പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ടിഎന്‍ ഗോപകുമാര്‍ അന്തരിച്ചു

0

തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫുമായിരുന്ന ടിഎന്‍ ഗോപകുമാര്‍ അന്തരിച്ചു. 58 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെ 3.50നായിരുന്നു അന്ത്യം.

മൃതദേഹം ഏഷ്യാനെറ്റ് ആസ്ഥാനത്തും തിരുവനന്തപുരം പ്രസ്‌ക്ലബിലും പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്‌കാരം വൈകിട്ട് അഞ്ച്​ മണിക്ക്​ തൈക്കാട്​ ശാന്തികവാടത്തില്‍ നടക്കും.

നീലകണ്ഠശര്‍മ്മയുടേയും തങ്കമ്മയുടേയും മകനായി 1957ലാണ് ജനനം. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്, മധുര യുണിവേഴ്‌സിറ്റി എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.

ഇന്ത്യന്‍ എക്​സ്​പ്രസില്‍ പ​ത്ര​പ്രവര്‍ത്തകനായാണ്​ തുടക്കം. പിന്നീട്​ മാതൃഭൂമി,സ്​റ്റേറ്റ്​മാന്‍, ടൈംസ് ഓഫ് ഇന്ത്യ, ബിബിസി, തുടങ്ങിയ സ്ഥാപനങ്ങളില്‍ ​പ്രവര്‍ത്തിച്ചു. ഡല്‍ഹിയില്‍ ‘മാധ്യമ’ത്തി​ന്‍റെ പ്രത്യേക പ്രതിനിധിയായും ​പ്രവര്‍ത്തിച്ചിട്ടുണ്ട്​. ഏഷ്യാനെറ്റ് ന്യൂസി​ന്‍റെ തുടക്കം മുതല്‍ വാര്‍ത്താ വിഭാഗം മേധാവിയായിരുന്നു. ഏറെ ജനശ്രദ്ധ നേടിയ കണ്ണാടി എന്ന പരിപാടിയുടെ അവതാരകനായിരുന്നു. ‘കണ്ണാടി’ക്ക് സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരം, ‘ശുചീന്ദ്രം രേഖകള്‍’ എന്ന ഗ്രന്ഥത്തിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, 2009ലെ സുരേന്ദ്രന്‍ നീലേശ്വരം പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ:ഹെദര്‍. മക്കള്‍: ഗായത്രി, കാവേരി.