ഐഎഫ്എഫ്‌കെ; നീലക്കുയില്‍ മുതല്‍ ബ്യൂ ട്രവെയ്ല്‍ വരെ; അഞ്ചാം ദിനത്തില്‍ 67 ചിത്രങ്ങള്‍

0

കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ അഞ്ചാം ദിവസമായ ഡിസംബര്‍ 17ന് 67 സിനിമകള്‍ പ്രദര്‍ശനത്തിന്. രാജ്യാന്തര മത്സര വിഭാഗത്തില്‍ ഏഴ് ചിത്രങ്ങളും ലോക സിനിമ വിഭാഗത്തില്‍ 23 ചിത്രങ്ങളും ഫെസ്റ്റിവല്‍ ഫേവറിറ്റ്‌സ് വിഭാഗത്തില്‍ 7 ചിത്രങ്ങളും മലയാളം സിനിമ ടുഡേ വിഭാഗത്തില്‍ 4 ചിത്രങ്ങളും അടക്കം സിനിമകളുടെ നീണ്ട നിരതന്നെ നാളെ ചലച്ചിത്ര പ്രേമികള്‍ക്ക് മുന്നിലെത്തും.

ലോകസിനിമാ വിഭാഗത്തില്‍ ‘കോണ്‍ക്ലേവി’ന്റെ ആദ്യ പ്രദര്‍ശനം 17നാണ്. ഏറെ പ്രേക്ഷക പ്രശംസ നേടിയ ‘മെമ്മറീസ് ഓഫ് എ ബേണിംഗ് ബോഡി’,’റിഥം ഓഫ് ദമാം’,’ലിന്‍ഡ’ എന്നീ ചിത്രങ്ങള്‍ അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. ഫെസ്റ്റിവല്‍ ഫേവറിറ്റ്സ് വിഭാഗത്തില്‍ ‘ദ റൂം നെക്സ്റ്റ് ഡോറി’ന്റെ രണ്ടാം പ്രദര്‍ശനം 17നാണ്.

മലയാളം ക്ലാസിക് ചിത്രം ‘നീലക്കുയില്‍’, ഇന്ത്യന്‍ സമാന്തര സിനിമയുടെ അതികായനായ കുമാര്‍ സാഹ്നിയുടെ ‘തരംഗ്’, ഷബാന ആസ്മി കേന്ദ്ര കഥാപാത്രമായി എത്തിയ ഗൗതം ഗോസെ ചിത്രം ‘പാര്‍’, ഐഎഫ്എഫ്കെ ജൂറി അധ്യക്ഷയായ ആഗ്നസ് ഗൊദാര്‍ദ് ഛായാഗ്രഹണം നിര്‍വഹിച്ച ‘ബ്യൂ ട്രവെയ്ല്‍’ തുടങ്ങി 6 ചിത്രങ്ങളുടെ മേളയിലെ ഏകപ്രദര്‍ശനം നാളെയാണ്.

ഒരു നൂറ്റാണ്ട് പിന്നിടുന്ന അര്‍മേനിയന്‍ സിനിമയെ കുറിച്ചുള്ള പാനല്‍ ഡിസ്‌കഷന്‍ വൈകിട്ട് മൂന്നിന് നിള തിയേറ്ററില്‍ നടക്കും. പാത്ത്, ഫെമിനിച്ചി ഫാത്തിമ,കിസ് വാഗണ്‍, മായുന്നു മാറിവരയുന്നു നിശ്വാസങ്ങളില്‍ തുടങ്ങിയവയാണ് പ്രദര്‍ശിപ്പിക്കുന്ന മലയാള ചിത്രങ്ങള്‍.