ഇത് അക്ഷ്സന്‍ഷ് കഠിന രോഗത്തോടു പൊരുതി നേടിയ വിജയം

0


ജവഹര്‍ലാല്‍ നെഹ്റു യൂണിവേര്‍സിറ്റി (ജെ എന്‍ യു) വൈസ് ചാന്‍സലര്‍ ഓഫീസില്‍ വച്ച് നടന്ന പ്രത്യേക ചടങ്ങില് ഡോക്ടറേറ്റ് അംഗീകാരം സ്വീകരിക്കുമ്പോള് കാണാമായിരുന്നു അക്ഷ്സന്‍ഷ് ഗുപ്ത എന്ന വിദ്യാര്‍ത്ഥിയുടെ കണ്ണുകളില്‍ കഠിന രോഗത്തോടു പൊരുതി നേടിയ വിജയത്തിന്‍റെ തിളക്കം.

അക്ഷ്സന്‍ഷ് ഒരു സാധാരണ വിദ്യാര്‍ത്ഥി അല്ല. അക്ഷ്സന്‍ഷിനെ സെറിബ്രല്‍ പാഴ്സി എന്ന രോഗം ബാധിച്ചിരിക്കുകയാണ്. സഹോദരങ്ങള്‍ സ്കൂളില്‍ പോകുന്നതും, പഠിക്കുന്നതും കണ്ടു ആഗ്രഹം തോന്നിയാണ് അക്ഷ്സന്‍ഷ് പഠനം തുടങ്ങിയത്. അക്ഷ്സന്‍ഷിനെ പോലെ ഒരു കുട്ടിയെ എടുക്കാന്‍ പല വിദ്യാലയങ്ങളും മടിച്ചു. പഠനത്തിന്‍റെ ഓരോ സ്റ്റേജിലും പല വെല്ലുവിളികളും നേരിടേണ്ടി വന്ന അക്ഷ്സന്‍ഷ് എന്നിട്ടും ഉറച്ച മനസ്സോടെ പഠിച്ചു പി എ ച്ച് ഡി നേടി.

ഈ നേട്ടത്തിന് നന്ദി പറയാനുള്ളത് തന്‍റെ എല്ലാമെല്ലാമായിരുന്ന അമ്മയോടും, മീര എന്ന ടീച്ചറോടും, ബി.ടെക് പഠന കാലത്ത് എന്നും തന്നെ കോളേജില്‍ കൊണ്ടുപോയി കൊണ്ടുവന്നിരുന്ന റിക്ഷാക്കാരനോടും ആണെന്ന് അക്ഷ്സന്‍ഷ് പറഞ്ഞു. രണ്ടായിരത്തി പതിനൊന്നില്‍ അമ്മയെ നഷ്ടപ്പെട്ട അക്ഷ്സന്‍ഷ് ഹോസ്റ്റലില്‍ നിന്നാണ് പഠനം പൂര്‍ത്തീകരിച്ചത്.

കമ്പ്യൂട്ടര്‍ സയന്‍സ് ആയിരുന്നു വിഷയം. ബ്രെയിന്‍ കമ്പ്യൂട്ടര്‍ ഇന്റര്‍ഫേസിലാണ് പ്രബന്ധം തയ്യാറാക്കിയത്. പി എ ച്ച് ഡി യുടെ ഔദ്യോഗിക ചടങ്ങ് അടുത്ത വര്‍ഷം ആണ് ഉണ്ടാകുക. അതിനു ശേഷം ഒരു ജോലി എന്നതാണ് അക്ഷ്സന്‍ഷിന്റെ ലക്ഷ്യം.

ചലന സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്ന ഈ രോഗം ബാധിച്ചവര്‍ക്ക് കാഴ്ചക്കുറവ്, സംസാരിക്കാന്‍ ബുദ്ധിമുട്ട്, സ്പര്‍ശന ശേഷി നഷ്ടപ്പെടുക, കേള്‍വി നഷ്ടപ്പെടുക തുടങ്ങിയ പല വിഷമതകളും ഉണ്ടാകും. അതുപോലെ മസിലുകള്‍ക്ക് ബലക്കുറവോ, അയവില്ലായ്മയോ ഉണ്ടാകാം. 95 ശതമാനവും രോഗത്തിന്‍റെ വിഷമതകൾ ശരീരത്തെ തളര്‍ത്തുമ്പോഴും  മനസാന്നിദ്ധ്യം കൈവിടാതെ പഠിച്ച് നേടിയ അക്ഷ്സന്‍ഷിന്റെ ഈ വിജയം വാക്കുകള്‍ക്കതീതമാണ്.   സൗകര്യങ്ങള്‍ ഏറെ ഉണ്ടായിട്ടും പരാതികള്‍ പറയുന്നവര്‍ക്ക് മാതൃകയാക്കാം അക്ഷ്സന്‍ഷിനെ, അക്ഷ്സന്‍ഷിന്‍റെ ഈ നേട്ടത്തെ.