മണ്ണിനായി ഒരു വര്‍ഷം

0

ഇന്ന് (2015 ഡിസംബര്‍ 5 ) ലോക മണ്ണു ദിനം (World Soil Day ). 2015 നു  മറ്റൊരു പ്രത്യേകത കൂടിയുണ്ട്; യു.എന്‍. ജെനറല്‍ അസംബ്ളി  'അന്താരാഷ്‌ട്ര മണ്ണു വര്‍ഷ' മായി  ആചരിക്കുന്നത്  ഈ വര്‍ഷമാണ്‌. മണ്ണിന്‍റെ പ്രാധാന്യം, ഉപയോഗം  എന്നിവയെക്കുറിച്ചും മണ്ണു പരിപാലനത്തെക്കുറിച്ചും  ജനങ്ങളെ  ബോധവല്കരിക്കുക എന്ന ഉദ്ദേശത്തോടെയാണ്  'അന്താരാഷ്‌ട്ര മണ്ണു വര്‍ഷം' ആചരിക്കുന്നത്. 2014 അന്താരാഷ്ട്ര കുടുംബ കൃഷി വര്‍ഷമായി  ആചരിച്ചതിന്‍റെ തുടര്‍ച്ചയാണിത്. ലോക ഭക്ഷ്യ കാര്‍ഷിക സംഘടന (FAO UN) ആണിതിന്‍റെ ചുമതല നിര്‍വഹിക്കുന്നത്. 'ആരോഗ്യമുള്ള  മണ്ണു  ആരോഗ്യകരമായ  ജീവിതത്തിന്' എന്നതാണ് മുദ്രാവാക്യം.

എന്താണ് മണ്ണ്?  നമുക്കറിയാവുന്നത്‌ പോലെ അനേകം  സൂക്ഷ്മ ജീവികള്‍, ജൈവാവശിഷ്ടങ്ങള്‍, മൂലകങ്ങള്‍, വാതകങ്ങള്‍  എന്നിങ്ങനെ നിരവധി ഘടകങ്ങള്‍ ചേര്‍ന്ന, ഭൂമിയില്‍  ജീവനാധാരമായ മിശ്രിതമാണ് മണ്ണ്. കരയിലും  കടലിലുമായി ഭൂമിയെ ആവരണം ചെയ്തു കിടക്കുന്ന ഒരു ബ്രഹത് ആവാസവ്യവസ്ഥ. എല്ലാ ചെറു ആവാസവ്യവസ്ഥകളുടെയും  ജീവല്‍സ്രോതസ്സ്. ചെറുതും വലുതുമായ അനേകകോടി ജീവാംശങ്ങളുടെ  ഈറ്റില്ലം. ചുരുക്കിപ്പറഞ്ഞാല്‍ മണ്ണില്ലെങ്കില്‍ ജീവനില്ല. ചരിത്രപരമായും മണ്ണിന്‍റെ പ്രാധാന്യം ചെറുതല്ല. എല്ലാ ആദിമ സംസ്കാരങ്ങളുടെയും വിളനിലം. മണ്ണിനും മതത്തിനും വേണ്ടിയാണ് ഈ ലോകത്ത് യുദ്ധങ്ങള്‍ ഏറെയും നടന്നിട്ടുള്ളത്.

അനേക വര്‍ഷങ്ങള്‍ കൊണ്ട് മഞ്ഞും മഴയും കാറ്റുമേറ്റ് ദ്രവിക്കുന്ന പാറകള്‍ പൊടിഞ്ഞ് സസ്യാവശിഷ്ടങ്ങള്‍ ഉള്‍കൊണ്ടാണ് മണ്ണ് രൂപപ്പെടുന്നത്. പെഡോജെനിസിസ് (Pedogenesis) എന്നാണ് ഈ പ്രക്രിയയുടെ പേര്. ഒരു സെന്റിമീറ്റര്‍ കനത്തില്‍ പുതിയ മണ്ണ് രൂപപ്പെടാന്‍ നൂറു മുതല്‍ ആയിരം വരെ വര്‍ഷങ്ങള്‍ വേണ്ടി വരുമത്രേ! നമ്മുടെ കാലടിയില്‍ പതിയുന്ന ഓരോ മണ്‍തരിയും എത്രയോ വര്‍ഷങ്ങളുടെ ശ്രമഫലമായാണ് രൂപപ്പെടുന്നത് എന്ന് മനസിലായില്ലേ?

