ബര്‍ലിന്‍: ജര്‍മനി ഇന്ത്യക്കാർക്ക് അനുവദിക്കുന്ന തൊഴിൽ വിസ 90,000 ആയി വർധിപ്പിക്കും. കഴിഞ്ഞ വർഷം 20,000 ഇന്ത്യക്കാർക്ക് ഉൾപ്പെടെ യൂറോപ്പിനു പുറത്തുള്ളവർക്ക് ആകെ 79,000 തൊഴിൽ വിസ മാത്രം അനുവദിച്ച സ്ഥാനത്താണ് ഈ വർഷം ഇന്ത്യക്കാർക്കുള്ള വിസയിൽ വൻ വർധന വരുത്തുന്നത്.
അതേസമയം, സ്റ്റുഡന്‍റ്, ഫാമിലി തുടങ്ങി വിഭാഗങ്ങിലുള്ള വിസ ക്വോട്ടയില്‍ കാര്യമായ വ്യത്യാസങ്ങൾ ഈ വർഷം ഉണ്ടാകില്ല. വിദേശത്തു താമസിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി ജര്‍മനി തൊഴില്‍ വിസയ്ക്ക് അപേക്ഷിക്കാനുള്ള സൗകര്യവും ഇപ്പോള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇതിനായി ആദ്യം ഏറ്റവുമടുത്തുള്ള ജര്‍മന്‍ കോണ്‍സുലേറ്റുമായോ എംബസിയുമായോ ബന്ധപ്പെട്ട് പ്രാഥമിക അപേക്ഷയും ആവശ്യമായ രേഖകളും നല്‍കണം. ആവശ്യമായ രേഖകള്‍ സജ്ജമാക്കാന്‍ തന്നെ നല്ല സമയം ആവശ്യമാണ്. ഇവയില്‍ പലതും ജര്‍മന്‍ ഭാഷയിലേക്കു പരിഭാഷപ്പെടുത്തുകയും വേണം.
ജര്‍മനിയില്‍ ജോലി ചെയ്യാനോ പഠിക്കാനോ കുടുംബവുമായി ചേരാനോ ആഗ്രഹിക്കുന്നവർക്ക് ഓൺലൈൻ വിസ സേവനം ഉപയോഗപ്പെടുത്താം. 2025 ജനുവരി ഒന്നിന് ഇതു പ്രാബല്യത്തിൽ വന്നു. ലോകമെമ്പാടുമുള്ള ജര്‍മനിയുടെ 167 വിസ ഓഫിസുകളിലും ഇതുവഴി അപേക്ഷ സമർപ്പിക്കാം.
പ്രതിവർഷം നാല് ലക്ഷത്തോളം വിദഗ്ധ തൊഴിലാളികളുടെ കുറവാണ് ജർമനി നേരിടുന്നത്. അതുകൊണ്ടുതന്നെ ദൈർഘ്യമേറിയ വിസ പ്രോസസിങ് പ്രക്രിയ ലളിതമാക്കാനും, ഉദ്യോഗസ്ഥ തലത്തിൽ അനുഭവപ്പെടുന്ന കാലതാമസം പരിഹരിക്കാനും ഓൺലൈൻ സംവിധാനം സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രണ്ട് വര്‍ഷം മുമ്പാണ് ഈ മാറ്റത്തിനായി പരിപാടി ആരംഭിച്ചത്. ഒരു വിസ അപേക്ഷയിലും മൂന്ന് പൈലറ്റ് വിസ വിഭാഗങ്ങളിലും ആയിരുന്നു തുടക്കം. ജർമനി ആകെ അനുവദിക്കുന്ന 28 വിഭാഗത്തിലുള്ള വിസയ്ക്കും ഇപ്പോൾ ഓൺലൈൻ സംവിധാനം ലഭ്യമായി.
രാജ്യത്തെ തന്ത്രപ്രധാന മേഖലകളില്‍ അടക്കം പലയിടത്തും വിദഗ്ധ തൊഴിലാളികളെ കിട്ടാനില്ലാത്തു കാരണം കടുത്ത പ്രതിസന്ധിയാണ് ജർമൻ സമ്പദ് വ്യവസ്ഥ നേരിടുന്നത്. ഇതില്‍ ഗ്രീന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയും നിര്‍മാണ മേഖലയുമെല്ലാം ഉള്‍പ്പെടുന്നു. ഹെല്‍ത്ത്, മുതിര്‍ന്നവര്‍ക്കുള്ള പരിചരണം, വിദ്യാഭ്യാസം, ഗതാഗതം തുടങ്ങിയ മേഖലകള്‍ക്കും ആള്‍ക്ഷാമം പരിഹരിക്കാതെ മുന്നോട്ടു പോകാനാവില്ല.