ലൂസിയുടെ ഓര്‍മ്മയില്‍ ഗൂഗിള്‍ ഡൂഡില്‍

0

മനുഷ്യപരിണാമദശയിലെ ഏറ്റവും പ്രശസ്തമായ കണ്ണി – ലൂസി -യെ സ്മരിച്ച്  ഡൂഡില്‍ ഒരുക്കി ഗൂഗിള്‍. കണ്ടുപിടിത്തത്തിന്റെ  41-ാ൦  വാര്‍ഷിക  ദിനമായ നവംബര്‍ 24 നാണ്  ഗൂഗിള്‍  ലൂസിയെ ഡൂഡില്‍ ആയി അവതരിപ്പിച്ചത്.

1974-ല്‍ എത്യോപ്യയിലെ അവാഷ് താഴ്‌വരയില്‍ നിന്നും കണ്ടെത്തിയ ഒരു അസ്ഥികൂടത്തിന്‍റെ പേരാണ് ലൂസി. ഫോസില്‍ വിദഗ്ദന്‍ ഡൊനാള്‍ഡ് സി. ജൊഹാന്‍സനും സംഘവും ലൂസിയെ കണ്ടെടുക്കുമ്പോള്‍ ഫോസിലിന്റെ 40 ശതമാനം മാത്രമേ അവശേഷിച്ചിരുന്നുള്ളൂ.

3.2 ദശലക്ഷം വര്‍ഷം പഴക്കം നിര്‍ണ്ണയിചിട്ടുള്ള ഈ ഫോസിലിന്റെ ഏറ്റവും വലിയ പ്രത്യേകത രണ്ടു കാലില്‍  നിവര്‍ന്നു നില്ക്കാനുള്ള കഴിവായിരുന്നു. ഇത്തരത്തില്‍ ലഭിച്ചിട്ടുള്ള എറ്റവും പഴക്കം ചെന്ന ഫോസിലാണ് ലൂസിയുടേത്. ചിമ്പാന്‍സികളുടേതായ പല ശാരീരിക സവിശേഷതകളും കാണാമെങ്കിലും, നിവര്‍ന്നു നടക്കാനുള്ള കഴിവ് കുരങ്ങില്‍ നിന്നും മനുഷ്യനിലേക്കുള്ള പരിണാമത്തിന്റെ സുപ്രധാന തെളിവായി ലൂസിയെ മാറ്റി. അങ്ങനെ മനുഷ്യന്റെ മുതുമുത്തശ്ശിയായി ലൂസി സ്മരിക്കപെടുന്നു. ആസ്ത്രലോപിത്തിക്കസ് അഫറെന്‍സിസ് എന്നതാണ് ലൂസിയുടെ ശാസ്ത്ര നാമം.

ലൂസിയുടെ അസ്ഥികളെല്ലാം ഇപ്പോഴും എത്യോപ്യയിലെ നാഷനല്‍ മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്.