ശക്തികൂടിയ സൗരക്കാറ്റുകള്‍ 24 മണിക്കൂര്‍ നേരത്തെ അറിയാനായി ഇന്ത്യന്‍ ശാസ്ത്രജ്ഞയും സംഘവും പുതിയ ഉപായം കണ്ടുപിടിച്ചു. ലണ്ടനിലെ ഇംപീരിയല്‍ കോളേജിലെ വിസിറ്റിംഗ് റിസര്‍ച്ചറും നാസയിലെ സ്പേസ് സയന്റിസ്റ്റുമായ ശ്രീമതി നീല്‍ സവാനിയാണ് പുതിയ കണ്ടുപിടുത്തത്തിനുടമ. തന്മൂലം കൊറോണല്‍ മാസ് ഇജക്ഷന്‍സില്‍നിന്നും (CME) ഭൂമിയിലെ ഉപകരണങ്ങളെയും മറ്റും സംരക്ഷിക്കാന്‍ സാധിക്കും.
മാസ് ഇജക്ഷന്‍സിന്റെ കാന്തികപ്രഭാവത്തിന്റെ സാന്നിധ്യം ഇപ്പോള്‍ ഉപഗ്രഹങ്ങള്‍ വഴി ഏകദേശം ഒരു മണിക്കൂര്‍ മുന്‍പേ മാത്രമേ അറിയാന്‍ സാധിക്കുകയുള്ളൂ. അപ്പോഴേക്കും മാസ് ഇജക്ഷന്‍സ് ഭൂമിയുടെ വളരെ അടുത്തെത്തിയിരിക്കും. പുതിയ മെഷര്‍മെന്‍റ് ടെക്നോളജി ഉപയോഗിച്ച് സൂര്യന്‍റെ പരിധിയില്‍ നിന്ന് ഉത്ഭവിക്കുമ്പോള്‍ തന്നെ മാസ് ഇജക്ഷന്‍സിന്റെ സ്വഭാവവും ഗതിയും അറിയാന്‍ സാധിക്കും.
സൌരോപരിതലത്തില്‍ നിന്നും ഉത്ഭവിക്കുന്ന വാതക-കാന്തിക കണങ്ങളുടെ ബഹിര്‍ഗ്ഗമനമാണ് കൊറോണല്‍ മാസ് ഇജക്ഷന്‍സ് എന്ന് അറിയപ്പെടുന്നത്. ഇവയ്ക്ക് ഉപഗ്രഹങ്ങളുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുവാന്‍ പോന്നത്രയും ശക്തിയുണ്ടായിരിക്കും ഭൗമോപരിതലത്തില്‍ എത്തുന്ന മാസ് ഇജക്ഷന്‍സിന് വാഹനങ്ങളിലും മറ്റും ഘടിപ്പിക്കുന്ന ജിപിഎസ് ഉപകരണങ്ങളുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുവാന്‍ സാധിക്കും. ഇവയുടെ സാന്നിധ്യം നേരത്തെ അറിയുന്നത് വഴി നമുക്ക് കൂടുതല്‍ കരുതല്‍ നടപടികള്‍ എടുക്കാന്‍ സാധിക്കും, ശ്രീമതി സവാനി അഭിപ്രായപ്പെട്ടു.
പുതിയ ടെക്നോളജി, ശ്രീമതി സവാനിയും സംഘവും എട്ടോളം മാസ് ഇജക്ഷന്‍സില്‍ പരീക്ഷിക്കുകയുണ്ടായി. എല്ലാറ്റിലും വളരെ പ്രത്യാശാ ജനകമായ ഫലമാണ് ലഭിച്ചതെന്ന് സംഘം വിലയിരുത്തുന്നു. നാസയില്‍, ഇതിന്‍റെ കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തി ഉടന്‍ തന്നെ അമേരിക്കയിലെ നേഷനല്‍ ഓഷ്യാനിക് അറ്റ്‌മോസ്ഫിയറിക് അഡ്മിനിസ്ട്രെഷന്‍ (NOAA)ലും ബ്രിട്ടനിലെ കാലാവസ്ഥ നിരീക്ഷണശാലയിലും ലഭ്യമാക്കാനാണ് പദ്ധതിയിടുന്നത്.