ലാഭാക്കൊതിയില്‍ നശിച്ച മനുഷ്യത്വം

0

കുറച്ചു മാസങ്ങളായി സിംഗപ്പൂരിനും, അയല്‍ രാജ്യങ്ങള്‍ക്കും വളരെയേറെ അസ്വസ്ഥത സൃഷ്ടിക്കുകയാണ് പുക നിറഞ്ഞ അന്തരീക്ഷം. വര്‍ഷം തോറും പേപ്പര്‍, വിലകുറഞ്ഞതും, ആരോഗ്യത്തിനു ഹാനികരമായ പാം ഓയിലില്‍, എന്നിവയുടെ കൃഷിയ്ക്കായി ഇന്തോനേഷ്യ, മലേഷ്യ അതുപോലെ ദ്വീപുകളായ ബോണിയോ, സുമാത്ര എന്നിവിടങ്ങളില്‍ കാടുകളെ ചുട്ടെരിച്ചു കൊണ്ടിരിക്കുകയാണ് ചില കമ്പനികള്‍. അവിടെ നിന്നുമുള്ളതാണ് തെക്ക് കിഴക്കന്‍ ഏഷ്യയെ മൂടുന്ന കനത്ത പുക. ജനങ്ങളെ വളരെയേറെ ബുദ്ധിമുട്ടിക്കുന്ന ഈ പുകമറയ്ക്കുള്ളിലുണ്ട് ആരുടെയും കരളലിയിക്കുന്ന ദയനീയ കാഴ്ചകള്‍. കാട് കത്തിക്കുക എന്ന മനുഷ്യന്റെ കൊടും ക്രൂരതയില്‍ ജീവനോടെ കത്തിയെരിയുന്ന അനേകം മിണ്ടാ പ്രാണികള്‍ പ്രാണ വേദന കൊണ്ട് പിടയുന്ന ഹൃദയ ഭേദകമായ കാഴ്ചകള്‍.

കേവലം പാം ഓയില്‍ കൃഷിക്ക് വേണ്ടി ഹെക്ടര്‍ കണക്കിന് വനം ചുട്ടെരിക്കുമ്പോള്‍  ജീവനോടെ കത്തിയെരിയുന്നത് നിരുപദ്രവകാരികളായ അനേകം പക്ഷികള്‍, മൃഗങ്ങള്‍ കൂടിയാണ്. കൃഷിയ്ക്ക് വേണ്ടി കാട് കത്തിക്കുമ്പോള്‍ മുന്നിലുള്ള ഒരു ജീവനെയും ശ്രദ്ധിക്കേണ്ടതില്ല എന്നതാണ് ജോലിക്കാര്‍ക്ക് കിട്ടിയ നിര്‍ദ്ദേശവും. ഇന്തോനേഷ്യയില്‍ 1970 മുതലുള്ള വനനശീകരണത്തിന്‍റെ ഭാഗമായി തൊണ്ണൂറു ശതമാനം ഒറാങ്ങൂട്ടന്‍മാരാണ് ഇല്ലാതായത്. ഇങ്ങിനെ പോയാല്‍ അടുത്ത് തന്നെ ഈ വര്‍ഗ്ഗത്തിന് വംശ നാശം സംഭവിക്കും. കൂടാതെ കടുവകള്‍ അടക്കം ഇവിടെയുള്ള നിരവധി സ്പീഷീസുകള്‍ ഇതിനകം നശിപ്പിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു.

കാടുകള്‍ നശിപ്പിക്കുന്നത് വഴി സ്വന്തം നില നില്പ് പോലും അപകടകരമായേക്കാം എന്നോര്‍ക്കാതെയാണ് ഇവര്‍ ഈ പ്രവര്‍ത്തി തുടര്‍ന്ന് കൊണ്ടിരിക്കുന്നത്. അന്തരീക്ഷത്തില്‍ കാര്‍ബണ്‍ നിറഞ്ഞു  കൊണ്ടിരിക്കുകയാണ് ഓരോ തവണയും കാട് ചുട്ടെരിക്കുമ്പോള്‍. ഇത് സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ കുറഞ്ഞതല്ല. ഇപ്പോള്‍ തന്നെ കണ്ണിനും, ശ്വാസ നാളത്തിനും അസുഖം ബാധിച്ചു തുടങ്ങി പലര്‍ക്കും. പ്രത്യേകിച്ചും ആസ്തമാ, ശ്വാസ കോശ രോഗികളെ പുക വളരെയധികം ബുദ്ധിമുട്ടിക്കുന്നു. ഈ വിപത്തിനെതിരെ എത്രയും പെട്ടെന്ന് തന്നെ പ്രതികരിച്ചില്ലെങ്കില്‍ നേരിടേണ്ടി വരുന്ന പ്രശ്നങ്ങള്‍ നിസ്സാരമാവില്ല.

ആരോഗ്യത്തിനു ഹാനികരമായ പാം ഓയിലിനെ ഒഴിവാക്കുക എന്നതാണ് നമുക്ക് ചെയ്യാവുന്ന ഒരു കാര്യം. ഭക്ഷണ ആവശ്യത്തിനല്ലാതെ ടൂത്ത് പേസ്റ്റ്, ഷാംപൂ, ഡിറ്റര്‍ജന്റ് തുടങ്ങിയ അനേകം വീട്ടുപയോഗ വസ്തുക്കളിലും പാം ഓയില്‍ അടങ്ങിയിട്ടുണ്ട്. സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും, സ്റ്റോറുകളില്‍ നിന്നും ഇത്തരം ഉത്പന്നങ്ങള്‍ പാടെ ഒഴിവാക്കുക. കൂടാതെ മാരകമായ ഈ വിപത്തിനെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക. ഇത്രയുമെങ്കിലും ചെയ്യാന്‍ കഴിയുന്നത് ചെയ്യുന്നത് വഴി പാം ഓയില്‍ ആവശ്യം കുറയുകയും, അതുവഴി വന നശീകരണം തടയുകയും ചെയ്യാം.

മനുഷ്യനു വേണ്ടുവോളം ശക്തിയും, ബുദ്ധിയും തന്നു ദൈവം സൃഷ്ടിച്ചത് പ്രകൃതിയോടും, മറ്റു ജീവ ജാലങ്ങളോടും ക്രൂരത കാണിക്കാനല്ല. വന നശീകരണത്തിനെതിരെ ശബ്ദം ഉയര്‍ത്തുന്നത് വഴി നമുക്ക് സംരക്ഷിക്കാം പ്രകൃതിയെ, പാവം ജീവ ജാലങ്ങളെ, അതുവഴി നില നിര്‍ത്താം പ്രകൃതിയുടെ ആവാസ വ്യവസ്ഥയെ.