മനുഷ്യന്‍റെ പ്രാഥമികാവശ്യങ്ങളായ ആഹാരം, വസ്ത്രം, പാര്‍പ്പിടം എന്നിവയെല്ലാം മണ്ണിനെ ആശ്രയിച്ചിരിക്കുന്നു. കൃഷിയുടെ അടിസ്ഥാന ഘടകമാണ് നല്ല വളക്കൂറുള്ള മണ്ണ്. ബാക്ടീരിയ, ഫംഗസ്, ആല്‍ഗെ, വൈറസ്  തുടങ്ങിയ സൂക്ഷ്മാണു ജീവികളുടെയും മണ്ണിര, തേരട്ട, ഉറുമ്പ്, പ്രാണികള്‍ പോലുള്ള ചെറു ജീവികളുടെയും സാന്നിധ്യം ആരോഗ്യമുള്ള മണ്ണിന്‍റെ ലക്ഷണമാണ്. ഇത്തരം മണ്ണില്‍  നിന്നേ നല്ല വിളവു ലഭിക്കുകയുള്ളൂ. ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്താന്‍ സാധിക്കുകയുള്ളൂ.ഭൂമിയിലെ ജൈവവൈവിധ്യം നിലനിര്‍ത്തുന്നതില്‍ മണ്ണിനു സുപ്രധാനമായ പങ്കുണ്ട്. മണ്ണും ജലവും ഒരുമിച്ചു കാണുന്ന ആവാസവ്യവസ്ഥയാണ് നീര്‍ത്തടങ്ങള്‍.നീര്‍ത്തടങ്ങള്‍ ജൈവവൈവിധ്യത്താല്‍ സമ്പുഷ്ടമാണ്. മണ്ണിന്‍റെ ജീവന്‍  നിലനിര്‍ത്താന്‍ നീര്‍ത്തട  സംരക്ഷണം അനിവാര്യമാണ്. വനങ്ങളും പുഴകളും മറ്റുമാണ് നീര്‍ത്തടങ്ങളില്‍ ജലം എത്തിക്കുന്നത്.മണ്ണിലെ ജൈവാംശവും ജലസംഭരണശേഷിയും കാലാവസ്ഥയെ വരെ നിയന്ത്രിക്കാന്‍ കഴിവുള്ള ഘടകങ്ങളാണ്. സമുദ്രങ്ങള്‍ കഴിഞ്ഞാല്‍ കാര്‍ബണിനെ ഏറ്റവും കൂടുതല്‍ ആഗിരണം ചെയ്യുന്നത് മണ്ണാണ്. എന്നാല്‍ കൃഷി ചെയ്യാത്ത ഊഷര ഭൂമി കാര്‍ബണിനെ  അന്തരീക്ഷത്തിലേക്ക് പുറന്തള്ളും. ചൂട് കൂടും. സ്വാഭാവികമായും ആഗോള താപനം എന്ന വിപത്തിലേക്ക് ഇത് നയിക്കും.

