ഭാഷയുടെ അതിര്‍വരമ്പുകളില്ലാതെ സംസാരിക്കാം; സ്കൈപ് ട്രാന്‍സിലേറ്റര്‍ ആറു ഭാഷകളില്‍

0

ഭാഷയുടെ അതിര്‍വരമ്പുകളില്ലാതെ സംസാരിക്കാം ഇനി,  സ്കൈപ് വഴി !. 'സ്കൈപ് ട്രാന്‍സിലേറ്റര്‍' തര്‍ജ്ജമ ചെയ്യും ഇനി മുതല്‍ ആറു ഭാഷകള്‍. അടുത്ത ലക്‌ഷ്യം ഹിന്ദി, അറബിക്.

ഫ്രഞ്ച് മാത്രം സംസാരിക്കാന്‍ അറിയാവുന്നവരോട് ഇന്റര്‍നെറ്റ്‌ വഴി എങ്ങിനെ സംസാരിക്കുവാന്‍ കഴിയും? ഇനി മുതല്‍ അതും സാധ്യം സ്കൈപ് ട്രാന്‍സിലേറ്റര്‍ ആപ് വഴി. നിങ്ങള്‍ ഇംഗ്ലീഷ് സംസാരിക്കുമ്പോള്‍ അത് കേള്‍ക്കുന്ന ആള്‍ക്ക് ഫ്രഞ്ചിലേക്കും, അതുപോലെ അവരു പറയുന്ന ഫ്രഞ്ച്  നമുക്ക് ഇംഗ്ലീഷിലും സ്കൈപ് തര്‍ജ്ജമ ചെയ്തു തരും, സംസാരിക്കുന്ന സമയത്ത് തന്നെ. അതുപോലെ സംസാരിക്കുന്നത്, ടെക്സ്റ്റിലേക്ക് മാറ്റാനും സ്കൈപ് വഴി സാധിക്കും.

ആറു ഭാഷകളാണ് സ്കൈപ് ഇനി   തര്‍ജ്ജമ ചെയ്യുക. ഇംഗ്ലീഷ്, ജര്‍മന്‍, ഫ്രഞ്ച്, ഇറ്റാലിയന്‍, മാന്‍ഡേറിന്‍ (ചൈനീസ്), സ്പാനിഷ്‌ മുതലായവ. നിലവില്‍ സ്കൈപില്‍ 150 ഭാഷകളില്‍ ടെക്സ്റ്റ്‌ സന്ദേശങ്ങള്‍ തര്‍ജ്ജമ ചെയ്യാന്‍ കഴിയുന്നതിനു പുറമേയാണ് ഇപ്പോള്‍ ആറു ഭാഷയിലുള്ള ഓഡിയോ ട്രാന്‍സിലേഷനും സാധ്യമായിരിക്കുന്നത്. ഓഡിയോ തര്‍ജ്ജമ ചെയ്യുമ്പോള്‍ ആദ്യം ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു എങ്കിലും എല്ലാം പരിഹരിച്ചു കൊണ്ടാണ് പുതിയ പതിപ്പ് ഇറക്കിയിരിക്കുന്നത്. വിന്‍ഡോസ്‌ 8, വിന്‍ഡോസ്‌ 10, ഉപയോഗിക്കുന്നവര്‍ക്ക് വിന്‍ഡോസ്‌ സ്റ്റോറില്‍ നിന്നും ഈ ആപ് ഡൌണ്‍ലോഡ് ചെയ്യാം.

ഭാവിയില്‍ അന്‍പതോളം ഭാഷകള്‍, തര്‍ജ്ജമ ചെയ്യാന്‍ കഴിയുന്നതാക്കി സ്കൈപിനെ മാറ്റാനായുള്ള ശ്രമത്തിലാണ് മൈക്രോസോഫ്റ്റ് ഇപ്പോള്‍. ഇതില്‍ ഹിന്ദി, അറബിക് മുതലായ ഭാഷകളും പെടും. സംസാരിക്കുവാനോ, കേള്‍ക്കുവാനോ ബുദ്ധിമുട്ടുള്ളവര്‍ക്ക് പോലും സ്കൈപ് വളരെ എളുപ്പം ഉപയോഗിക്കാന്‍ കഴിയുന്നതാക്കി മാറ്റുക എന്നതാണ് മൈക്രോസോഫ്റ്റിന്റെ മറ്റൊരു ലക്‌ഷ്യം. ഇങ്ങിനെ ചെയ്യുന്നത് വഴി നിരവധി ബില്ല്യന്‍ ഉപയോക്താക്കളെ നേടാന്‍ സ്കൈപ്പിന് സാധിക്കും.