726 എഐ ക്യാമറകൾ ഇന്നുമുതൽ: ടു വീലറിൽ രണ്ടിലേറെപ്പേരുണ്ടെങ്കിൽ 1000 രൂപ പിഴ

0

തിരുവനന്തപുരം: കുട്ടികൾ ഉൾപ്പെടെ കുടുംബത്തിലെ 3 പേർ ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ചാലും എഐ ക്യാമറയിൽ പതിഞ്ഞാൽ പിഴയുണ്ടാകും. കേരളത്തിലെ വലിയൊരു വിഭാഗം കുടുംബങ്ങളെയും ബാധിക്കുന്ന വ്യവസ്ഥയാണിത്. ഇതുൾപ്പെടെ കർശന വ്യവസ്ഥകളുമായാണ് മോട്ടർ വാഹന വകുപ്പിന്റെ 726 എഐ (നിർമിതബുദ്ധി) ക്യാമറകൾ ഇന്നു പ്രവർത്തനം തുടങ്ങുന്നത്.

കാറിൽ കൈക്കുഞ്ഞുങ്ങളെ പിൻസീറ്റിൽ മുതിർന്നവർക്കൊപ്പമോ ബേബി സീറ്റിലോ ഇരുത്തണം. ഒരു ക്യാമറയിൽ നിയമലംഘനം കണ്ടെത്തുന്ന വാഹനത്തിനും വ്യക്തിക്കും തുടർന്നുള്ള ക്യാമറകളിൽ ഓരോ തവണ പതിയുമ്പോഴും അതേ കുറ്റത്തിനു പിഴ വരും.

അതേസമയം, ദൃശ്യങ്ങളിൽ വ്യക്തമാകുന്ന നിയമലംഘനത്തിനു മാത്രമേ പിഴയുണ്ടാകൂ എന്നും വാഹന രേഖകൾ കൃത്യമാണോ എന്നതുൾപ്പെടെയുള്ള മറ്റു പരിശോധനകൾ കൺട്രോൾ റൂം മുഖേന തൽക്കാലമില്ലെന്നും ഗതാഗത വകുപ്പ് വ്യക്തമാക്കി. ആദ്യ ഘട്ടത്തിൽ ലൈൻ ട്രാഫിക് ലംഘനങ്ങളും പരിശോധിക്കില്ല.

വാഹനമോടിക്കുന്നതിനിടെ ഫോണിൽ സംസാരിക്കുന്നതും പിടികൂടും. കാറിൽ ഹാൻഡ്സ് ഫ്രീ ബ്ലൂടൂത്ത് സൗകര്യമുപയോഗിച്ചു ഫോണിൽ സംസാരിക്കുന്നതും ഒഴിവാക്കണമെന്നാണു നിർദേശമെങ്കിലും തൽക്കാലം ഇതിനു പിഴയില്ല. പിൻസീറ്റ് യാത്രക്കാർക്കും സീറ്റ് ബെൽറ്റ് നിർദേശിച്ചിട്ടുണ്ടെങ്കിലും ഇതു ലംഘിക്കുന്നവർക്കും തൽക്കാലം പിഴ ചുമത്തില്ല.

പരീക്ഷണാടിസ്ഥാനത്തിൽ പരിശോധിച്ചപ്പോൾ തിരുവനന്തപുരം ജില്ലയിൽ ദിവസം അര ലക്ഷത്തോളം നിയമലംഘനങ്ങൾ കണ്ടെത്തി. ഇങ്ങനെ ഓരോ ദിവസവും സംസ്ഥാനത്താകെ ലക്ഷക്കണക്കിനു നിയമലംഘനങ്ങൾ കണ്ടെത്തിയാലും കുറ്റം വ്യക്തമായി സ്ഥാപിക്കാവുന്ന ശരാശരി 30,000 കേസുകളിലേ പിഴ ഉൾപ്പെടെ നടപടികൾക്കു സാധ്യതയുള്ളൂ. ഓരോ ജില്ലയിലും ശരാശരി 2500– 3000 കേസുകൾ.

പിടികൂടുക 7 നിയമലംഘനങ്ങൾ

  • ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ പിഴ: 500 രൂപ ∙
  • സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ: 500 രൂപ ∙
  • ടു വീലറിൽ രണ്ടിലേറെപ്പേരുടെ യാത്ര: 1000 രൂപ ∙
  • ഡ്രൈവിങ്ങിനിടെ ഫോൺ ഉപയോഗം: 2000 രൂപ ∙
  • അനധികൃത പാർക്കിങ്: 250 രൂപ ∙
  • അമിതവേഗം: 1500 രൂപ ∙
  • ജംക്‌ഷനുകളിൽ ചുവപ്പു സിഗ്നൽ ലംഘനം. കോടതിക്കു കൈമാറും. പിഴ അവിടെനിന്ന് .

(ഓരോ തവണ ക്യാമറയിൽ പതിയുമ്പോഴും പിഴ ആവർത്തിക്കും).