ആവാസവ്യവസ്ഥയിലെ ഒരു കണ്ണി മാത്രമായ മനുഷ്യന്‍റെ അനിയന്ത്രിതമായ ഇടപെടലുകള്‍  ലക്ഷോപലക്ഷം വര്‍ഷങ്ങള്‍ കൊണ്ട് രൂപപ്പെട്ടു വന്ന മണ്ണിന്‍റെ ഘടന തന്നെ മാറ്റിമറിച്ചിരിക്കുന്നു. വന നശീകരണം, അശാസ്ത്രീയമായ കൃഷിരീതികള്‍, നഗരവല്കരണം തുടങ്ങിയവ പോഷക സമ്പുഷ്ടമായ മേല്‍മണ്ണ്  ഒലിച്ചു പോകുന്നതിനു കാരണമാകുന്നു. മണ്ണൊലിപ്പ് മണ്ണിന്‍റെ ഫലഭൂയിഷ്ടത  ഇല്ലാതാക്കുന്നു.ജലസംഭരണ ശേഷി കുറയ്ക്കുന്നു. മണ്ണുകള്‍ പലതരമുണ്ടെങ്കിലും എല്ലാത്തരം മണ്ണും അവയുടെ ജൈവസമ്പുഷ്ടി കൊണ്ട് സവിശേഷതയാര്‍ന്നതാണ്. എന്നാല്‍ ഉയര്‍ന്ന വിളവ് ലഭിക്കുന്നതിനായി കൃഷിയിടങ്ങളില്‍ അമിതമായി വളം പ്രയോഗിക്കുകയും മണ്ണിലെ സൂക്ഷമജീവികള്‍ നശിച്ചുപോകുകയും തന്മൂലം ഒന്നോ രണ്ടോ കൃഷിക്ക് ശേഷം കൃഷിഭൂമി ഊഷരമായിത്തീരുകയും ചെയ്യുന്നു. ഇത്തരം തരിശ്ശു  ഭൂമിയില്‍  വികസനത്തിന്‍റെ പേരില്‍  ബഹുനില  കെട്ടിടങ്ങള്‍ ഉയര്‍ന്നു വരുന്നു. മണ്ണ് ജീവനാണ് എന്നതില്‍  നിന്നും മണ്ണ് മറ്റെന്തിനെയും പോലെ വില്‍പനച്ചരക്കാണ്  എന്ന വികല വികസന സങ്കല്‍പത്തിലേക്ക് നാം കൂപ്പുകുത്തുന്നു.മണ്ണ്, ജലം, വായു ഇവയെല്ലാം അങ്ങേയറ്റം മാലിനീകരിക്കപ്പെട്ടു കഴിഞ്ഞു. പ്രകൃതിക്ക് നാം നല്കുന്ന ആഘാതം കാലവസ്ഥാവ്യതിയാനമായും  ആഗോളതാപനമായും വെള്ളപ്പോക്കമായും തിരിച്ചുകിട്ടിക്കൊണ്ടിരിക്കുകയാണ്. ഈയൊരു ഘട്ടത്തിലാണ് മണ്ണിന്‍റെ സംരക്ഷണത്തിനായി "അന്താരാഷ്ട്ര മണ്ണുവര്‍ഷം" ആചരിക്കുവാന്‍ യു.എന്‍. ആഹ്വാനം ചെയ്തിരിക്കുന്നത്.

മനുഷ്യരാശിയുടെ നിലനില്‍പ്പിനു മണ്ണിന്‍റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളെ ബോധവല്‍കരിക്കുക, ഭക്ഷ്യസുരക്ഷ, കാലവസ്ഥാവ്യതിയാനത്തെ അതിജീവിക്കല്‍,ദാരിദ്ര്യ ലഘൂകരണം എന്നിവയില്‍ മണ്ണിന് നല്‍കാന്‍ കഴിയുന്ന സംഭാവനകളെക്കുറിച്ചുള്ള അവബോധം, സുസ്ഥിര മണ്ണുപരിപാലന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കല്‍ തുടങ്ങിയവയാണ് മണ്ണുവര്‍ഷാചരണത്തിലൂടെ യു.എന്‍. ലക്ഷ്യമിടുന്നത്. ഇതു മുന്‍നിറുത്തി ലോകമെമ്പാടുമുള്ള കാര്‍ഷിക, പരിസ്ഥിതി സംഘടനകളുടെ നേതൃത്വത്തില്‍ തദ്ദേശീയമായി പ്രദര്‍ശനങ്ങള്‍, ചര്‍ച്ചകള്‍ എന്നിങ്ങനെ പലതും സംഘടിപ്പിച്ചിട്ടുണ്ട്..  

മനുഷ്യന് ഈ മണ്ണ് വാസയോഗ്യമാവുന്നത് മറ്റു ജീവജാലങ്ങളുടെ സാന്നിദ്ധ്യവും പ്രവര്ത്തനവും കൊണ്ട് കൂടിയാണ്.അതിനു മണ്ണ് ജീവസ്സുറ്റതായേ തീരൂ.കാലടിയിലെ മണ്ണ്  ഒലിച്ചു പോയിട്ട്  എന്ത് വികസനം വരുത്തിയിട്ടും ഫലമില്ല.മണ്ണ് ജീവന്‍ തന്നെയാണെന്ന്  നാമോരോരുത്തരും തിരിച്ചറിയണം. എന്നാല്‍ മാത്രമേ വരുംതലമുറയ്ക്കായി ആരോഗ്യമുള്ള മണ്ണ് നമുക്ക് കരുതി വയ്ക്കാനാവൂ.