ശ്രദ്ധയോടെ കുത്തിവയ്ക്കുന്ന ഡ്രോപ്ലെറ്റുകളുടെ ചലനം കമ്പ്യൂട്ടറിന് നല്‍കുന്ന വിവരങ്ങളെ പ്രോസസ് ചെയ്യുന്നു. ആധുനിക ഇലക്ട്രോണിക് കമ്പ്യൂട്ടറുകളില്‍ ചെയ്യാന്‍ കഴിയുന്ന ഏതു തരം ജോലിയും ഇത്തരം കമ്പ്യൂട്ടറുകള്‍ വഴി സാധ്യമാണ് എങ്കിലും, താരതമ്മ്യേന ഇതിനു വേഗത വളരെക്കുറവാണ്. ഭാവിയില്‍ അതു നേടാനാകും എന്ന പ്രതീക്ഷയിലാണ് ടീം. പുതിയ സാങ്കേതിക വിദ്യയെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ ജൂണ്‍ മാസത്തെ നാച്ചുറല്‍ ഫിസിക്സില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മീററ്റില്‍ അദ്ധ്യാപക കുടുംബത്തില്‍ ജനിച്ച മനു പ്രകാശ് ഐ ഐ ടിയില്‍ നിന്നുമാണ് എഞ്ചിനീയറിംഗ് ചെയ്തത്. പിന്നീട് യു എസിലേക്ക് പോയ മനു എം ഐ ടിയില്‍ നിന്നും അപ്ലയിഡ് ഫിസിക്സില്‍ പി എച്ച് ഡി ചെയ്തു, സ്റ്റാന്‍ ഫോര്‍ഡില്‍ പ്രകാശ് ലാബ് തുടങ്ങി. വെള്ളതുള്ളികളെ ബിറ്റുകള്‍ ആയി എങ്ങിനെ ഉപയോഗിക്കാമെന്ന ചിന്ത ബിടെക് പഠനകാലം മുതലേ ഉണ്ടായിരുന്നുവെന്ന് മനു പ്രകാശ് പറഞ്ഞു. കുട്ടിക്കാലം മുതല്‍ പലതരം പരീക്ഷണങ്ങള്‍ ചെയ്യുവാനും ഉത്സാഹിയായിരുന്ന മനു ഇതിനു മുന്‍പ് 50 സെന്‍റ് മൈക്രോ സ്കോപ് പോലുള്ള പലതരം കണ്ടുപിടുത്തങ്ങളും നടത്തിയിട്ടുണ്ട്.

ബുദ്ധിപരവും വ്യത്യസ്തവും ആയ ചിന്തകള്‍ ആണ് ലോകത്തെ സാങ്കേതികപരമായ ഉന്നതിയില്‍ എത്തിച്ചത്. ജാക്വാര്‍ഡ് ലൂമില്‍ നിന്നും ആശയം ഉള്‍ക്കൊണ്ടുകൊണ്ട് ബാബേജ് മെഷീന്‍ നിര്‍മ്മിക്കപ്പെട്ടതും, അത് പിന്നീട് വേഗതയേറിയ ആധുനിക ഇലക്ട്രോണിക് കമ്പ്യൂട്ടര്‍ ആയതിനു പുറകിലുമെല്ലാം ഇത്തരം ചിന്തകള്‍ ആണ്. ആയതിനാല്‍ ഡ്രോപ്പ്ലെറ്റ് കമ്പ്യൂട്ടറുകളും ചരിത്രത്തില്‍ ഇടം നേടുമെന്ന് പ്രതീക്ഷിക്കാം

 

Source: Stanford.edu